ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ പോരാട്ടനാളുകളുടെ ഓർമകൾ നിറയുന്ന ഡിസംബറിൽ ഖത്തറിൽ വീണ്ടുമൊരു കാൽപന്തുമേളം. ലോകത്തെ ചാമ്പ്യൻ ക്ലബുകളും ലോകോത്തര താരങ്ങളുമായി കരുത്തരായ നാലു സംഘങ്ങൾ അടുത്ത ഒരാഴ്ചയിൽ ഇനി ദോഹയെ കളിയുടെ പൂരപ്പറമ്പാക്കി മാറ്റും. പ്രഥമ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് മത്സരങ്ങൾക്ക് ലോകകപ്പ് ഫുട്ബാൾ വേദിയായ 974 സ്റ്റേഡിയത്തിൽ ബുധനാഴ്ചയാണ് കിക്കോഫ് കുറിക്കുന്നത്.
അമേരിക്കൻ ഡെർബിയെന്ന് വിളിപ്പേരുള്ള ആദ്യ മത്സരത്തിൽ തെക്കനമേരിക്കൻ ജേതാക്കളായ ബ്രസീൽ ക്ലബ് ബോട്ടഫോഗോയും കോൺകകാഫ് മേഖല ചാമ്പ്യന്മാരായ മെക്സിക്കൻ ക്ലബ് പചൂകയും തമ്മിലാണ് അങ്കം. ഖത്തർ സമയം രാത്രി എട്ടിനാണ് മത്സരം. ഇരു ടീമുകളും കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തി. തങ്ങളുടെ വൻകരയിൽ നിന്നുള്ള ചാമ്പ്യൻഷിപ് കിരീടവുമായി നേരിട്ടാണ് ഇരു ടീമുകളും ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്.
ഇവരുടെ മത്സരത്തിലെ വിജയികൾ ഡിസംബർ14ന് 974 സ്റ്റേഡിയത്തിൽ തന്നെ നടക്കുന്ന ചാലഞ്ചർ കപ്പിൽ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയെ നേരിടും. ഈ മത്സരത്തിലെ വിജയികളാവും ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയം വേദിയാകുന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ റയൽമഡ്രിഡിനെ നേരിടുന്നത്.
പുതുമോടിയോടെ ക്ലബ് പോരാട്ടം
എല്ലാ വർഷങ്ങളിലും നടന്ന ഫിഫ ക്ലബ് ലോകകപ്പ് കൂടുതൽ ടീമുകളുടെ പങ്കാളിത്തത്തോടെ നാലുവർഷത്തിൽ ഒരിക്കൽ എന്ന നിലയിൽ പുനഃസംഘടിപ്പിച്ചതോടെയാണ് ഫിഫ വിവിധ വൻകരകളിലെ മേജർ ലീഗ് ചാമ്പ്യന്മാരെ സംഘടിപ്പിച്ച് ഇന്റർകോണ്ടിനെന്റൽ കപ്പിന് തുടക്കം കുറിച്ചത്. ക്ലബ് ലോകകപ്പ് 2025ൽ 32 ടീമുകളുമായി അമേരിക്കയിൽ അരങ്ങേറും. ഇന്റർകോണ്ടിനെന്റൽ കപ്പിൽ ആറു വൻകര ജേതാക്കളായ ആറ് ടീമുകളാണ് മാറ്റുരക്കുന്നത്.
ഇന്ന് അമേരിക്കൻ ഡെർബി
ബ്രസീലിയൻ ഫുട്ബാളിന്റെ ഈറ്റില്ലമായ റിയോഡി ജനീറോയിൽനിന്ന് 17 മണിക്കൂർ പറന്നാണ് ബോട്ടഫോഗോ ദോഹയിലെത്തിയത്. 120 വർഷം പഴക്കമുള്ള ക്ലബിന് ഇത്തവണ ചരിത്രനേട്ടത്തിന്റെ വർഷമാണ്. ആദ്യമായി കോപ ലിബർറ്റഡോസ് കിരീടമെന്ന സ്വപ്നതുല്യ നേട്ടവുമായി ബ്രസീലിൽനിന്ന് ഫിഫ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തുന്ന ടീമിന് ഇതിഹാസങ്ങളുടെ പാദസ്പർശമേറ്റ ചരിത്രവുമുണ്ട്.
ബ്രസീലിലെ ഏത് ക്ലബിനെയും പോലെ സമ്പന്നമാണ് ബോട്ടയുടെയും ചരിത്രം. പെലെയുടെ സമകാലികരായി ബ്രസീലിനെ ലോകകപ്പ് വിജയങ്ങളിലേക്ക് നയിച്ച ദിദി, ഗരിഞ്ച, സൂപ്പർതാരം ബെബറ്റോ, ജെയർസീന്യോ, കാർലോസ് ആൽബർടോ തുടങ്ങിയ വമ്പൻതാരങ്ങൾ കളിച്ച് തെളിഞ്ഞതാണ് ബോട്ടയുടെ ചരിത്രം. ബ്രസീലിന്റെ പുതുതലമുറയിലെ ലൂയി ഹെൻറിക്, ഇഗോർ ജീസസ്, അർജന്റീനയുടെ തിയാഗോ അൽമഡ എന്നിവരടങ്ങിയ ടീമാണ് ഖത്തറിൽ കളിക്കുന്നത്.
മെക്സിക്കൻ ടോപ് ഡിവിഷനിൽ പലകാലങ്ങളിൽ കിരീടം നേടിയ ഏറെ ആരാധകരുള്ള സംഘമാണ് ഹിഡാൽഗോയിൽ നിന്നുള്ള പചൂക. ആറു തവണ കോൺകകാഫ് ലീഗ് ജേതാക്കളുമായിരുന്നു. മെക്സിക്കൻ ദേശീയ ടീമിലേക്ക് ഒട്ടേറെ സൂപ്പർതാരങ്ങളെ സംഭാവന ചെയ്ത സംഘം മികച്ച താരനിരയുമായാണ് ഇന്റർകോണ്ടിനെന്റൽ കപ്പിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.