വംശീയാധിക്ഷേപം: മാപ്പ് കൊണ്ട് കാര്യമില്ല; അർജന്റീനക്കെതിരെ അന്വേഷണം തുടങ്ങി ഫിഫ

സൂറിച്ച്: കോപ അമേരിക്ക വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷങ്ങളിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ അർജന്റീന താരങ്ങൾ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി ഫിഫ. ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ വിഷയത്തിൽ ശക്തമായി പ്രതികരിക്കുകയും പരാതി നൽകുമെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫിഫയുടെ നടപടി. നേരത്തെ സംഭവത്തിൽ മാപ്പപേക്ഷയുമായി അർജന്റീന താരം എൻസോ ഫെർണാണ്ടസ് രംഗത്തെത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയെ കുറിച്ച് ഫിഫക്ക് ബോധ്യമുണ്ടെന്നും അതിൽ പരിശോധന തുടരുകയാണെന്നും കായിക സംഘടനയുടെ വക്താവ് അറിയിച്ചു. എല്ലാതരത്തിലുള്ള വിവേചനങ്ങളേയും ഫിഫ എതിർക്കുന്നു. കളിക്കാർ, കാണികൾ, ഒഫീഷ്യൽസ് തുടങ്ങി ആരുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ വിവേചനപരമായ നടപടിയുണ്ടാകരുതെന്ന് ഫിഫ വക്താവ് പറഞ്ഞു.

ഫ്രാൻസ് ദേശീയ ടീമിനെയും നായകൻ കിലിയൻ എംബാപ്പയെയും കോപ ചാമ്പ്യൻ സംഘം വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം ഉയർന്നത്. ടീമിന്റെ വിജയാഘോഷത്തിന്റെ വിഡിയോ അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാം ചാനലില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ അവസാന ഭാഗത്താണ് ഫ്രഞ്ച് ടീമിലെ ആഫ്രിക്കന്‍ വംശജരായ കളിക്കാർക്കെതിരെ വംശീയവും വിവേചനപരവുമായി പരാമര്‍ശങ്ങളുള്ളത്.

‘‘അവർ ഫ്രാൻസിനായി കളിക്കുന്നു. എന്നാൽ, അവരുടെ മാതാപിതാക്കൾ അംഗോളയിൽ നിന്നുള്ളവരാണ്. അവരുടെ അമ്മ കാമറൂണിൽനിന്നും പിതാവ് നൈജീരിയയിൽനിന്നുമാണ്. പക്ഷേ, അവരുടെ പാസ്പോർട്ട് അവർ ഫ്രഞ്ചുകാരാണെന്ന് പറയുന്നു...’’ എന്നിങ്ങനെയായിരുന്നു അർജന്റീന താരങ്ങളുടെ വംശീയ അധിക്ഷേപം. ഇതുമായി ബന്ധപ്പെട്ട വിഡിയോ പുറത്തു വന്നതോടെ അർജന്റീനക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - FIFA investigates Argentina for Copa celebration chant after racism allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.