ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്‍റീനക്ക് പിന്നാലെ കരുത്തരായ ബ്രസീലിനും ഞെട്ടിക്കുന്ന തോൽവി. വിങ്ങർ ലൂയിസ് ഡയസിന്‍റെ ഇരട്ടഗോളിൽ കൊളംബിയ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കാനറിപ്പടയെ തകർത്തത്.
തോൽവിയോടെ ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. അഞ്ചു മത്സരങ്ങളിൽനിന്ന് ഏഴു പോയന്‍റ്. തുടർച്ചയായ രണ്ടാം തോൽവിയാണിത്. അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് യുറുഗ്വായിയോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിന്‍റെ നാലാം മിനിറ്റിൽതന്നെ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ലീഡെടുത്തിട്ടും ബ്രസീൽ അവസാന മിനിറ്റുകളിൽ രണ്ടു ഗോൾ വഴങ്ങി ജയം കൈവിടുകയായിരുന്നു.
75, 79 മിനിറ്റുകളിലായിരുന്നു ലൂയിസ് ഡയസിന്‍റെ ഗോളുകൾ. ബ്രസീലിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. രണ്ടാം മിനിറ്റിൽ തന്നെ വലതുപാർശ്വത്തിൽനിന്ന് റാഫിഞ്ഞ മനോഹരമായി ബോക്സിനുള്ളിലേക്ക് ഫ്ലിക്ക് ചെയ്ത് നൽകിയ പന്ത് വിനീഷ്യസ് ജൂനിയർ ഹെഡ് ചെയ്തെങ്കിലും ക്രോസ്ബാറിനു മുകളിലൂടെ പുറത്തേക്ക് പോയി. പിന്നാലെ നാലാം മിനിറ്റിൽ ബ്രസീൽ ലീഡെടുത്തു. ബോക്സിനുള്ളിലേക്ക് കുതിച്ചുകയറി വിനീഷ്യസ് നൽകിയ പാസ്സ് മാർട്ടിനെല്ലി മനോഹരമായി വലയിലാക്കി. 2016 സെപ്റ്റംബറിൽ കൊളംബിയക്കെതിരെ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒരു മിനിറ്റ് 21 സെക്കൻഡിൽ നെയ്മർ നേടിയ ഗോളിനുശേഷം ബ്രസീൽ നേടുന്ന അതിവേഗ ഗോളാണിത്. മൂന്നു മിനിറ്റ് ഒമ്പത് സെക്കൻഡിലാണ് മാർട്ടിനെല്ലി ഗോൾ നേടിയത്.
എന്നാൽ, 27ാം മിനിറ്റിൽ ബ്രസീലിന് അപ്രതീക്ഷിത തിരിച്ചടി കിട്ടി. മസിലിനേറ്റ പരിക്കിനെ തുടർന്ന് സൂപ്പർതാരം വിനീഷ്യസ് കളംവിട്ടു. പകരം ജാവോ പെഡ്രോ കളത്തിലെത്തി. ഇതിനിടെ ഡയസ് ബ്രസീൽ ഗോൾമുഖത്ത് പലപ്പോഴും വെല്ലുവിളി സൃഷ്ടിച്ചു. 54ാം മിനിറ്റിൽ ബ്രസീൽ ഏറെക്കുറെ മത്സരത്തിൽ ലീഡെടുത്തെന്ന് തോന്നിപ്പിച്ച റാഫിഞ്ഞയുടെ ഗോൾ നീക്കം കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസ് കൃത്യമായി ഇടപെട്ട് തടഞ്ഞു. ഇരുടീമും ഇതിനിടെ താരങ്ങളെ മാറ്റി പരീക്ഷിച്ചു.
ഒടുവിൽ 75ാം മിനിറ്റിൽ കൊളംബിയ ഡയസിന്‍റെ ഗോളിലൂടെ ഒപ്പമെത്തി. ഇടതുപാർശ്വത്തിൽനിന്ന് യാസർ അസ്പ്രില്ല നൽകിയ ക്രോസ് ഹെഡറിലൂടെ ഡയസ് വലയിലാക്കി. ഗോൾ വീണത്തിന്‍റെ ആഘാതം മാറുംമുമ്പേ 79ാം മിനിറ്റിൽ ജെയിംസ് റോഡ്രിഗസിന്‍റെ അസിസ്റ്റിലൂടെ ലിവർപൂൾ താരം ഡയസ് വീണ്ടും വലകുലുക്കി. ഗാലറിയിൽ ആവേശത്തിരയിളക്കം. സമനില ഗോളിനായി സന്ദർശകർ അവസാന മിനിറ്റുകളിൽ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലും അർജന്‍റീനയും ഒരു ദിവസം തോൽവി ഏറ്റുവാങ്ങുന്നത് 2015നുശേഷം ആദ്യവും ചരിത്രത്തിൽ രണ്ടാം തവണയുമാണ്. ഈമാസം 22ന് അർജന്‍റീനക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം. നിലവിൽ അഞ്ചു മത്സരങ്ങളിൽനിന്ന് നാലു ജയവും ഒരു തോൽവിയുമായി 12 പോയന്‍റാണ് അർജന്‍റീനക്ക്. ജയത്തോടെ യുറുഗ്വായ് രണ്ടാം സ്ഥാനത്തേക്ക് കയറി.
അഞ്ചു മത്സരങ്ങളിൽനിന്ന് 10 പോയന്‍റ്. ഒമ്പതു പോയന്‍റുമായി കൊളംബിയയും എട്ടു പോയന്‍റുമായി വെനസ്വേലയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.