1960കളിൽ ഇന്ത്യൻ ഫുട്ബാളിലെ പകരക്കാരനില്ലാത്ത സാന്നിധ്യമായിരുന്ന പരിമാൾ ഡേ വിടവാങ്ങി. രോഗബാധയെ തുടർന്ന് ഏറെയായി ചികിത്സയിലുള്ള താരത്തിന് 81 വയസ്സായിരുന്നു. അഞ്ചു തവണ ഇന്ത്യൻ ജഴ്സിയണിഞ്ഞ താരം 1966ൽ ക്വാലാലംപൂരിൽ നടന്ന മെർദെക്ക കപ്പിൽ ദക്ഷിണ കൊറിയക്കെതിരെ നേടിയ ഗോളിൽ ഇന്ത്യ മൂന്നാം സ്ഥാനക്കാരായിരുന്നു.
ക്ലബ് തലത്തിൽ ഈസ്റ്റ് ബംഗാളിനു വേണ്ടി 84 ഗോളുകൾ നേടിയിട്ടുണ്ട്. 1966, 1970, 1973 വർഷങ്ങളിൽ താരത്തിനൊപ്പം ഈസ്റ്റ് ബംഗാൾ കൽക്കത്ത ഫുട്ബാൾ ലീഗും ഐ.എഫ്.എ ഷീൽഡും സ്വന്തമാക്കി. 1970ലെ ഐ.എഫ്.എ ഷീൽഡിൽ ഇറാൻ ക്ലബായ പി.എ.എസിനെതിരെ കുറിച്ച ഗോൾ ഇന്നും റെക്കോഡ് പുസ്തകത്തിലുണ്ട്. പകരക്കാരനായിറങ്ങി നേടിയ അതിവേഗ ഗോളിനാണ് റെക്കോഡ്. രണ്ടുവട്ടം ഡ്യുറാൻഡ് കപ്പും മൂന്നു തവണ റോവേഴ്സ് കപ്പും താരം നേടി.
സന്തോഷ് ട്രോഫിയിൽ പരിമൾ ഡേക്കൊപ്പം ബംഗാൾ 1962,1968 വർഷങ്ങളിൽ ജേതാക്കളായി. പിന്നീട് മോഹൻ ബഗാനിൽ കളിച്ച താരം റോവേഴ്സ് കപ്പ് നേടാൻ ടീമിനെ സഹായിച്ചു.
ജംഗ്ല ദാ എന്നു വിളിക്കപ്പെട്ട താരത്തിന്റെ വിയോഗം ഇന്ത്യൻ ഫുട്ബാളിന് കനത്ത നഷ്ടമാണെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.