പാരിസ്: ലോകം കാത്തിരുന്ന ആവേശപ്പോരാട്ടങ്ങളിൽ വൻ മാർജിനിൽ ജയം പിടിച്ച് ഫ്രാൻസ്, ഇറ്റലി ടീമുകൾ. ജർമനിയെ തുർക്കി സമനിലയിൽ പിടിച്ചപ്പോൾ നെതർലൻഡ്സിനെ മെക്സിക്കോ വീഴ്ത്തി. 2-1ന് സ്വിറ്റ്സർലൻഡിനെ ക്രൊയേഷ്യയും ഗ്രീസിനെ ആസ്ട്രിയയും വീഴ്ത്തി.
ദേശീയ ജഴ്സിയിൽ 100ാം അങ്കം കുറിച്ച ഒലിവർ ജിറൂദിെൻറ ഇരട്ട ഗോളുകളുടെ കരുത്തിൽ ഫ്രാൻസ് 7-1ന് യുക്രെയ്നെ മുക്കി. ഒമ്പതാം മിനിറ്റിൽ എഡ്വോർഡോ കമാവിംഗയുടെ ഗോളിൽ തുടങ്ങിയ ഫ്രാൻസ് ആദ്യ പകുതിയിൽ നാലെണ്ണം എതിർവലയിൽ നിക്ഷേപിച്ചു. ഗ്രീസ്മാൻ, എംബാപ്പെ, ടോളിസോ എന്നിവരും വല കുലുക്കി. അവശേഷിച്ച ഒരു ഗോൾ യുക്രെയ്ൻ താരം മികോലെങ്കോയുടെ വക സെൽഫ് ഗോളായും പിറന്നു.
ദുർബലരായ മോൾഡോവയെ േഫ്ലാറൻസിലെ അർട്ടേമിയോ മൈതാനത്ത് ഇറ്റലി കുരുതി കഴിച്ചത് 6-0ന്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ മത്സരത്തിൽ അരങ്ങേറ്റക്കാരനായ കാപുറ്റോയും സ്കോർ ചെയ്തു. രണ്ടുവട്ടം വല ചലിപ്പിച്ച് ഷാറാവിയും ക്രിസ്റ്റെൻറ, ബിറാർഡി എന്നിവരും ഇറ്റലിക്കായി ഗോൾ നേടി. ഒരു ഗോൾ മോൾഡോവ പോസ്മാകിെൻറ വകയായിരുന്നു. ഇതോടെ ഇറ്റലിയുടെ തോൽവിയറിയാത്ത കുതിപ്പ് 17 മത്സരങ്ങളായി.
തുല്യ ശക്തികളുടെ പോരാട്ടം കണ്ട മെക്സിക്കോ- നെതർലൻഡ്സ് കളിയിൽ പെനാൽറ്റി ഗോളാക്കി മാറ്റി അമേരിക്കൻ ടീം വിജയവുമായി മടങ്ങി. കളി യൊഹാൻ ക്രൈഫ് അറീനയിലായിട്ടും മെക്സിക്കോയുടെ റൗൾ ജിമെനസും ജീസസ് കൊറോണയും നയിച്ച ആക്രമണങ്ങൾക്ക് മുന്നിൽ ഡച്ച് പട പതറി.
അതേസമയം, 2020ലെ ആദ്യ ജയം തേടി താരതമ്യേന ദുർബലരായ തുർക്കിക്കെതിരെ ഇറങ്ങിയ ജർമനി 3-3ന് സമനിലയിൽ കുരുങ്ങി. ഇഞ്ചുറി സമയത്ത് കെനൻ കാറമൻ നേടിയ ഗോളാണ് തുർക്കിക്ക് സമനിലയൊരുക്കിയത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഡ്രാക്സ്ലറിലൂടെ ആദ്യ ഗോൾ കുറിച്ച ജർമനി മൂന്നുവട്ടം ലീഡ് പിടിച്ചെങ്കിലും എതിരാളികളെ ഒപ്പത്തിനൊപ്പം പിടിച്ച് തുർക്കി തിരിച്ചടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.