രു രാജ്യത്തിന്റെ പേരാണ്, ആ മാതാവ് അവരുടെ രണ്ടാമത്തെ മകന് നൽകിയത്. അവൻ വളർന്ന് വലിയവനായപ്പോൾ സ്വന്തം രാജ്യത്തിന്റെ ‘ചക്രവർത്തി’യുമായിത്തീർന്നു. നിരവധി കൈസർമാരെ (ചക്രവർത്തിമാർ) കണ്ട രാജ്യമാണ് ജർമനി. കാളും ഓട്ടോയും ഫ്രീഡ്‌റിഷും വിൽഹമും ഒക്കെ ജനസേവകരായ ചക്രവർത്തിമാർ എന്ന നിലയിൽ ജർമൻ ജനഹൃദയങ്ങളിൽ ഇടം കണ്ടെത്തിയിരുന്നവരാണെങ്കിൽ കിരീടവും ചെങ്കോലും സിംഹാസനവും ഒന്നുമില്ലാതെ കളിക്കളത്തിൽനിന്ന് നേരേ നടന്ന് വന്ന് ചക്രവർത്തിയായിത്തീർന്നവനാണ് ഫ്രാൻസ് ബക്കൻബവർ. ജനഹൃദയങ്ങളിൽ മറ്റൊരു കൈസർക്കും കണ്ടെത്താനാകാത്ത സ്ഥാനം, ആദരവ്, അംഗീകാരം, ബഹുമാനം എന്നിവയെല്ലാം ഈ കാൽപന്തു കളിക്കാരന് ലഭിക്കുകയും ചെയ്‌തു.

കഴിഞ്ഞ സഹസ്രാബ്ദത്തിൽ ജർമൻ ജീവിതത്തിന്റെ വിവിധ തുറകളിലെ പ്രതിഭാസമ്പന്നന്മാരെ കണ്ടെത്താൻ ദേശവ്യാപകമായി സാമൂഹ്യശാസ്ത്രസമിതി നടത്തിയ അഭിപ്രായ സർവേയിൽ സംഗീതജ്ഞൻ സെബാസ്റ്റ്യൻ ബാഹിനും ബീഥോവനും കാറൽ മാർക്സിനും ഒപ്പം ജർമൻകാർ നിർദേശിച്ചത് അവരുടെ ഫുട്‌ബാൾ ഇതിഹാസം ഫ്രാൻസ് ബക്കൻബവറുടെ പേരായിരുന്നു.

ബവേറിയ സംസ്ഥാനത്തിൽ തലസ്ഥാന നഗരമായ മ്യൂണിക്കിന്റെ സമീപ പ്രദേശമായ ‘ഗീസിംഗിൽ’ ഒരു തപാൽ ജീവനക്കാരനായ- അന്റോൺ ബക്കൻബവറുടെ രണ്ടാമത്തെ മകനായി 1945 സെപ്തംബർ 11ന് ജനനം. പന്തുകളിക്കാരനായിട്ട് തന്നെ തന്റെ ജനനം എന്ന് വ്യക്തമാക്കും വിധമുള്ള ബാല്യകാല അനുഭവങ്ങളായിരുന്നു അദ്ദേഹം പിച്ചവച്ച് നടക്കാൻ തുടങ്ങിയ നാളുകളിൽ മാതാവ് അന്റോണിയക്ക് പറയാനുണ്ടായിരുന്നത്. ‘അവൻ നടക്കാൻ തുടങ്ങിയതു മുതൽ എന്റെ അടുക്കളയിൽ കാബേജ് പോലെ ഉരുണ്ടതായ ഒരു വസ്‌തുക്കളും സുരക്ഷിതമായിരുന്നില്ല. ഒക്കെ അവൻ ഫുസ്ബാളാക്കുമായിരുന്നു (ജർമൻ ഭാഷയിൽ ഫുസ്- ഫുട്ട് -കാൽ..അതുകൊണ്ടാണവർക്ക് കാൽപന്തുകളി ഫുസ്ബോൾ ആകുന്നത്.) അവന്റെ പുറകേ ഓടുകയേ എനിക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ’.

ബാല്യം മുഴുവൻ, കളിക്കളത്തിൽ തളച്ചിട്ടിരുന്ന ഫ്രാൻസിനെയും ചേട്ടൻ വാൾട്ടറെയും തേടി അമ്മ അന്റോണിയോ രാപ്പകൽ ഓടി നടന്നിരുന്നു. ഒടുവിൽ രണ്ടാമന്റെ ആഗ്രഹം അംഗീകരിച്ച് അവർ മനോഹരമായ ഒരു തുകൽ പന്ത് വാങ്ങിക്കൊടുത്ത്, കളിക്കളത്തിൽത്തന്നെ തുടരുവാനുള്ള അനുമതി നൽകി. ബാല്യവും കൗമാരവും കാൽപ്പന്തുകളിക്കായി മാത്രം ഉഴിഞ്ഞുവച്ച ബക്കൻബവറിലെ കളിക്കാരനെ കണ്ടെത്തിയ പ്രൈമറി അധ്യാപകൻ തിയോയുടെ നിർദേശമനുസരിച്ച് ചെറുപ്രായത്തിൽത്തന്നെ വിഖ്യാതമായ എഫ്.സി ബയറൺ മ്യൂണിക്കിൽ കളി പഠിക്കുവാനവസരം ലഭിച്ചു. 16 വയസ്സു മുതൽ ഫ്രാൻസ് ബക്കൻബവർ, ബയറൺ മ്യൂണിക്കിന്റെ പ്രൊഫഷനൽ ടീമിൽ അംഗമായി. 22-ാം വയസ്സിൽ ജർമനിയെ യൂറോപ്യൻ ചാമ്പ്യന്മാരാക്കിക്കൊണ്ടായിരുന്നു ബക്കൻബവർ സാർവദേശീയ ഫുട്‌ബാളിൽ ജൈത്രയാത്ര തുടങ്ങിയത്. അന്നുമുതൽ കായിക ലോകത്തിന്റെ കണ്ണുകൾ എപ്പോഴും പുഞ്ചിരിക്കുന്ന, നീണ്ടുമെലിഞ്ഞ ആ യുവാവിലേക്കായി. തുടർന്ന് ബക്കൻബവറുടെ വിജയഗാഥകൾ വാഴ്ത്താനേ ലോകമാധ്യമങ്ങൾക്ക് നേരമുണ്ടായിരുന്നുള്ളൂ.

1974-ൽ ജർമനി ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയരായപ്പോൾ ടീമിനെ നയിക്കാൻ മറ്റൊരാളെ അവർക്ക് അന്വേഷിക്കേണ്ടി വന്നില്ല. ബക്കൻ ബവറുടെ പേര് നിർദേശിച്ചതാകട്ടെ അതുവരെ ദേശീയ നായകനായിരുന്ന മറ്റൊരു ഫുട്ബാൾ ഇതിഹാസം ഊവ് സീലർ.

ബക്കൻബവറുടെ ജീവിതത്തിന്റെ വഴിത്തിരിവായി 1974-ലെ ലോകകപ്പുമത്സരങ്ങൾ. അങ്ങേയറ്റത്തെ മാനസിക സമ്മർദങ്ങളായിരുന്നു ആദ്യാവസാനം അദ്ദേഹത്തിന്. നിയന്ത്രണം പൂർണമായി കൈവിട്ടു പോകുംവരെ ചെന്നെത്തി. പ്രാഥമിക റൗണ്ടിലേറ്റ അപ്രതീക്ഷിതമായ ഒരു പരാജയം തന്നെയായിരുന്നതിന് കാരണം. പിന്നീട് ലോകചാമ്പ്യന്മാരായിത്തീർന്ന പ്രബലരായ ജർമനിയെ കാൽപന്തുകളിയിൽ ജർമനിയുമായി തുലനം ചെയ്യുമ്പോൾ ഒന്നുമല്ലാതിരുന്ന, ജർമനിയുടെ തന്നെ ഭാഗ മായിരുന്ന, രണ്ടാം ലോകമഹായുദ്ധത്തോടെ വിഭജിക്കപ്പെട്ട് പുതിയ രാജ്യമായിത്തീർന്ന ജി.ഡി.ആർ (ഡോയ്ച്ച ഡമോക്രാറ്റിക് റിപ്പബ്ലിക്) എന്ന ഈസ്റ്റ് ജർമനി നിഷ്പ്രഭരാക്കിക്കളഞ്ഞു.

യൂർഗൻ സ്‌പാർവാസർ എന്ന അമച്വർ താരത്തിന്റെ കാലിൽ നിന്നു പിറന്ന നൂറ്റാണ്ടിലെ വിസ്മയ ഗോളിലൂടെയെത്തിയ തോൽവി ജർമനിക്ക് താങ്ങാവുന്നതിലുമപ്പുറമായി. രാഷ്ട്രീയമായി ഏറെ ഒച്ചപ്പാടുകളുണ്ടാക്കി ദാരുണമായ ഈ കീഴടങ്ങൽ. മത്സരാനന്തരം കൈസർ പൊട്ടിക്കരഞ്ഞുകൊണ്ട് നായകന്റെ ‘ആം ബാൻഡ്’ അഴിച്ച് അന്നത്തെ പരിശീലകൻ ഹെൽമുട്ട് ഷോണിന്റെ കൈകളിൽ ഏൽപിച്ചു. എന്നാൽ, ഈ വാർത്തയറിഞ്ഞ ജർമൻ ജനത ഒന്നടങ്കം നായകനൊപ്പം നിലനിൽക്കുകയും ഒരു കാരണവശാലും ബക്കൻബവറെ ജർമൻ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റരുതെന്നാവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന് മത്സരരംഗത്ത് കണ്ടത് മറ്റൊരു ജർമൻ ടീമിനെയായിരുന്നു. ഒടുവിൽ ‘ചക്രവർത്തിയുടെ’ നായകത്വത്തിൽ തന്നെയായി ജർമനിയുടെ പടയോട്ടം. രണ്ടാം റൗണ്ടിൽ യോഹാൻ ക്രോയ്ഫിന്റെ നെതർലൻഡ്സ് (ഹോളണ്ട്) ടീമിന്റെ ടോട്ടൽ ഫുട്ബാളിനെ നേരിട്ട ബക്കൻബവറുടെ ജർമനി ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയവുമായി രണ്ടാം തവണ ജേതാക്കളായി.

എന്നാൽ, ബക്കൻബവർ എന്ന ‘സ്റ്റോപ്പർ ബാക്ക്’ ലോകഫുട്ബാൾ പ്രേമികളുടെ മനസ്സിൽ സ്ഥിരമായി നിൽക്കുന്നത് ഇടതു തോളെല്ലിനേറ്റ അത്യന്തം ഗുരുതരമായ പരുക്ക് കണക്കിലെടുക്കാതെ, ഒരു ബാൻഡേജുമായി 1966ലെ ലോകകപ്പ് കലാശക്കളിയിൽ വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ നേരിട്ട രംഗമായിരുന്നു.

ഒരു ടോട്ടൽ ഫുട്‌ബോളറായിരുന്നു കൈസർ. ഹെൽമുട്ട്ഷോൺ എന്ന കാർക്കശ്യക്കാരനായ പരിശീലകൻ ഫ്രാൻസിന് നൽകിയിരുന്ന ഉത്തരവാദിത്വമായിരുന്നു സ്റ്റോപ്പർബാക്ക് പൊസിഷൻ. ഗോൾകീപ്പർക്ക് പിന്തുണ നൽകി മുന്നിൽ നിൽക്കുന്ന കടുകട്ടിയായ സ്റ്റോപ്പർ ബാക്ക്. എന്നാൽ, ഗോളടിക്കാനെത്തുന്ന എതിർ ടീമിലെ മുന്നേറ്റക്കാരിൽ നിന്ന് പിടിച്ചെടുക്കുന്ന പന്തുമായി ഫ്രാൻസ് നടത്തുന്ന മുന്നേറ്റങ്ങൾ എക്കാലത്തും ആസ്വാദ്യകരമായ രംഗങ്ങളായിരുന്നു. ഇത്രയും ചന്തമുള്ള മുന്നേറ്റങ്ങൾ ഇന്ന് അത്യപൂർവങ്ങളാണ്. ഈ കടന്നുകയറ്റം, അതുപടി മനസ്സിലാക്കി ഒപ്പമെത്തുന്ന സഹ ഫോർവേർഡുകൾക്ക് പ്രത്യേകിച്ചു ഗേർഡ് മ്യൂളർക്ക് ഫ്രാൻസ് നൽകുന്ന പാസുകൾ അക്കാലത്തെ ഗോൾകീപ്പർമാർക്ക് ഇന്നും നടുങ്ങുന്ന ഓർമകളാണ്.

ഈ പാസുകൾ പോലെ എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന എത്രയെത്ര ഗോളുകളാണ് കൈസർ ജർമനിക്കും തന്റെ ക്ലബുകൾക്കും വേണ്ടി അടിച്ചു കൂട്ടിയിരിക്കുന്നത്. പങ്കെടുത്ത മൂന്നു ലോകകപ്പ് ടൂർണമെന്റുകളിലും കൈസറുടെ കാൽക്കരുത്ത് അന്നത്തെ ഗോളികളറിഞ്ഞിരുന്നു. കളിക്കാനവസരം ലഭിച്ച 18 ലോകകപ്പുമത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകൾ ഈ സൂപ്പർ സ്റ്റോപ്പർ അടിച്ചുകൂട്ടി. സാർവ ദേശീയ മത്സരങ്ങളിൽനിന്ന് നേടിയതാകട്ടെ എണ്ണം പറഞ്ഞ 14 ഗോളുകളും. ഒരു ഡിഫൻഡറുടെ സംഭാവനയാണ് ഇതെന്നുകൂടി ഇതോടൊപ്പം ചേർത്തുവായിക്കണം.

പരിശീലകനുള്ള ബിരുദമോ ലൈസൻസോ കൂടാതെയാണ് ജർമൻ അധികൃതരും ജർമൻ കായിക പ്രേമികളും അവരുടെ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം അവരുടെ എല്ലാമായ കൈസറെ ഏൽപിക്കാൻ ധൈര്യം കാണിച്ചത്. വിഖ്യാതരായ പരിശീലകരുടെ പാത പിൻതുടർന്ന് ആ സ്ഥാനത്തെത്തിയ ഈ ‘അമച്വർ’ എന്തായാലും അവരെ നിരാശപ്പെടുത്തിയില്ല. വിശ്വാസത്തിനുള്ള പ്രതിഫലം പലിശയടക്കം അദ്ദേഹം തിരിച്ചു നൽകി. 1986ൽ കൈസറുടെ ജർമൻടീം ലോക രണ്ടാംസ്ഥാനക്കാരായപ്പോൾ 1990ൽ ഇറ്റലിയിൽ ലോകകപ്പ് കൈയിലേന്തിയാണ് അദ്ദേഹം ഫ്രാങ്ക്ഫുർട്ടിൽ വിമാനമിറങ്ങിയത്. അങ്ങനെ ബ്രസീലുകാരൻ മാരിയോ സഗാലോയ്ക്ക് ശേഷം ലോകകപ്പ് നേടിയ കളിക്കാരനും പരിശീലകനും എന്ന അത്യപൂർവ ബഹുമതിയും ഫുട്‌ബാൾ ചക്ര വർത്തിയുടേതായി.

Tags:    
News Summary - Franz Beckenbauer Memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 03:21 GMT