ഹംഗറിയെ വീഴ്ത്തി ജർമൻ പടയോട്ടം; പ്രീക്വാർട്ടറിനരികെ ആതിഥേയർ

സ്റ്റുട്ട്ഗാർട്ട്: യൂറോകപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി ആതിഥേയർ. ഹംഗറിയെ എതിരില്ലാത്ത രണ്ടുഗോളിനാണ് ജർമനി കീഴടക്കിയത്. ജമാൽ മൂസിയാല, ഇൽകായ് ഗുണ്ടോഗൻ എന്നിവരാണ് ഗോൾ കണ്ടെത്തിയത്.   ആദ്യ മത്സരത്തിൽ സ്കോട്ട്ലാൻഡിനെതിരെ ഗോൾമഴ വർഷിച്ച ജർമനിക്ക് കാര്യങ്ങൾ അത്ര അനായാസമല്ലായിരുന്നു. ഹംഗറിയുടെ കനത്ത വെല്ലുവിളികളെ മറികടന്നാണ് ജയം പിടിച്ചെടുത്തത്. 


തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തിയ യുവ സ്ട്രൈക്കർ ജമാൽ മൂസിയാലായാണ് ജർമനിയെ ആദ്യം മുന്നിലെത്തിക്കുന്നത്. 22ാം മിനിറ്റിലാണ് ജമാൽ മൂസിയാലയുടെ ഗോളെത്തുന്നത്. പെനാൽറ്റി ബോക്സിന് മുന്നിൽ നിന്ന് മൂസിയാലയുടെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത്, ഗോൾ ലൈനിനികിലെ കൂട്ട പൊരിച്ചിലിനൊടുവിൽ നായകൻ ഇൽക്കായി ഗുണ്ടോഗൻ പിടിച്ചെടുക്കുകയായിരുന്നു. ഹംഗറിയുടെ ഗോൾ കീപ്പറുടെ കൈകൾക്കരികിൽ നിന്ന് കൊത്തിപറിച്ച് നൽകിയ പാസ് ജമാൽ മൂസിയാലക്ക് പോസ്റ്റിലേക്ക് തൊടുക്കുകയേ വേണ്ടിവന്നുള്ളൂ. 


പന്തിന്മേലുള്ള നിയന്ത്രണം ജർമനിക്കായിരുന്നെങ്കിലും ആദ്യ പകുതിയിൽ ഹംഗറി നടത്തിയ കൗണ്ടർ അറ്റാക്കുകൾ ജർമൻ ഗോൾമുഖം നിരവധി തവണ വിറപ്പിച്ചു. ഹംഗറീയൻ സ്ട്രൈക്കർ ഡൊമനിക് സോബോസ്ലൈയുടെ എണ്ണം പറഞ്ഞ രണ്ടു ഫ്രീകിക്കുകളാണ് ജർമനിയെ വിറപ്പിച്ചത്. ആദ്യത്തേത് മാനുവൽ ന്യൂയർ തട്ടയകറ്റിയെങ്കിൽ രണ്ടാമത്തെത് റോളണ്ട് സലായ് വലയിലാക്കിയിരുന്നു. എന്നാൽ ഓഫ് സൈഡ് വിളിച്ചതോടെ ജർമനി രക്ഷപ്പെട്ടു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഹംഗറിയുടെ അപ്രതീക്ഷിത ആക്രമണം.  


രണ്ടാം പകുതിയിൽ ജർമനി ആക്രമണം കനപ്പിച്ചതോടെ ഹംഗറി പ്രതിരോധത്തിലേക്ക് നീങ്ങി. 67ാം മിനിറ്റിൽ ഗുണ്ടോഗൻ ജർമനിയുടെ ലീഡ് ഇരട്ടിയാക്കി. ഇടതുവിങ്ങിൽ നിന്നും മൂസിയാലയുടെ പാസ് സ്വീകരിച്ച മിറ്റൽസ്റ്റാഡ് ബോക്സിനകത്തേക്ക് ഗുണ്ടോഗന് കൈമാറി. പിഴവുകളില്ലാതെ നായകൻ അത് വലയിലെത്തിച്ചു. ജർമനിയുടെ ഫിനിഷിങ്ങിലെ പോരായ്മകളേറെ കണ്ടത് രണ്ടാം പകുതിയുടെ അവസാനമാണ്. ഗോളെന്നുറച്ച നിരവധി നീക്കങ്ങൾ പാഴാക്കിയിരുന്നില്ലേൽ ഒരു ഡസൺ ഗോളുകളെങ്കിലും നേടാമായിരുന്നു.  

രണ്ടിൽ രണ്ടും ജയിച്ച ജർമനി പ്രീ ക്വാർട്ടർ പ്രവേശനം ഏറെ കുറേ ഉറപ്പിച്ചു. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ സ്കോട്ട്ലാൻഡ് പരാജയപ്പെടുകയോ സമനില ആകുകയോ ചെയ്താൽ മൂന്നാമത്തെ മത്സരത്തിന് കാത്തുനിൽകാതെ ജർമനിക്ക് പ്രീക്വാർട്ടറിലെത്താം.

Tags:    
News Summary - Germany defeated Hungary by two goals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.