മാഞ്ചസ്റ്റർ സിറ്റി സെൻസേഷൻ എർലിങ് ഹാലണ്ട് ഗോൾവേട്ട തുടരുന്നു. ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ ഇരട്ട ഗോൾ മികവിൽ ഡെൻമാർക്കിൽനിന്നുള്ള കോപ്പൻഹേഗനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് സിറ്റി മുക്കിയത്. ഏഴ്, 32 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകൾ. ഇതോടെ ചാമ്പ്യൻസ് ലീഗിൽ 22 മത്സരങ്ങളിൽനിന്ന് 28 ഗോളുകൾ നേടി പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ് താരം. 1.27 ആണ് ഒരു മത്സരത്തിലെ ശരാശരി ഗോൾ. ചാമ്പ്യൻസ് ലീഗിൽ അദ്ദേഹത്തേക്കാൾ കുറഞ്ഞ ഗോൾ നേടിയ 98 ടീമുകളുണ്ട്.
ആഴ്‌സണലിനായി മറൗനെ ചമാഖിനും സിറ്റിക്കായി ഫെറാൻ ടോറസിനും ശേഷം, ഒരു ഇംഗ്ലീഷ് ക്ലബിനായി ആദ്യ മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഗോൾ നേടുന്ന മൂന്നാമത്തെ കളിക്കാരൻ കൂടിയായി ഹാലണ്ട്. ഈ വർഷം ജൂണിൽ 51.5 മില്യൺ പൗണ്ടിനാണ് ബൊറൂസിയ ഡോട്ട്മുണ്ടിൽനിന്ന് മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റ നിരയിലെത്തിയത്. ഇതുവരെ 11 മത്സരങ്ങളിൽ 19 ഗോളുകൾ നോർവെ സ്ട്രൈക്കർ സിറ്റിക്കായി അടിച്ചുകൂട്ടി. ബൊറൂസിയക്ക് വേണ്ടി 89 മത്സരങ്ങളിൽ നിന്ന് 86 ഗോളുകളാണ് 21കാരൻ നേടിയിരുന്നത്.
ഹാലണ്ടിന് പുറമെ 55ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റിയാദ് മെഹറസും 76ാം മിനിറ്റിൽ ജൂലിയൻ അൽവാരസും സിറ്റിക്കായി ലക്ഷ്യം കണ്ടപ്പോൾ അവശേഷിക്കുന്ന ഗോൾ കോപ്പൻ ഹേഗൻ താരം ഡേവിറ്റ് ഖോച്ചലോവയുടെ സെൽഫ് ഗോളായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോട്ട്മുണ്ട് ഒന്നിനെതിരെ നാല് ഗോളിന് സെവിയ്യയെ കീഴടക്കി. റാഫേൽ ഗൊരേരൊ, ജൂഡ് ബെല്ലിങ്ഹാം, കരീം അദേയേമി, ജൂലിയൻ ബ്രാന്റ് എന്നിവർ ജർമൻ ടീമിനായി വലകുലുക്കിയപ്പോൾ യൂസുഫ് നസ്രിയാണ് സെവിയ്യയുടെ ആശ്വാസ ഗോൾ നേടിയത്. ഗ്രൂപ്പിൽ ഒമ്പത് പോയന്റുള്ള സിറ്റിയാണ് മുന്നിൽ. ആറ് പോയന്റുമായി ബൊറൂസിയ ഡോട്ട്മുണ്ടാണ് രണ്ടാമത്. സെവിയ്യ, കോപ്പൻ ഹേഗൻ ടീമുകൾക്ക് ഓരോ പോയന്റേ നേടാനായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.