ലണ്ടൻ: യൂറോപ്പിലെ ഫുട്ബാൾ കൈമാറ്റ ചർച്ചയിൽ ഇത്തവണ ഏറെ ഉയർന്നുകേട്ട പേരായിരുന്നു ടോട്ടൻഹാം ഹോട്സ്പറിെൻറ ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്നിേൻറത്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വൻതുകക്ക് കെയ്ൻ കൂടുമാറിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ടോട്ടൻഹാം തങ്ങളുടെ മിന്നുംതാരത്തെ പൊന്നുംവിലക്കും വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല.
ഇതോടെ ഈ സീസണിൽ ടോട്ടൻഹാം വിടില്ലെന്ന് കെയ്ൻ വ്യക്തമാക്കിയിരിക്കുകയാണ്. 'ഞാൻ ഈ കൈമാറ്റ ജാലകത്തിൽ ടോട്ടൻഹാം വിടില്ല. ക്ലബിനായി നൂറുശതമാനം അർപ്പണബോധത്തോടെ പന്തുതട്ടും' -കെയ്ൻ വ്യക്തമാക്കി. 12 വർഷമായി ടോട്ടൻഹാമിനൊപ്പമുള്ള 28കാരൻ 2014-15 സീസൺ മുതൽ ടീമിെൻറ പ്രധാന ഗോൾനേട്ടക്കാരനാണ്.
കഴിഞ്ഞ സീസണിലടക്കം മൂന്നു തവണ പ്രീമിയർ ലീഗിലെ ടോപ്സ്കോററും. 243 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ക്ലബിനായി 166 ഗോൾ നേടിയിട്ടുണ്ട് ഇംഗ്ലണ്ട് ദേശീയ ടീം നായകൻകൂടിയായ കെയ്ൻ. പക്ഷേ, ക്ലബ് തലത്തിൽ ഒരു ട്രോഫിപോലും കെയ്നിെൻറ ഷോകേസിലില്ല. ടോട്ടൻഹാമിെൻറ അവസാന കിരീടം 2008ലെ ലീഗ് കപ്പാണ്. ലീഗ് കിരീടം അവസാനം സ്വന്തമാക്കിയതാവട്ടെ 1961ലും.
കെയ്നിനായി 15 കോടി യൂറോ വരെ നൽകാൻ മാഞ്ചസ്റ്റർ സിറ്റി തയാറായിരുന്നു. എന്നാൽ, ആ തുകക്കും താരത്തെ നൽകാനാവില്ലെന്ന് ടോട്ടൻഹാം വ്യക്തമാക്കി. 2024 വരെ കരാറുള്ള കെയ്നിന് അതിനെക്കാൻ മൂല്യം കൽപിക്കുന്നതായും തൽക്കാലം താരത്തെ വിൽക്കുന്നില്ലെന്നും ക്ലബ് കൂട്ടിച്ചേർത്തു.
ട്രാൻസ്ഫറിന് സമ്മർദം ചെലുത്താനെന്നോളം ക്ലബിനൊപ്പമുള്ള പരിശീലനത്തിൽനിന്ന് ഇടക്ക് മാറിനിന്ന കെയ്നിനെ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാം ഇറക്കിയിരുന്നില്ല. രണ്ടാം മത്സരത്തിൽ പകരക്കാരനായാണ് കളിപ്പിച്ചത്. ഇതിനുപിന്നാലെയാണ് സീസണിൽ ക്ലബ് വിടില്ലെന്ന് കെയ്ൻ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.