കൊൽക്കത്ത: നിർണായകമായ അവസാന മത്സരത്തിൽ റിയൽ കശ്മീരിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച് ഒന്നാമതെത്തിയ ചർച്ചിൽ ബ്രദേഴ്സിന്റെ കിരീടസ്വപ്നവും ഐ.എസ്.എൽ പ്രവേശനവും സാധ്യമാകുമോയെന്ന് ഇന്നറിയാം. ഐ ലീഗ് ചാമ്പ്യനെ തീരുമാനിക്കാൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അപ്പീൽ കമ്മിറ്റി ഇന്ന് യോഗം ചേരും.
ഏപ്രിൽ 28ന് തീരുമാനിച്ച യോഗമാണ് ഇന്ന് ചേരുന്നത്. ജേതാക്കൾക്ക് ഒരു കോടി രൂപയും ഐ.എസ്.എൽ പ്രവേശനവും ലഭിക്കും. അതേസമയം, നിർണായകമായ അവസാന മത്സരത്തിൽ തോൽവി സമ്മതിച്ച ഗോകുലം പോയന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായിരുന്നു.
രണ്ടാം സ്ഥാനത്തുള്ള ഇന്റർ കാശി ജനുവരിയിൽ കളിച്ച മത്സരഫലം തീരുമാനിക്കാനാണ് ഇന്ന് അപ്പീൽ കമ്മിറ്റി യോഗം. എതിരാളികളായ നാംധാരി അയോഗ്യതയുള്ള താരത്തെ ഇറക്കിയെന്ന പരാതി ശരിയെന്ന് അംഗീകരിച്ചാൽ അന്ന് കളി തോറ്റ കാശി ടീമിന് മൂന്ന് പോയന്റ് ലഭിക്കും. ജയിച്ച നാംധാരിയുടെ പോയന്റ് നഷ്ടമാകുകയും ചെയ്യും. അതോടെ ചർച്ചിലുമായി നിലവിൽ ഒറ്റ പോയന്റ് അകലത്തിലുള്ള ഇന്റർ കാശി ചർച്ചിലിനെ കടന്ന് ചാമ്പ്യന്മാരാകും.
ഇരു ടീമുകളുടെയും സമ്മർദം മാനിച്ചാണ് വൈകി തീരുമാനിച്ച യോഗം നേരത്തേയാക്കുന്നത്. രണ്ടു ടീമുകളുടെയും വാദം കേട്ട ശേഷമാകും തീരുമാനമെടുക്കുക. റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് രാജേഷ് ടാൻഡൺ, റിട്ട. സെഷൻസ് കോടതി ജഡ്ജി അശോക് കുമാർ ത്രിപാഠി, അഭിഭാഷകൻ ദിവാകർ തിറ്റെ എന്നിവരും അനിൽ ക്ഷത്രിയയും അടങ്ങിയ സമിതിയാണ് വാദം കേൾക്കുക. മഞ്ഞക്കാർഡുകളുമായി അയോഗ്യതയുള്ള െക്ലഡ്സൺ കർവാലോ ഡ സിൽവ എന്ന താരത്തെ നാംധാരി കളത്തിലിറക്കിയതാണ് മത്സരം വിവാദത്തിലാക്കിയത്.
നാംധാരി കളി ജയിച്ചെങ്കിലും ഇതിനെതിരെ ഫെഡറേഷന് പരാതി നൽകിയ കാശിയുടെ വാദം അംഗീകരിച്ച് ജയം റദ്ദാക്കി ടീമിന് മൂന്ന് പോയന്റ് നൽകിയിരുന്നു. ഇതിനെതിരെ നാംധാരി അപ്പീൽ നൽകിയതോടെയാണ് ഉന്നത സമിതിയുടെ തീരുമാനത്തിലേക്ക് നീണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.