കോഴിക്കോട്: എതിരാളികളുടെ ശക്തിയെന്തെന്ന് ഇതുവരെയും കാണാതെയും അറിയാതെയും ഐ ലീഗ് ഫുട്ബാൾ മത്സരത്തിൽ മൂന്നാം തവണ കപ്പിനിറങ്ങുന്ന ഗോകുലം കേരള എഫ്.സിക്ക് ശനിയാഴ്ച കളി സ്വന്തം ഗ്രൗണ്ടിൽ. ഐ ലീഗ് ഫുട്ബാള്‍ മത്സരത്തിൽ ഇന്റർ കാശിയുമായാണ് ഗോകുലം എഫ്.സി കോർപറേഷൻ സ്റ്റേഡിയത്തിൽ ആദ്യ പോരിനിറങ്ങുന്നത്.
ഫുട്ബാൾ ഫെഡറേഷന്റെ വിളിക്കുത്തരമായി കഴിഞ്ഞ ജൂണിൽ ഉത്തർപ്രദേശിൽ രൂപംകൊണ്ട ആദ്യ പ്രഫഷനൽ ക്ലബാണ് ഇന്റർ കാശി. മാസങ്ങളുടെ മാത്രം ഒത്തിണക്കമുള്ള കളിപരിചയവുമായി ആദ്യമായി ഐ ലീഗിനിറങ്ങുമ്പോൾ ലക്ഷ്യം കപ്പുതന്നെയാണ്. തങ്ങളുടെ കളി പഠിക്കാൻ മറ്റു ടീമുകൾക്ക് അവസരം കുറവായിരുന്നെങ്കിലും മാസങ്ങൾക്കുള്ളിൽ തനതുരീതിയോടൊപ്പം മറ്റു ടീമുകളുടെ കളിരീതികൾകൂടി തങ്ങൾ പഠിച്ചെടുത്തതായി കോച്ച് കാർലോസ് സാന്റമറിന പറഞ്ഞു. ക്ലബിലെ ആദ്യ കളിക്കാരനായി ഇടം നേടിയ ഇംഗ്ലീഷുകാരൻ പീറ്റർ ഹാർട്ട് ലെയും ബിജോയ് വർഗീസും ബാർകോ വിലാർ, സന്ദീപ് മൺഡി, എഡ്മണ്ട് ലാൻരിൻഡിക എന്നിവരൊക്കെ ശോഭിച്ചാൽ ഗോകുലത്തിന്റെ നിലതെറ്റും. ഗോകുലത്തെ ചെറിയ ടീമായി കാണുന്നില്ലെന്നും തങ്ങളുടെ പരമാവധി ഗെയിം ആയിരിക്കും കാഴ്ചവെക്കുകയെന്നും ഇന്റർ കാശി കോച്ച് വ്യക്തമാക്കി.
ജനങ്ങൾ കളി കാണാൻ ഗാലറിയിൽ എത്തിയാൽ മാത്രമേ ഫുട്ബാൾ മത്സരത്തിന് ആവേശമുണ്ടാവുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞുതന്നെ മത്സരം കൂടുതൽ ജനകീയമാക്കുന്നതിന് കുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ പാസ് അനുവദിക്കുന്നുണ്ട് ഗോകുലം മാനേജ്മെന്റ്. കാൽപന്തുകളിയുടെ ഹൃദയഭൂമികയായ മലബാറിന്റെ ഗ്രാമങ്ങളെക്കൂടി ഉണർത്തി ഫുട്ബാളിന് പുതുജീവൻ നൽകാനും ഗോകുലം മാനേജ്മെന്റ് ഐ ലീഗ് മത്സരത്തിലൂടെ ശ്രമിക്കുന്നുണ്ട്. ഗാലറി നിറഞ്ഞാൽ കളിക്കുന്നവർക്കും കളി കാണാൻ വന്നവർക്കും പ്രത്യേകം ഊർജം നൽകുമെന്നതിനാൽ പരമാവധി ടിക്കറ്റുകളും വിറ്റഴിച്ചിട്ടുണ്ട്.
ഫുട്ബാൾ അക്കാദമികൾ കൂടുതലുള്ള കോഴിക്കോട് നഗരത്തിൽ മത്സരം നടക്കുന്നത് ഗോകുലം എഫ്.സിക്ക് ഗുണം ചെയ്യും. സ്പെയിനില്‍നിന്നുള്ള ഡൊമിംഗോ ഒറാമസാണ് ഗോകുലം പരിശീലകന്. സ്പെയിനില്നിന്നുതന്നെയുള്ള അലക്സാൻഡ്രൊ സാഞ്ചസ് ലോപസാണ് കേരള ടീം നായകൻ. രാത്രി എട്ടിനാണ് ഗോകുലം-ഇന്റര്‍ കാശി പോരാട്ടം. രണ്ടുതവണ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി അരങ്ങേറ്റക്കാരെ കൊച്ചായി കാണുന്നില്ല. വലിയ പ്രഹരംതന്നെ കണക്കാക്കിയാണ് കളത്തിലിറങ്ങുകയെന്ന് കോച്ച് ഡൊമിംഗോ ഒറാമസ് പറഞ്ഞു. മൂന്നാം കപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ഗോകുലം എഫ്.സിക്ക് കപ്പടിക്കാൻ കഴിഞ്ഞാൽ ഈ വർഷത്തെ ഐ.എസ്.എൽ മത്സരത്തിലും കളിക്കാനിറങ്ങാം. ഹോം ഗ്രൗണ്ട് മത്സരത്തിൽ ചുവപ്പും മറ്റു മത്സരങ്ങളിൽ പച്ചയും നിറത്തിലുള്ള ജഴ്സിയാണ് അണിയുക. മലയാളി മിഡ് ഫീൽഡർ വി.എസ്. ശ്രീക്കുട്ടനാണ് വൈസ് ക്യാപ്റ്റൻ. 11 മലയാളി താരങ്ങളും അഞ്ച് വിദേശതാരങ്ങളും ടീമിലുണ്ട്.
കളിക്കുന്നവരെ തോളിലേറ്റി ആഹ്ലാദത്തിനിറങ്ങുന്നവരാണ് മലബാറിലെ കളിയാരാധകർ എന്നതിനാൽ കാണികൾ കളത്തിലെ കളിയെയും നിയന്ത്രിച്ചേക്കും. ഐ ലീഗ് മത്സരത്തിന്റെ ആദ്യ ദിനമായ ശനിയാഴ്ച രണ്ടു പോരാട്ടങ്ങള്‍ നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സീസണ് ഉദ്ഘാടന മത്സരത്തില്‍ റയല്‍ കശ്മീരും രാജസ്ഥാന് എഫ്.സിയുമാണ് ഏറ്റുമുട്ടുക. റയൽ കശ്മീരിന്റെ തട്ടകമായ ശ്രീനഗറിൽതന്നെയാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.