ഫുട്ബോൾ ക്ലബ് ഈസ്റ്റ് ബംഗാളിന്‍റെ മുൻ പരിശീലകൻ മാനുവൽ മനോലോ ഡയസിന്‍റെ ആരാപണങ്ങൾക്ക് മറുപടിയുമായി കളിക്കാരൻ ആദിൽ ഖാൻ. പരിശീലകസ്ഥാനം ഒഴിഞ്ഞതിനുപുറകെ ക്ലബിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് രംഗത്തെത്തിയ മനോലോ ഡയസ് ഈസ്റ്റ് ബംഗാളിന്‍റെ സൂപ്പർതാരം ആദിൽ ഖാന് നേരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിലാണ് ഡയസ് തന്‍റെ വിമർശനങ്ങൾ ഉന്നയിച്ചത്. ക്ലബ് നേതൃത്വത്തിനെ അപകീർത്തിപ്പെടുത്തി സംസാരിച്ച ഡയസ്, ഈസ്റ്റ് ബംഗാളിന് ഐ.എസ്.എൽ കളിക്കാനുള്ള നിലവാരമില്ലന്നും തുറന്നടിച്ചിരുന്നു.
കളിക്കാനിറങ്ങാൻ വിമുഖത കാണിച്ചതാണ് ആദിലിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിന്‍റെ കാരണമെന്നും ആദിൽ ഒരു മോശം കളിക്കാരനാണെന്നും ഡയസ് പറഞ്ഞിരുന്നു. എന്നാൽ തന്‍റെ പേരിലുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആദിൽ.
''കൂടുതൽ മത്സരങ്ങൾ കളിക്കണമെന്നുണ്ടായിരുന്നു, പക്ഷെ ഡയസിന് എന്നെ ടീമിൽ ആവശ്യമില്ലായിരുന്നു. അദ്ദേഹം എന്നെയെപ്പോഴും മാറ്റിനിർത്തി, എന്നാലതിന്റെ കാരണം അദ്ദേഹം പറഞ്ഞതുമില്ല. അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്' - സ്പോർട്സ് കീഡക്ക് നൽകിയ അഭിമുഖത്തിൽ ആദിൽ പറഞ്ഞു.
കോച്ച് ഇഗോറിന് തന്നിൽ എന്തെങ്കിലും താൽപ്പര്യമുണ്ടോ എന്ന് നോക്കാമെന്നും, കുട്ടിക്കാലം മുതൽ ഇന്ത്യൻ ടീമിന്റെ ആരാധകനായിരുന്നു താനെന്നും, രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാൾ സന്തോഷം മറ്റൊന്നുമില്ലെന്നും ആദിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.