മസ്കത്ത്: കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയായിരുന്നു പെനാൽറ്റിയിലേക്കുള്ള ആ വിസിൽ. സമനിലയുമായി സെമിയിലേക്കുള്ള വിജയം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ അപ്രതീക്ഷിതമായി വിധിച്ച പെനാൽറ്റിയിൽ ഒമാൻ താരങ്ങൾ പലരും നടുങ്ങി. തിരിച്ചടിക്കാൻ ഇനി സമയം ഇല്ല എന്ന തിരിച്ചറിഞ്ഞ താരങ്ങൾ റഫറിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാൽ,യു.എ.ഇയുടെ പെനാൽറ്റി ഒമാൻ ഗോളി ഇബ്രാഹീം അൽമുഖൈനി വളരെ വിദഗ്ധമായി തടഞ്ഞിടുകയായിരുന്നു. എതിർ താരത്തെ മുഖൈനി ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി വിധിച്ചത്. ഒരുപക്ഷേ, ആ പെനാൽറ്റി ഗോളായിരുന്നെങ്കിൽ റെഡ് വാരിയേഴ്സിന് സെമി കാണാതെ ടൂർണമെന്റിൽനിന്ന് പുറത്തേക്കു പോകേണ്ടി വരുമായിരുന്നു. മത്സരം തോറ്റതിന് കൂടുതൽ പഴികേൾക്കണ്ടിവരുക മുഖൈനിയും ആയേനെ. എന്നാൽ, ആ വില്ലൻ വേഷമണിയാൻ ഞാനില്ലെന്ന് പറഞ്ഞ മുഖൈനിയുടെ രക്ഷാകരങ്ങളിൽ തൂങ്ങിയാണ് ഒമാൻ അറേബ്യൻ ഗൾഫ് കപ്പിന്റെ സെമിയിൽ എത്തിയിരിക്കുന്നത്.
തിളക്കമാർന്ന പ്രകടനത്തോടെ സെമിയിൽ കടക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വസം വർധിപ്പിച്ചിട്ടുണ്ട്. ഗ്രൂപ് എയിൽ ഒരു മത്സരംപോലും തോൽക്കാതെയാണ് റെഡ് വാരിയേഴ്സ് അവസാന നാലിൽ ഇടം പിടിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കുവൈത്തിനോട് 1-1ന് സമനില വഴങ്ങിയാണ് ടൂർണമെന്റിന് തുടക്കമിടുന്നത്. മികച്ച കളികാഴ്ചവെച്ചെങ്കിലും ഫിനീഷിങ്ങിലെ പാളിച്ചയും നിർഭാഗ്യവും ടീമിന് തിരിച്ചടിയാവുകയായിരുന്നു.
അർഹിച്ച വിജയം നേടാൻ കഴിയാത്തതിന്റെ നിരാശ കോച്ച് റഷീദ് ജാബിർ കളിക്കുശേഷമുള്ള വാർത്തസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. രണ്ടാം മത്സരത്തിൽ ഖത്തറിനെതിരെ തികച്ചും വ്യത്യസ്തമായൊരു ടീമിനെയായിരുന്നു കണ്ടിരുന്നത്. പന്തടക്കത്തിലും മുന്നേറ്റത്തിലും മികച്ചുനിന്നു. അപ്രതീക്ഷിതമായി ആദ്യ മിനിറ്റുകളിൽ വീണ ഗോളിൽ പതറാതെ കളംനിറഞ്ഞ് കളിക്കുകയും എതിർമുഖം ലക്ഷ്യമാക്കി നിരന്തരം ആക്രമണം അഴിച്ചുവിട്ട മത്സരത്തിൽ, ശക്തരായ ഖത്തറിനെ 2-1ന് തകർത്താണ് വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കിയത്.
രണ്ട് കളിയിലായി ഒമാൻ നേടിയ മൂന്ന് ഗോളും മൂന്നേറ്റതാരം ഇസ്സാം അൽ സുബ്ഹിയുടെ ബൂട്ടിൽനിന്നായിരുന്നു. ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യു.എ.ഇയെ 1-1ന് ആണ് ഒമാൻ തളച്ചത്.അബ്ദുറഹ്മാൻ അൽമുശൈഫ്രിയുടെ വകയായിരുന്നു സമനില ഗോൾ. ആദ്യ മൂന്ന് മത്സരങ്ങളിലും ആദ്യം ഒമാനായിരുന്നു ഗോൾ വഴങ്ങിയിരുന്നത്. ഗോൾ വീണിട്ടും പതാറാതെ തിരിച്ചടിക്കാൻ സാധിക്കുന്നത് റഷീദ് ജാബിറിന്റെ കുട്ടികൾക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഇനിയുള്ള വലിയ മത്സരങ്ങളിൽ ഈ മനസാന്നിധ്യം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ ടീമിന് മുതൽക്കൂട്ടാകും. ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഒമാൻ ബഹ്റൈനെ നേരിടും. രണ്ടാം സെമിയിൽ ആതിഥേയരായ കുവൈത്ത് സൗദി അറേബ്യയുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.