മഞ്ചേരി: സ്വന്തം തട്ടകത്തിൽ വിജയം തുടരാൻ ഗോകുലം കേരള എഫ്.സി ബുധനാഴ്ച ഇറങ്ങും. സൂപ്പർ കപ്പ് രണ്ടാം ക്വാളിഫയറിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബാണ് എതിരാളികൾ. രാത്രി 8.30ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഐ ലീഗിൽ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട് കൂടിയായിരുന്നു ഇത്. ആറ് മത്സരത്തിൽ നാലും ജയിച്ച ഗോകുലം പയ്യനാട് തങ്ങളുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണെന്ന് തെളിയിച്ചിരുന്നു. ഒരു സമനിലയും ഒരു തോൽവിയുമായിരുന്നു മറ്റു മത്സരങ്ങളുടെ ഫലം. ചൊവ്വാഴ്ച കോഴിക്കോട് ടീം പരിശീലനം നടത്തി. മുഹമ്മദൻസിനെ മറികടന്ന് സൂപ്പർ കപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാൽ കേരളത്തിൽനിന്നുള്ള രണ്ട് ടീമുകൾ ഫൈനൽ റൗണ്ട് കളിക്കും. ഐ.എസ്.എല്ലിൽനിന്നുള്ള കേരള ബ്ലാസ്റ്റേഴ്സ് നേരത്തേ യോഗ്യത നേടിയിരുന്നു.
കഴിഞ്ഞ ഐ ലീഗിലെ ആദ്യ മത്സരത്തിൽ മുഹമ്മദൻസായിരുന്നു ഗോകുലത്തിന്റെ എതിരാളികൾ. എതിരില്ലാത്ത ഒരു ഗോളിന് മലബാറിയൻസ് വിജയക്കൊടി പാറിച്ചിരുന്നു. ഇത്തവണയും വിജയം നേടാനാകുമെന്ന് ഗോകുലം മുന്നേറ്റ താരം പി.എൻ. നൗഫൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ടീം മികച്ച ആത്മവിശ്വാസത്തിലാണ്. ഇതേ ഗ്രൗണ്ടിൽ മുഹമ്മദൻസിനെ പരാജയപ്പെടുത്തിയത് ടീമിന് ഗുണം ചെയ്യും.
എല്ലാവരും മികച്ച കളി പുറത്തെടുക്കുമെന്നും നൗഫൽ പറഞ്ഞു. ഐ ലീഗിൽ കളത്തിലിറങ്ങിയ ടീമിൽ കാര്യമായ മാറ്റം വരുത്താതെയാകും പരിശീലകൻ ഫ്രാൻസിസ് ബോണറ്റ് ഗോകുലത്തെ കളത്തിലിറക്കുക. മുന്നേറ്റത്തിൽ നൗഫലിന് പുറമെ ജോബി ജസ്റ്റിൻ, സെർജിയോ മെൻഡി എന്നിവരും കളിക്കും. മധ്യനിരയിൽ കളിമെനയാൻ താഹിർ സമാനും ഫർഷാദ് നൂറും രാഹുൽ രാജും ഉണ്ടാകും. പ്രതിരോധത്തിന്റെ ചുമതല ക്യാപ്റ്റൻ അമിനോ ബൗബക്കുതന്നെയായിരിക്കും. ഒമ്പത് മലയാളി താരങ്ങളും ടീമിലുണ്ട്.
ഐ ലീഗിൽ മൂന്നാം സ്ഥാനക്കാരെന്ന നിലയിലാണ് ഗോകുലം ക്വാളിഫയറിലെത്തിയത്. ബുധനാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയറിൽ നെരോക എഫ്.സി ശ്രീനിധി ഡെക്കാനുമായി ഏറ്റുമുട്ടും. വൈകീട്ട് 5.30നാണ് മത്സരം. കഴിഞ്ഞ ദിവസം പ്ലേ ഓഫിൽ ഷൂട്ടൗട്ടിൽ രാജസ്ഥാനെ മറികടന്നാണ് നെരോകയുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.