ഫിഫ റാങ്കിങ്ങിൽ 117ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. ഏഷ്യൻ കപ്പിലെ മോശം പ്രകടനമാണ് അടുത്ത കാലത്തെ ഏറ്റവും താഴ്ന്ന റാങ്കിങ്ങിൽ ഇന്ത്യയെ എത്തിച്ചത്.
വ്യാഴാഴ്ച പുറത്തുവന്ന പുതിയ റാങ്കിങ്ങിൽ 15 സ്ഥാനങ്ങൾ പിറകോട്ട് പോയാണ് ഇന്ത്യ 117ലെത്തിയത്. ഏഴു വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്. 2023 ഡിസംബര്‍ 21ന് പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 102ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഖത്തറിൽ നടന്ന ഏഷ്യൻ കപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ ഇന്ത്യ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളും നീലപ്പട തോറ്റു. ആസ്ട്രേലിയ, ഉസ്ബെകിസ്താൻ, സിറിയ എന്നിവരോടാണ് തോറ്റത്. ഒരു ഗോൾ പോലും നേടാനാകാതെയാണ് ഇന്ത്യ മടങ്ങിയത്.
പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്‍റെ കാലത്തെ ഏറ്റവും മോശം റാങ്കിങ്ങാണിത്. നേരത്തെ, 2021 സെപ്റ്റംബർ 16ന് ഇന്ത്യ 107ലെത്തിയിരുന്നു. ഏഷ്യൻ കപ്പ് കൊണ്ട് റാങ്കിങ്ങിൽ ഏറ്റവും നഷ്ടമുണ്ടായതും ഇന്ത്യക്കാണ്. 2015ല്‍ 173ാം സ്ഥാനത്തേക്ക് വീണതാണ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്. അതേസമയം,കിരീടം നേടിയ ഖത്തറും റണ്ണറപ്പുകളായ ജോർഡനും റാങ്കിങ്കിൽ വലിയ നേട്ടമുണ്ടാക്കി. ഖത്തർ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങ്ങിൽ 37ാം സ്ഥാനത്തെത്തി.
ജോർഡൻ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 70ാം സ്ഥാനത്തും. ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളായ ഐവറി കോസ്റ്റും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 39ലെത്തി. നൈജീരിയ 14 സ്ഥാനങ്ങൾ കടന്ന് 28ലുമെത്തി. മൊറോക്കോയാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ റാങ്കിങ്ങിൽ ഒന്നാമതുള്ളത്. 12ാം സ്ഥാനത്ത്. ലോകകപ്പ് ജേതാക്കളായ അർജന്റീന തന്നെയാണ് റാങ്കിങ്ങിൽ ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.