ഒരു യക്ഷിക്കഥയിലെ നായികയാണ് ഇപ്പോൾ ലോകകപ്പ് കളിക്കുന്ന ബ്രസീൽ വനിതാ ടീമിന്‍റെ നായികയായ റഫായിലാ സോസ...! പറഞ്ഞാലും കേട്ടാലും വിശ്വസിക്കാനാകാത്ത വിസ്മയ കഥയാണരുടെ ജീവിതം...! ബ്രസീലിലെ തെരുവോരങ്ങളിൽ കളിച്ചുവളർന്ന് ഫുട്ബാളിന്‍റെ പരമോന്നത ബഹുമതികൾ പലതും നേടിയ നിരവധി പുരുഷ, വനിതാ കളിക്കാർ നമ്മുടെ മുന്നിലുണ്ട്. എന്നാൽ അവരിൽ നിന്നൊക്കെ ഏറെ വ്യത്യസ്തയാണു റഫായിലാ.
വീടിനടുത്തുള്ള പന്തുകളി കേന്ദ്രത്തിൽ ആൺകുട്ടികൾക്ക് മാത്രം കളിക്കാൻ അനുവാദമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴാണവൾ പന്ത് തട്ടാൻ തുടങ്ങിയത്. വടക്ക്-കിഴക്കൻ ബ്രസീലിലെ സിപ്പോ എന്ന പട്ടണത്തിലെ തെരുവുകളിൽ നഗ്നപാദയായി അവൾ ഫുട്ബാൾ കളിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ സോസയുടെ സ്വാഭാവിക വൈദഗ്ധ്യം കണ്ടറിഞ്ഞ അവളുടെ മാതാപിതാക്കളും പ്രാദേശിക ക്ലബിൽ കളിച്ചിരുന്ന ഒരു ബന്ധുവും കൂടി അവളെ വീട്ടിൽ നിന്ന് അൽപ്പം അകലെയുള്ള ബഹിയാ സംസ്ഥാനത്തിലെ സാൽവഡോർ നഗരത്തിലെ സാക് ഫ്രാഞ്ചസാക്കോ ക്ലബിലെ കുട്ടികളുടെ അക്കാദമിയിൽ ചേർത്തു.
'ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന്' പറയുന്ന തത്വമവിടെ ആവർത്തിക്കുകയായിരുന്നു. പതിനഞ്ചാം വയസിൽ അവളുടെ പന്തുകളി മികവ് കണ്ടവരൊക്കെ അമ്പരന്നു നിന്നു. ബ്രസീൽ ഫുട്ബാളിന് ലഭിച്ച എക്കാലത്തെയും മികച്ച പ്രതിഭയാണു വഴിതെറ്റി തങ്ങളുടെ മുന്നിൽ വന്നുപെട്ടത് എന്ന് അവർക്കു ബോധ്യമായി.
എന്നാൽ, അതിലും ഉമ്മിണി ബല്യ വിസ്മയം ഉണ്ടായത് ക്ലാസ് മുറികളിലായിരുന്നു. സിപ്പോയിലെ സ്കൂളിൽ ശരാശരിയിലും കുറഞ്ഞ മാർക്ക് നേടിയിരുന്ന റഫായിലാ പുതിയ സ്കൂളിൽ എത്തിയപ്പോൾ തന്നെ അവളെ പഠിപ്പിച്ചവർക്ക് മനസിലായി ഒരു മഹാ ജീനിയസ് ആണ് തങ്ങളുടെ മുന്നിൽ ഇരിക്കുന്നത് എന്ന്. മാത്തമാറ്റിക്സിലെ അതിസങ്കീർണ്ണമായ പ്രശ്നങ്ങൾ പോലും അധ്യാപകരെക്കാൾ മികവിൽ അവൾ ചെയ്തു തീർക്കുന്നത് അവിശ്വസനീയമായി അവർ കണ്ടിരുന്നു. തുടർന്ന് ക്ലാസിലും കളിക്കളത്തിലും അവളുടെ ജൈത്രയാത്രയായിരുന്നു.
2012ൽ ബ്രസീൽ ദേശീയ ടീമിൽ അംഗം. അത് ഒരു ബ്രസീലുകാരനെ സംബന്ധിച്ചിടത്തോളം കഠിനാധ്വാനത്തിന്‍റെ പരിണിത ഫലമാണ്. എന്നാൽ അതിനോടൊപ്പമാണ് മിസിസിപ്പി സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിനു പഠിക്കാനുള്ള ഫുൾ സ്കോളർഷിപ്പ് ലഭിച്ചത്. അതോടെ അവളുടെ ജീവിതം അമേരിക്കൻ ഐക്യനാടുകളിലേക്ക് പറിച്ചുനട്ടു. യൂണിവേഴ്സിറ്റിയിൽ പഠനവും ഒലെ മിസ്സ് റെബെൽസ് എന്ന ക്ലബിനു കളിയും. രണ്ടിലും വെച്ചടി വെച്ചടി കയറ്റമായിരുന്നു. സിവിൽ എൻജിനീയറിങ്ങിൽ റെക്കാർഡ് മാർക്ക് വിജയം.
അമേരിക്കയിലെ വൻകിട ടീമുകളിൽ നിന്ന് ഇംഗ്ലീഷ് ലീഗിൽ ആഴ്സനിൽ. അവിടുന്ന് വീണ്ടും അമേരിക്കയിൽ. അതിനിടയിൽ ലോകത്തിലെ വൻകിട സ്ഥാപനങ്ങളിൽ നിന്നൊക്കെ തങ്ങളുടെ കമ്പനിയിൽ ഉന്നത സ്ഥാനങ്ങൾ ഓഫർ ചെയ്തുകൊണ്ടുള്ള ക്ഷണങ്ങൾ. പന്തു കളിച്ചു കിട്ടുന്നതിനേക്കാൾ പണമുള്ള ഓഫർ കണ്ടാണ് ആഴ്സനിൽ നിന്ന് രാജി വച്ചൊഴിഞ്ഞു
തിരിച്ച് അമേരിക്കയിൽ എത്തിയത്. അപ്പോഴേക്കും അവൾ തിരിച്ചറിഞ്ഞു തന്‍റെ അസ്തിത്വം പന്തുകളിയിലൂടെയാണെന്ന്. അങ്ങനെ വീണ്ടും ബൂട്ടു കെട്ടി ഒർലാണ്ടോ പ്രൈഡിനു വേണ്ടി കളിക്കാനിറങ്ങി. അതിനിടയിൽ പാൻ അമേരിക്കൻ ഗെയിംസിലും വനിതാ കോപ്പാ അമേരിക്കയിലും ബ്രസീലിന് വേണ്ടി കപ്പ് നേടി.
ഇപ്പോൾ വനിതാ ലോകകപ്പിൽ സെലസാവോകളുടെ നായികയായിട്ടുള്ളതും മറ്റാരുമല്ല, കളിയിലും കാര്യത്തിലും അതിശ്രേഷ്ഠ സ്ഥാനങ്ങൾ നേടിയെടുത്ത നമ്മുടെ റഫായില..!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.