കൊച്ചി: ഫുട്ബാൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാൾ പത്താം സീസണ് വ്യാഴാഴ്ച കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കിക്കോഫ്. ഐ.എസ്.എല്ലിലെ ബദ്ധവൈരികളും അയൽക്കാരുമായ കേരള ബ്ലാസ്റ്റേഴ്സും ബാംഗ്ലൂർ എഫ്.സിയും തമ്മിലാണ് പുതിയ സീസണിലെ ഉദ്ഘാടന മത്സരം.
കഴിഞ്ഞ സീസണിൽ ബംഗളൂരുവുമായി പ്ലേ ഓഫിനിടെ വിവാദ ഫ്രീ കിക്ക് ഗോളിനെത്തുടർന്ന് കളംവിട്ടതിന് പിഴയും വിലക്കും ലഭിച്ച ബ്ലാസ്റ്റേഴ്സിന് ‘പക’ വീട്ടൽ കൂടിയാകും ഇന്നത്തെ കളി. അതുകൊണ്ട് തന്നെ ഇരു ടീമിനും ജയം അഭിമാനപ്രശ്നം കൂടിയാണ്.
തുടർച്ചയായ രണ്ടാം സീസണിലും ഉദ്ഘാടന മത്സരത്തിന് വേദിയാകുകയാണ് കലൂർ. തുടര്‍ച്ചയായ എട്ടാം സീസണിലും ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇക്കുറി. കൂടുതല്‍ ടീമുകളും മത്സരങ്ങളുമായി എത്തുന്ന പുതിയ സീസണിൽ കിക്കോഫിന്റെ സമയത്തിലടക്കം മാറ്റങ്ങളുണ്ട്.
12 ടീമുകളാണ് കിരീടപ്പോരിനുള്ളത്. ഐ ലീഗ് ചാമ്പ്യന്മാരായി സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്.സിയാണ് പുതുമുഖ ടീം. കപ്പടിക്കാനും മികവ് കാട്ടാനുമായി മികച്ച ഒരുക്കങ്ങളാണ് ടീമുകൾ നടത്തിയിരിക്കുന്നത്. ഇന്ത്യൻ താരങ്ങൾക്കൊപ്പം വിദേശ താരങ്ങളുടെ മികച്ച നിര ഓരോ ടീമിലുമുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഡ്യൂറൻഡ് കപ്പ് നേടിയാണ് ഐ.എസ്.എല്ലിനെത്തുന്നത്. എഫ്.സി ഗോവ, ഒഡിഷ എഫ്.സി, ബംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്.സി, ഹൈദരാബാദ് എഫ്.സി, മുംബൈ സിറ്റി എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്,ജംഷഡ്പുർ എഫ്.സി, പഞ്ചാബ് എഫ്.സി, ഈസ്റ്റ് ബംഗാൾ എന്നിവയാണ് മറ്റ് ടീമുകൾ.
രാത്രി എട്ടു മണിക്കാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകീട്ട് 5.30ന് തുടങ്ങും.
കഴിഞ്ഞ സീസണുകളിലേത് പോലെ ഇത്തവണയും പ്രത്യേക ഉദ്ഘാടനച്ചടങ്ങുകള്‍ ഉണ്ടാവില്ല. ഉദ്ഘാടന മത്സരം കാണാന്‍ വി.ഐ.പി.കള്‍ എത്തുമോയെന്ന കാര്യത്തിലും സംഘാടകരുടെ ഭാഗത്തുനിന്ന് വ്യക്തതയില്ല. മത്സരത്തിന്റെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിച്ചെന്ന് സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.