ബംഗളൂരു: കളിയുടെ തുടക്കത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും മുന്നിൽനിന്ന ഗോവ പിന്നീട് കളിമറന്നപ്പോൾ ഐ.എസ്.എൽ സെമിയുടെ ആദ്യ പാദത്തിൽ ആതിഥേയരായ ബംഗളൂരുവിന് ഇരട്ടഗോൾ ജയം. ആദ്യ പകുതിയിൽ സന്ദേശ് ജിങ്കാന്‍റെ സെൽഫ് ഗോളിൽ പിറകിലായ സന്ദർശകർക്കുമേൽ രണ്ടാം പകുതിയിൽ എഡ്ഗാർ മെൻഡസിന്‍റെ ഗോൾ വിധിയെഴുതി. രണ്ടാം പാദ സെമി ഞായറാഴ്ച ഗോവയിൽ നടക്കും.
കിക്കോഫ് വിസിലിനുപിന്നാലെ ഇരു ഗോൾമുഖത്തേക്കും പന്തെത്തി. എട്ടാം മിനിറ്റിൽ ബംഗളൂരുവിന്‍റെ മികച്ച ശ്രമം കണ്ടു. ബോക്സിന് മുന്നിൽ ആൽബർട്ടോ നൊഗുവേരയെ കാൾ മക്യൂ ഫൗൾ ചെയ്തതിന് റഫറി ബംഗളൂരുവിന് ഫ്രീകിക്ക് അനുവദിച്ചു. നൊഗുവേരയുടെ കിക്കിൽ റയാൻ വില്യംസ് ഫ്രീഹെഡറുതിർത്തെങ്കിലും ഗോൾകീപ്പർ ഋത്വിക് തിവാരിയുടെ മനഃസാന്നിധ്യം ഗോവക്ക് തുണയായി.
26ആം മിനിറ്റിൽ ഗോവയുടെ പ്ലാനിങ് അറ്റാക്ക്. ഗോരത്ചെനയെ എതിർ ക്യാപ്റ്റൻ രാഹുൽ ബേക്കെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് നേരെ ബോക്സിന് പിന്നിൽ ഒറ്റപ്പെട്ടുനിന്ന ഒഡേഒനിൻഡ്യയിലേക്ക്. ബോക്സിന് പുറത്ത് ഉദാന്തക്ക് പാകമായി ഒഡേ പന്ത് തലകൊണ്ട് ചെത്തിയിട്ടു. ഉദാന്തയുടെ അടി പക്ഷേ ബംഗളൂരു പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.
തുടർച്ചയായി ഗോവ ആക്രമണം തീർത്തപ്പോൾ ആദ്യ അരമണിക്കൂറിനിടെ നാല് കോർണറുകളാണ് ബംഗളൂരു വഴങ്ങിയത്. പതിയെ ബംഗളൂരുവും ആക്രമണ മൂഡിലായി. 42 ആം മിനിറ്റിൽ ആതിഥേയരുടെ രക്ഷക്ക് സെൽഫ് ഗോളെത്തി. ഗോവയുടെ ആക്രമണത്തിനിടെ ബോറിസിൽ നിന്ന് സുരേഷ് തട്ടിയെടുത്ത പന്ത് എഡ്ഗാർ മെൻഡസിലേക്ക്. എതിർഗോൾമുഖത്തേക്ക് നീങ്ങിയ മെൻഡസിന്‍റെ ക്രോസ് സ്വീകരിച്ച റയാൻ വില്യംസ് പന്ത് സുരേഷിന് ഷോട്ടിന് പാകമായി നൽകിയെങ്കിലും അടി പിഴച്ചു. തട്ടിത്തെറിച്ച പന്ത് ഓടിയെടുത്ത മെൻഡസ് പോസ്റ്റിലേക്ക് ലാക്കാക്കി നൽകിയ പന്തിൽ ഹെഡറിനുള്ള വിലംസിന്‍റെ ശ്രമം സന്ദേശ് ജിങ്കാൻ തടയാൻ ശ്രമിക്കുന്നതിനിടെ പന്ത് സ്വന്തം വലയിൽ.
ഇടവേളക്ക് പിന്നാലെ ലീഡുയർത്തി ബംഗളൂരു കളിയിൽ മേധാവിത്തം നേടി. 51ആം മിനിറ്റിൽ നംഗ്യാൽ ബൂട്ടിയയുടെ അസിസ്റ്റിൽ എഡ്ഗാറിന്‍റെ ഫസ്റ്റ് ടച്ച് ഫിനിഷ്. (2-0). രണ്ടു ഗോളിന്‍റെ മുൻതൂക്കം നേടിയ ബംഗളൂരു മുന്നേറ്റത്തിൽ മാറ്റം വരുത്തി. എഡ്ഗാർ മെൻഡസിനെയും ശിവശക്തിയെയും പിൻവലിച്ച് സുനിൽ ചേത്രി, പെരേര ഡയസ് എന്നിവരെയിറക്കി. ഗോവൻ നിരയിലാകട്ടെ ബോർജ ഹെരേര, ബ്രൈസൺ ഫെർണാണ്ടസ് എന്നിവർക്കു പകരം ആയുഷ് ചേത്രി, ഡ്രാസിച് എന്നിവരുമിറങ്ങി. 83ആം മിനിറ്റിൽ മികച്ച പാസിങ് ഗെയിമിലൂടെ ഗോവ നടത്തിയ ഗോൾശ്രമം ബോറിസിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.
ജാംഷഡ്പുർ: ഐ.എസ്.എൽ രണ്ടാം സെമി ഫൈനലിന്റെ ഒന്നാംപാദ മത്സരത്തിൽ വ്യാഴാഴ്ച ആതിഥേയരായ ജാംഷഡ്പുർ എഫ്.സിയും ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും നേർക്കുനേർ. ഒരു തവണപോലും ഫൈനലിലെത്താത്ത ടീമാണ് ജാംഷഡ്പുർ. 2021-22ൽ ഷീൽഡ് നേടിയതാണ് ഏറ്റവും മികച്ച പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.