കണ്ഠീരവ സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ; ഗോളിൽ തർക്കം; മൈതാനം വിട്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ; ബംഗളൂരു സെമിയിൽ

ബംഗളൂരു: നിശ്ചിത സമയത്ത് ഇഞ്ചോടിഞ്ച് പോരാട്ടം. നാടകീയ മുഹൂർത്തങ്ങളോടെ അധിക സമയം. വിവാദമായ ഗോൾ. അതിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച് ടീമിനെ തിരിച്ചുവിളിച്ചു. ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും നാടകീയ മത്സരത്തിന് ബംഗളൂരു കണ്ഠീരവ സ്റ്റേഡിയം സാക്ഷ്യം വഹിച്ചപ്പോൾ പ്ലേ ഓഫിലെ ആദ്യ എലിമിനേറ്ററിൽ ബംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചു.

അധിക സമയത്തിന്‍റെ 96ാം മിനിറ്റിലായിരുന്നു കളിയെ മാറ്റിമറിച്ച നാടകീയ സംഭവങ്ങൾക്ക് തുടക്കമായത്. ബംഗളൂരു മുന്നേറ്റത്തിനിടെ ബ്ലാസ്റ്റേഴ്സ് ബോക്സിനുപുറത്ത് ബംഗളൂരുവിന് അനുകൂലമായ ഫ്രീകിക്ക്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധത്തിന് തയറാറെടുക്കുന്നതിനിടെ ഗോളി പ്രഭ്സുഖൻ സിങ് ഗിൽ മുന്നോട്ടുകയറി നിൽക്കുന്നത് കണ്ട സുനിൽ ചേത്രി ഞൊടിയിടയിൽ പന്ത് എതിർപോസ്റ്റിലേക്ക് കോരിയിട്ടു. സംഭവിച്ചതെന്താണെന്ന് മനസ്സിലാകാതെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പകച്ചുനിൽക്കെ, റഫറി ക്രിസ്റ്റൽ ജോൺ ഗോൾ വിസിലൂതി.

റഫറിയുടെ നിർദേശം വരുന്നതിന് മുമ്പാണ് ചേത്രി കിക്കെടുത്തതെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി തീരുമാനം പിൻവലിച്ചില്ല. ഇതോടെ കോച്ച് വുകോമാനോവിച് തന്നെ പ്രതിഷേധവുമായി കളത്തിലിറങ്ങി. താരങ്ങളെ കളത്തിൽനിന്ന് പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഐ.എസ്.എല്ലിൽ ആദ്യമായാണ് റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളി പുർത്തിയാക്കാതെ മടങ്ങുന്നത്. ഇതിന് ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടായേക്കും.

ഏറെ നേരത്തേ ആശയക്കുഴപ്പത്തിനുശേഷം റഫറിയുടെ തീരുമാനം ശരിവെച്ച ഐ.എസ്.എൽ അധികൃതർ ബ്ലാസ്റ്റേഴ്സ് ടീം ഗ്രൗണ്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ബംഗളൂരു മുംബൈ എഫ്.സിയെ നേരിടും. ശനിയാഴ്ച രണ്ടാം എലിമിനേറ്ററിൽ കൊൽക്കത്തയിൽ എ.ടി.കെ മോഹൻ ബഗാൻ ഒഡിഷ എഫ്.സിയെ നേരിടും.

പുതുക്കിപ്പണിത് ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ കളിയിൽ ബംഗളൂരുവിനെതിരെ അണിനിരത്തിയ ടീമിൽ നിന്ന് മൂന്നു മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് വരുത്തിയത്. മധ്യനിരയിൽ ഇവാൻ കല്യുഷ്നിക്ക് പകരം ഡാനിഷ് ഫാറൂഖും സഹലിന് പകരം വിപിൻ മോഹനനും പ്രതിരോധത്തിൽ ഹോർമിപാമിന് പകരം ലെസ്കോവിച്ചും ഇറങ്ങി. ഡാനിഷിനും ദിമിത്രിയോസിനും ആക്രമണ ചുമതല നൽകി. മറുവശത്താകട്ടെ , 3-1-4-2 ശൈലിയിലാണ് കോച്ച് സൈമൺ ഗ്രേസൺ ബംഗളൂരുവിനെ ഒരുക്കിയത്. സന്ദേശ് ജിങ്കാനൊപ്പം ആസ്ത്രേലിയൻ താരം അലക്സാണ്ടർ ജൊവാനോവിച്ചിനും ബ്രസീലിയൻതാരം ബ്രൂണോക്കും പ്രതിരോധ ചുമതലയേൽപ്പിച്ചു.

ബ്ലാസ്റ്റേഴ്സിന്‍റെ ടച്ചോടെയായിരുന്നു തുടക്കം. ബംഗളൂരുവിന്‍റെ ആക്രമണങ്ങളെ തടയാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു പരിശ്രമിക്കുന്നതായിരുന്നു ആദ്യ മിനിറ്റുകളിലെ കാഴ്ച. ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്തായി സെറ്റ് പീസുകൾ ബംഗളൂരു നേടിയെങ്കിലും മുതലെടുക്കാനായില്ല. പതിനാലാം മിനിറ്റിൽ ബംഗളൂരു ആദ്യ കോർണർ നേടി. യാവി എടുത്ത കിക്ക് ദിമിത്രിയോസ് നെഞ്ചിതടഞ്ഞ് മുന്നോട്ടിട്ടു. പന്തെടുക്കാൻ രാഹുൽ കെ.പി അമാന്തം കാട്ടിയതു മുതലെടുത്ത പ്രബീർദാസ് ബോക്സിലേക്ക് കുതിച്ച് നൽകിയ ഉഗ്രൻ ക്രോസിൽ റോയ് കൃഷ്ണ തലവെച്ചെങ്കിലും പന്ത് പുറത്തേക്ക്.

ഇരുപത്തഞ്ചാം മിനിറ്റിൽ റോയ് കൃഷ്ണ അപകടഭീഷണിയുമായി ബോക്സിലേക്ക് കടന്നെങ്കിലും ഗോൾ കീപ്പർ ഗിൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. റോഷൻ സിങ്ങിന്‍റെ കോർണർ കിക്കിൽ വീണ്ടും റോയ് കൃഷ്ണ തലവെച്ചെങ്കിലും പന്ത് വലക്കുപുറത്തായി. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു കോർണർ ലഭിക്കാൻ 31 ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. നിഷുവും ലൂണയും തന്ത്രപരമായി എടുത്ത കിക്കിൽ ലൂണയുടെ ക്രോസ് ബോക്സിലേക്ക്. ദിമിത്രിയോസിന്‍റെ ഹെഡർ എതിർഗോൾകീപ്പർ ഗുർപ്രീതിന്‍റെ മുന്നിൽ ഡാനിഷിന്‍റെ കാലുകളിൽ. എന്നാൽ, ബാലൻസ് തെറ്റിപ്പോയ ഡാനിഷിന് പിഴച്ചു. പിന്നീട് മികച്ച നീക്കങ്ങൾ മിക്കതും ആതിഥേയരിൽനിന്നായിരുന്നു. നീലപ്പടയുടെ കൂട്ട ആക്രമണത്തിൽ ബ്ലാസ്റ്റേഴ്സ് ഗോൾമുഖം വിറച്ചു. എന്നാൽ, ഗോൾ മാത്രം ആദ്യ പകുതിയിൽ ഒഴിഞ്ഞുനിന്നു.

ബ്ലാസ്റ്റേഴ്സിന്‍റെ വാഴ്ച

രണ്ടാം പകുതിയിൽ ഇരു ടീമും ശ്രദ്ധയോടെയാണ് തുടങ്ങിയത്. എതിർ മുന്നേറ്റങ്ങളെ മധ്യനിരയിൽ തളക്കുകയായിരുന്നു ഇരു ടീമിന്‍റെയും ലക്ഷ്യം. ഇതോടെ പന്ത് പലപ്പോഴും മൈതാനമധ്യത്ത് കിടന്നു കറങ്ങി. 49 ആം മിനിറ്റിൽ മധ്യനിരയിൽനിന്ന് പന്തുമായി ലൂണയും ഡാനിഷും ദിമിയും ചേർന്നു നടത്തിയ നീക്കത്തിനൊടുവിൽ ബോക്സിന്‍റെ ഇടതു പാർശ്വത്തിൽനിന്ന് ലൂണ നൽകിയ ക്രോസ് എതിർഗോളി ഗുർപ്രീതിന്‍റെ കൈകളിൽ വിശ്രമിച്ചു. മധ്യനിരയിൽ വിപിൻ മോഹൻ എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിച്ചപ്പോൾ ബംഗളൂരുവിന്‍റെ മുന്നേറ്റങ്ങൾ പലതും മുനയിലേ മുറിഞ്ഞു. യാവി ഹെർണാണ്ടസിനെ വിപിൻ നിഴൽപോലെ പിന്തുടർന്നു.

59 ആം മിനിറ്റിൽ ബംഗളൂരു ബ്ലാസ്റ്റേഴ്സ് ഗോളിയെ പരീക്ഷിച്ചു. ബോക്സിന് പുറത്തുനിന്ന് പോസ്റ്റിന്‍റെ വലതുമൂലയിലേക്ക് സുരേഷ് സിങ് വാങ്ജം തൊടുത്ത വലങ്കാലൻ ഷോട്ട് ഗോൾകീപ്പർ ഗിൽ ഡൈവ് ചെയ്താണ് രക്ഷപ്പെടുത്തിയത്.

എക്സ്ട്രാ ടൈമിന്‍റെ ആദ്യ രണ്ട് മിനിറ്റിൽത്തന്നെ ഇരു ഗോൾമുഖത്തും പന്ത് കയറിയിറങ്ങിയതോടെ കാണികളും ആവേശത്തിലേക്ക് നീങ്ങവെയാണ് റഫറിയുടെ വിവാദ തീരുമാനത്തോടെ കളി തടസ്സപ്പെടുന്നത്.


Tags:    
News Summary - ISL: Blasters coach called the team back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.