കൊൽക്കത്ത: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ മോഹൻ ബഗാൻ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഓരോ ഗോൾ വീതം അടിച്ച് ഇരുടീമും ഒപ്പത്തിനൊപ്പം.
മത്സരത്തിന്‍റെ 16ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്‍റകോസിലൂടെ മഞ്ഞപ്പടയാണ് ആദ്യം ലീഡെടുത്തത്. അപോസ്തോലസ് ജിയാനു നൽകിയ പന്ത് താരം ഒന്നാംതരം ഷോട്ടിലൂടെ വലയിലാക്കി. 23ാം മിനിറ്റിൽ കാൾ മക്ഹഗിലൂടെ എ.ടി.കെ ഒപ്പമെത്തി. ആസ്ട്രേലിയൻ താരം ദിമിത്രി പെട്രാറ്റോസിന്‍റെ ഫ്രീകിക്ക് ഹെഡറിലൂടെയാണ് താരം വലയിലാക്കിയത്.
പ്ലേഓഫ് ബർത്തുറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന് മത്സരം ജയിച്ച് മൂന്നാം സ്ഥാനത്ത് തുടരുകയാണ് ലക്ഷ്യം. 31 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാമതാണ്. എഫ്.സി ഗോവ കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്.സിയോട് തോറ്റതാണ് കൂടുതൽ കാത്തിരിക്കാതെ മഞ്ഞപ്പടക്ക് മുന്നേറാൻ സഹായകമായത്.
18 കളികളിൽ 28 പോയന്റുള്ള ബഗാന് ഇന്ന് ജയിച്ചാൽ മാത്രമേ പ്ലേഓഫ് സാധ്യത നിലനിർത്താനാകൂ. ഒഡിഷ എഫ്.സി 30 പോയന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. പരിക്കേറ്റ മലയാളി താരം സഹൽ അബ്ദുസ്സമദും സസ്പെൻഷനിലുള്ള പ്ലേ മേക്കർ അഡ്രിയാൻ ലൂണയും ടീമിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.