എ.ടി.കെയോട് തോറ്റ് ബ്ലാസ്റ്റേഴ്സ് (2-1); അഞ്ചാം സ്ഥാനത്തേക്ക് വീണു; രാഹുലിന് ചുവപ്പ് കാർഡ്

കൊൽക്കത്ത: പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് പ്ലേ ഓഫ് ബെർത്ത് കൈക്കലാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻബഗാനോട് തോറ്റ് അഞ്ചാം സ്ഥാനത്തേക്ക് വീണു. സാൾട്ട് ലേക്കിൽ ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുൽ ചുവപ്പു കാർഡ് കണ്ട കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ആതിഥേയരുടെ ജയം. ഇതോടെ 19 കളിയിൽ 31 പോയന്റുമായി ഇവർ മൂന്നാം സ്ഥാനത്തേക്ക് കയറുകയും പ്ലേ ഓഫിലെ സ്ഥാനം സുരക്ഷിതമാക്കുകയും ചെയ്തു.

ബംഗളൂരു എഫ്.സിക്കും ബ്ലാസ്റ്റേഴ്സിനും 31 പോയന്റ് വീതമുണ്ടെങ്കിലും ഗോൾ ശരാശരിയിലാണ് മഞ്ഞപ്പട അഞ്ചാമതായത്. ബഗാനുവേണ്ടി കാൾ മക്യൂ ഇരട്ട ഗോൾ (23, 71) നേടിയപ്പോൾ ദിമിത്രിയോസ് ഡയമന്റകോസായിരുന്നു (16) ബ്ലാസ്റ്റേഴ്സിന്റെ സ്കോറർ. 26ന് കൊച്ചിയിൽ ഹൈദരാബാദിനെതിരെയാണ് കേരള സംഘത്തിന്റെ അവസാന മത്സരം.

ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിനെതിരായ വിജയചരിത്രം തുടരാൻ സ്വന്തം മൈതാനത്ത് നിറഞ്ഞ പിന്തുണയിൽ ഇറങ്ങിയ എ.ടി.കെ ബഗാൻ തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ചു.

കളി തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ മുന്നിലെത്താൻ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം. ഡയമന്റകോസ് ഓടിയെത്തി ബഗാന്റെ ബോക്സിൽനിന്ന് ബ്രൈസ് മിറാൻഡയിൽനിന്ന് പന്ത് സ്വീകരിച്ചു. ഗോൾ ശ്രമം പക്ഷേ, നേരിയ വ്യത്യാസത്തിൽ വലക്കു പുറത്ത് ചെന്ന് പതിച്ചു. അഞ്ചാം മിനിറ്റിൽ ബഗാന്റെ മലയാളി താരം ആഷിഖ് കുരുണിയൻ നടത്തിയ നീക്കം ഫലംകണ്ടില്ല. തുടരെ അവസരങ്ങൾ ലഭിച്ച ഡയമന്റകോസ് 16ാം മിനിറ്റിൽ ലക്ഷ്യം നേടി. അപ്പോസ്തലസ് ജിയാനു എതിർടീം പ്രതിരോധക്കോട്ട ഭേദിച്ച് നൽകിയ ഒന്നാന്തരം പാസിൽ ഡയമന്റകോസിന്റെ ഫസ്റ്റ് ടൈം ഫിനിഷ്. പന്ത് മുകളിലൂടെ താഴ്ന്നിറങ്ങി.

20ാം മിനിറ്റിൽ ലീഡ് ഉയർത്താൻ ജിയാനുവിന്റെ ശ്രമം പിഴച്ചു. 23ാം മിനിറ്റിൽ മറിനേഴ്സ് സമനില പിടിച്ചു. ദിമിത്രി പെട്രാറ്റോസ് ബോക്സിനകത്ത് നൽകിയ ക്രോസ് കിറുകൃത്യം. കാൾ മക്യൂ തലവെച്ച് വലയിലാക്കി. ബ്ലാസ്റ്റേഴ്സ് ഡിഫൻഡർമാർക്ക് പിടിപ്പത് പണിയുണ്ടാക്കിയ ആതിഥേയർ ഗാലറിയെ ഇളക്കിമറിച്ചു. 1-1ൽ രണ്ടാം പകുതി തുടങ്ങി. ആഷിഖിന് വീണ്ടും അവസരം ലഭിച്ചെങ്കിലും സ്കോർ സമനിലയിൽ തുടർന്നു. 64ാം മിനിറ്റിൽ മഞ്ഞപ്പടക്ക് തിരിച്ചടി നൽകി ആഷിഖിനെ ഫൗൾ ചെയ്തതിന് രാഹുലിന് രണ്ടാം മഞ്ഞക്കാർഡും ചുവപ്പു കാർഡും.

രാഹുലിന്റെ മടക്കം ബ്ലാസ്റ്റേഴ്സ് ആക്രമണവീര്യത്തെയും ബാധിച്ചു. പത്തുപേരായി ചുരുങ്ങിയ സന്ദർശകരെ നിരാശയിലാഴ്ത്തി 71ാം മിനിറ്റിൽ മക്യൂവിന്റെയും മറിനേഴ്സിന്റെയും രണ്ടാം ഗോൾ. മൻവീർ സിങ് നൽകിയ പന്തിൽ മക്യൂവിന്റെ ഫസ്റ്റ് ടൈം ഷോട്ടിൽ ബ്ലാസ്റ്റേഴ്സ് പ്രഭ്ശുഖൻ ഗിൽ നിസ്സഹായനായി.

ഹൈദരാബാദിൽ ജാംഷഡ്പുർ ജയം

ഹൈദരാബാദ്: ജാംഷഡ്പുർ എഫ്.സി പത്തുപേരുമായി പോരാടി നിലവിലെ ചാമ്പ്യന്മാരെ അവരുടെ മണ്ണിൽ വീഴ്ത്തി. പോയൻറ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ കൂടിയായ ഹൈദരാബാദ് എഫ്.സിക്കെതിരെ 2-3നായിരുന്നു ജാംഷഡ്പുരിന്റെ വിജയം. 12ാം മിനിറ്റിൽ ബർത് ലോമിയോ ഒഗ്ബെച്ചെയിലൂടെ ആതിഥേയർ മുന്നിലെത്തിയെങ്കിലും 22ൽ ഋതിക് ദാസ് തിരിച്ചടിച്ചു.

പിന്നാലെ പെനാൽറ്റിയിലൂടെ ജയ് ഇമ്മാനുവൽ തോമസും (27) രണ്ടു മിനിറ്റിനിടെ സ്കോർ ചെയ്ത് ഡാനിയൽ ചുക്വുവും (29) കളി തുടങ്ങി അരമണിക്കൂറിനകം സ്കോർ 1-3ൽ എത്തിച്ചു. 55ാം മിനിറ്റിൽ ഡിഫൻഡർ എലി സാബിയ ചുവപ്പു കാർഡ് കണ്ടതോടെ ജാംഷഡ്പുരിന്റെ അംഗബലം കുറഞ്ഞു. തുടർന്ന് 80ാം മിനിറ്റിൽ ഒഗ്ബെച്ചെ രണ്ടാം ഗോളും നേടി.

Tags:    
News Summary - ISL: Kerala Blasters 1-2 ATK Mohun Bagan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.