കൊച്ചി: സീസണിലെ ദയനീയ പ്രകടനത്തെ തുടർന്ന് മുഖ്യ പരിശീലകനെയും സഹപരിശീലകരെയും പുറത്തെടുത്തിട്ടതിന് ശേഷമുള്ള, ഔദ്യോഗിക കോച്ചില്ലാത്ത ആദ്യ മത്സരത്തിനിറങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്. ഞായറാഴ്ച വൈകീട്ട് 7.30ന് കലൂർ സ്റ്റേഡിയത്തിൽ മുഹമ്മദൻസ് എസ്.യുമായാണ് പോരാട്ടം. ടീമിന്റെ മോശം പ്രകടനങ്ങളിലും തുടർച്ചയായ പരാജയങ്ങളിലും ശക്തമായി പ്രതിഷേധിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പരസ്യമായി രംഗത്തെത്തിയതിനുശേഷം തട്ടകത്തിലെ ആദ്യ മത്സരമെന്ന നിലക്കും ജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്സിന്. കഴിഞ്ഞത് കഴിഞ്ഞു, ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന നിലപാടുമായാണ് മലയാളികൂടിയായ ഇടക്കാല പരിശീലകൻ ടി.ജി. പുരുഷോത്തമനും നായകൻ അഡ്രിയാൻ ലൂണയും ടീമിനെ മുന്നോട്ട് നയിക്കുന്നത്. 12 കളികളിൽ 11 പോയന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇപ്പോഴുള്ളത്.
സീസണിൽ ആകെ മൂന്നു ജയം മാത്രമുള്ള ടീമിന് രണ്ട് സമനിലയുമുണ്ട്. ഏഴ് കളികളിലാണ് ഇതിനകം മഞ്ഞപ്പട പരാജിതരായത്. ഇതോടെ കട്ട ഫാൻസിനിടയിൽപോലും കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പിന്നാലെ കഴിഞ്ഞദിവസം കോച്ച് സ്റ്റാറെയെയും സഹപരിശീലകരായ ബിയോണ് വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെയും പുറത്താക്കിക്കൊണ്ടുള്ള നടപടി മാനേജ്മെൻറ് സ്വീകരിക്കുകയായിരുന്നു. എന്നാൽ, കോച്ചിനെ മാറ്റി ആരാധകരെ തൃപ്തിപ്പെടുത്താമെന്ന് കരുതിയ മാനേജ്മെന്റിന് ആ നീക്കത്തിന്റെ പേരിലും പഴി കേൾക്കേണ്ടി വന്നു. നിലവില്‍ റാങ്ക് പട്ടികയിൽ അവസാന സ്ഥാനത്താണ് കൊല്‍ക്കത്തന്‍ ടീമായ മുഹമ്മദൻസ് ഉള്ളത്. ചെന്നൈയിന് എഫ്.സിയെ അവരുടെ വേദിയില്‍ തോല്പിച്ചതാണ് ഏക നേട്ടം. 11 കളിയില്‍നിന്ന് ആകെ അഞ്ച് പോയന്റ് മാത്രം.
പല കാരണങ്ങളാല്‍ മത്സരം പ്രധാനപ്പെട്ടതാണെന്ന് നായകൻ ലൂണ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരാഴ്ചയായി ടീം കഠിനപരിശീലനത്തിലായിരുന്നു. ആരാധകരുടെ വികാരം മനസ്സിലാക്കുന്നു. എല്ലാ മത്സരങ്ങളിലും ടീം പരമാവധി ശ്രമിക്കുന്നുണ്ടെന്നും എല്ലായ്പ്പോഴും ഫലം ഒന്നാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോശം പ്രകടനത്തില്‍ പ്രതിരോധനിരയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് ടി.ജി. പുരുഷോത്തമന് ചൂണ്ടിക്കാട്ടി. ഫുട്ബാള്‍ ടീം വര്‍ക്കാണ്, എല്ലാവരും അവരവരുടെ പരമാവധി പ്രകടനം നടത്തുന്നുണ്ട്. കഴിഞ്ഞത് കഴിഞ്ഞു, ഇനിയതെക്കുറിച്ച് ചിന്തിക്കുന്നില്ല. അടുത്തത് എന്താണെന്നതാണ് ചിന്തയെന്നും കോച്ച് വ്യക്തമാക്കി.
മുംബൈ: ഐ.എസ്.എൽ പോയന്റ് പട്ടികയിൽ കുതിപ്പുമായി നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി. ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചതോടെയാണ് എട്ടാം സ്ഥാനത്തുനിന്ന് ആദ്യ നാലിലെത്തിയത്. എട്ടാം മിനിറ്റിൽ നികോസ് കരേലിസ് നേടിയ ഗോളിലായിരുന്നു ആതിഥേയ ജയം. 12 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈക്ക് ഇതോടെ 20 പോയന്റായി. 13 മത്സരങ്ങളിൽ 15 പോയന്റുമായി ഒമ്പതാമതാണ് ചെന്നൈയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.