കൊൽക്കത്ത: അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ട ഐ.എസ്.എൽ രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ ജയവുമായി എ.ടി.കെ മോഹൻബഗാൻ ഫൈനലിൽ പ്രവേശിച്ചു. ബഗാൻ-ഹൈദരാബാദ് എഫ്.സി മത്സരം സ്കോർ ഗോൾരഹിത സമനിലയിൽ തുടർന്നതിനാലാണ് ഷൂട്ടൗട്ടിലെത്തിയത്. ഇതിൽ 4-3ന് ജയിച്ച ആതിഥേയർ മാർച്ച് 18ന് ഗോവ ഫട്ടോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ബംഗളൂരു എഫ്.സിയെ നേരിടും. ബഗാൻ-ഹൈദരാബാദ് ആദ്യ പാദ സെമിയും ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. നിലവിലെ ചാമ്പ്യന്മാരാണ് ഹൈദരാബാദ്.
തിങ്കളാഴ്ച രാത്രി സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഇരു ടീമിനും ലഭിച്ച ഗോൾ അവസരങ്ങൾ നിർഭാഗ്യത്തിൽ തട്ടിത്തെറിക്കുകയായിരുന്നു. 30 മിനിറ്റ് അധിക സമയത്തും ആർക്കും സ്കോർ ചെയ്യാനായില്ല. ഷൂട്ടൗട്ടിൽ ഹൈദരാബാദ് താരം സിവേറിയോസിന്റെ കിക്ക് ബഗാൻ ഗോളി വിശാൽ കെയ്ത്ത് സേവ് ചെയ്തു. പിന്നീട് ഒഗ്ബെച്ചെയുടെ അടി പോസ്റ്റിൽത്തട്ടി തിരിച്ചുവന്നതോടെ ബഗാൻ ക്യാമ്പിൽ ആഹ്ലാദം. ഹാമിൽ അവസരം നഷ്ടപ്പെടുത്തിയത് ഹൈദരാബാദിന് പ്രതീക്ഷ നൽകിയെങ്കിലും നിർണായക കിക്ക് ബഗാൻ നായകൻ പ്രീതം കോട്ടൽ ഗോളാക്കിയതോടെ ടീം ഫൈനലിൽ. മുംബൈ എഫ്.സിയെ രണ്ടാം പാദത്തിൽ ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ബംഗളൂരുവും കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.