കോഴിക്കോട്: സ്വപ്നസമാനമായ കുതിപ്പിൽ ഐ ലീഗിൽ പുതുചരിതമെഴുതിയ ഗോകുലം കേരള എഫ്.സി ഇന്ത്യൻ ഫുട്ബാളിൽ കേരളത്തിന്‍റെ പെരുമയാണ് തിരിച്ചുകൊണ്ടുവരുന്നത്. ഐ.എസ്.എല്ലിനുമുമ്പ് ഏറ്റവും മികച്ച താരങ്ങൾ അണിനിരന്ന കാലത്തുപോലും ഐ ലീഗിൽ മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാവാത്ത കിരീടം നിലനിർത്തുകയെന്ന നേട്ടം ഗോകുലം ടീമിന്‍റെ ആത്മാർഥതയുടെ നേർസാക്ഷ്യം.
ആർക്കും വേണ്ടാത്ത ഐ ലീഗിൽ ടീമുണ്ടാക്കിയിട്ട് എന്ത് കാര്യമെന്ന വിമർശനങ്ങൾ ഒരു തവണകൂടി അടിച്ചകറ്റുകയാണ് ഗോകുലം ക്ലബ് മാനേജ്മെന്‍റും കളിക്കാരും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ നിറഞ്ഞ കാണികൾക്കുനടുവിൽ ഐ ലീഗ് കിരീടമുറപ്പിക്കുന്നതിനും ഏറ്റുവാങ്ങുന്നതിനും തുടർച്ചയായ രണ്ടാം വർഷവും സാധ്യമാകില്ലെന്നത് മാത്രമാണ് ഏക സങ്കടം.
ഇന്ത്യൻ വിമൻ ലീഗിലും കിരീടം നിലനിർത്താൻ കുതിക്കുകയാണ് ഗോകുലം. സന്തോഷ് ട്രോഫിയും ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം സ്ഥാനവും കേരള മണ്ണിലേക്ക് ഇന്ത്യൻ ഫുട്ബാളിന്‍റെ ശ്രദ്ധ വീണ്ടും പതിപ്പിക്കുകയാണ്.
പ്രഫഷനൽ ഫുട്ബാളിൽ നിരവധി സ്വപ്നസമാനമായ സംഘങ്ങൾ കേരള മണ്ണിൽ ഉദയം ചെയ്തിട്ടും നാഷനൽ ലീഗ്, ഐ ലീഗ് കിരീടങ്ങൾ മലയാള മണ്ണിന് കിട്ടാക്കനിയായിരുന്നു. അഞ്ചുവർഷം മുമ്പ് ഗോകുലം ഗ്രൂപ് ഐ ലീഗിലേക്കിറങ്ങിയപ്പോഴും തുടക്കം ഗംഭീരമായിരുന്നില്ല. ആദ്യ സീസണിൽ ഏഴും രണ്ടാം സീസണിൽ പത്തും സ്ഥാനത്തായിരുന്നു. മൂന്നാം സീസണിൽ കിരീടപ്രതീക്ഷ ഏറെയായിരുന്നു.
എന്നാൽ, കോവിഡിൽ തട്ടി ലീഗ് അവസാനഘട്ടത്തിൽ നിർത്തിവെച്ചതോടെ ആറാം സ്ഥാനം മാത്രമായിരുന്നു. കൊൽക്കത്ത ഭീമന്മാരായ ഈസ്റ്റ് ബംഗാളിനെയും മോഹൻ ബഗാനെയും മുൻ സീസണുകളിൽ തോൽപിച്ച ഗോകുലത്തിന് ജയന്‍റ് കില്ലേഴ്സ് എന്ന വിളിപ്പേരും വീണിരുന്നു. ഇടക്കുള്ള തുടർച്ചയായ തോൽവികളിലും ടീമും ക്ലബ് മാനേജ്മെന്‍റും പതറിയില്ല.
കഴിഞ്ഞ സീസണ് മുന്നോടിയായി സ്പെയിൻകാരൻ വിൻസൻസോ ആൽബർട്ടോ അനീസെ പരിശീലകനായി എത്തിയതോടെയാണ് 'മലബാറിയൻസി'ന്‍റെ ജാതകം തിരുത്താനായത്. കോവിഡ് പിടിമുറുക്കിയപ്പോഴും കൃത്യമായ ആസൂത്രണത്തോടെ ടീം പരിശീലനം നടത്തി. മികച്ച താരങ്ങളെ ടീമിലെടുത്തു. മലയാളി താരങ്ങൾക്കും പ്രാധാന്യമേകി. 2021ലെ സീസണിൽ ചർച്ചിൽ ബ്രദേഴ്സിനോടാണ് ഐ ലീഗിൽ അവസാനമായി ഈ ടീം തോൽക്കുന്നത്.
തുടർച്ചയായി 21 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്നതും ഐ ലീഗിൽ ഇതാദ്യമാണ്. അഫ്ഗാൻകാരനായ ക്യാപ്റ്റൻ മുഹമ്മദ് ഷെരീഫും സ്ലൊവീനിയൻ താരം ലൂക്ക മെയ്സണും കോഴിക്കോട്ടുകാരനായ താഹിർ സമാനുമെല്ലാം ഈ സീസണിൽ തകർപ്പൻ ഫോമിലായിരുന്നു.
ലൂക്ക മജ്സനും ജോർദയ്ൻ ഫ്ലച്ചറും അമിനോ ബൗബോയും എം.എസ്. ജിതിനും ശ്രീക്കുട്ടനും എമിൽ ബെന്നിയുമെല്ലാം കോച്ചിന്‍റെ പ്രതീക്ഷക്കൊത്തുയർന്നിരുന്നു. സർവ പിന്തുണയുമായി മാനേജ്മെന്‍റും അണിനിരന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രമോഷൻ- റലഗേഷൻ സമ്പ്രദായം തുടങ്ങിയാൽ ഐ.എസ്.എല്ലിലും ഗോകുലം സാന്നിധ്യമറിയിക്കും. ഈ സീസണിലെ അവസാന മത്സരവും കഴിഞ്ഞാൽ എ.എഫ്.സി കപ്പിലും ടീം മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.