ദോഹ: ജോർഡന്റെ ഫൈനൽ പ്രവേശനത്തിനു പിറകെ, അമ്മാനിൽനിന്നും ദോഹയിലേക്ക് ആരാധക പ്രവാഹമെന്ന് റിപ്പോർട്ട്. ആദ്യമായി വൻകരയുടെ പോരാട്ടത്തിൽ ഫൈനലിൽ ഇടം നേടിയ പ്രിയപ്പെട്ട ടീമിനെ പിന്തുണക്കാനായി വിമാനങ്ങൾ ചാർട്ടർ ചെയ്തുതന്നെ ആരാധകർ പുറപ്പെടാൻ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമ്മാനിൽനിന്നും മത്സരദിവസമായ ശനിയാഴ്ച ദോഹയിലെത്തി അതേ ദിവസം രാത്രിയോടെ മടങ്ങാൻ കഴിയുന്ന രൂപത്തിൽ യാത്ര ക്രമീകരിക്കുന്നതായി ട്രാവൽ ആൻഡ് ടൂറിസം മേഖലയെ ഉദ്ധരിച്ച് ജോർഡൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനു പുറമെ, ടീം പ്രീക്വാർട്ടറിൽ പ്രവേശിച്ചതു മുതൽ ഓരോ ദിവസവും രണ്ടായിരത്തോളം ആരാധകർ ജോർഡനിൽനിന്നും ഖത്തറിലേക്ക് പുറപ്പെടുന്നതായി പ്രാദേശിക ടൂർ ഏജൻസികൾ അറിയിച്ചു.
നാലും അഞ്ചും ദിവസം ഖത്തറിൽ തുടരുന്ന രീതിയിലാണ് ഓരോ ഘട്ടത്തിലും ആരാധകർ വരുന്നത്. ഇതിനു പുറമെയാണ് ഫൈനൽ ദിവസം പ്രത്യേക വിമാനങ്ങൾ തന്നെ അമ്മാനിൽനിന്നും ദോഹയിലേക്ക് പുറപ്പെടുന്നത്.
ചൊവ്വാഴ്ച ദക്ഷിണ കൊറിയക്കെതിരായ സെമി ഫൈനൽ മത്സരത്തിലായിരുന്നു ടൂർണമെന്റിൽ ഏറ്റവും വലിയ ആരാധക സാന്നിധ്യമുണ്ടായത്. ജോർഡൻ കിരീടാവകാശ ഹുസൈൻ, ഭാര്യ റജ്വ അൽ സൈഫ് തുടങ്ങിയവരും ഗാലറിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.