ഒമ്പതുവർഷം മുമ്പ് യർഗൻ ക്ലോപ് പരിശീലകനായി വരുന്നുവെന്ന് കേട്ടതു മുതൽ ലിവർപൂൾ നഗരം ആഘോഷത്തിലായിരുന്നു. ഒരു സൂപ്പർ താരവും ടീമിലേക്ക് എത്തുമ്പോൾ ലിവർപൂൾ നഗരത്തിൽ ഇത്രയധികം ആഘോഷങ്ങളുണ്ടായിരുന്നില്ല. നഗരത്തിലെ കെട്ടിടങ്ങളിലെല്ലാം ക്ലോപ്പിന്റെ ചിത്രങ്ങൾ പതിഞ്ഞു. ക്ലോപ്പിന് സ്വാഗതമോതി ചുവപ്പൻ ചുമർകുറികൾ നിറഞ്ഞു. ഡോർട്ട്മുണ്ടിൽ വിജയഗാഥകളുമായി കളിക്കളങ്ങളിൽ വൈദ്യുതിസ്ഫുലിംഗമായി പടർന്ന ക്ലോപ്പിന് ലിവർപൂളിൽ അത്ഭുതം ആവർത്തിക്കാനാവുമോ എന്നായിരുന്നു മിക്കവരുടെയും സംശയം. എന്നാൽ ലിവർപൂളിനു വേണ്ടിയുള്ള അവതാരപ്പിറവിയാണ് ക്ലോപ്പെന്ന് ആരാധകർക്ക് സംശയമൊന്നുമില്ലായിരുന്നു.
യാഥാർഥ്യബോധവും കാൽപനികതയും ഒരുപോലെ സന്നിവേശിപ്പിച്ച പരിശീലകനായിരുന്നു യർഗൻ ക്ലോപ്. ലിവർപൂളിൽ ആദ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞത്, താൻ മാജിക്കുകാരനല്ല, പക്ഷേ നാലു വർഷമെങ്കിലും കഴിഞ്ഞ് നിങ്ങൾ ചോദിക്കുമ്പോൾ ലിവർപൂൾ ഒരു കിരീടമെങ്കിലും നേടിയിട്ടുണ്ടാകുമെന്നായിരുന്നു.
പറഞ്ഞതുപോലെ നാലു വർഷം കഴിഞ്ഞപ്പോൾ ലിവർപൂൾ ആറാമത് ചാമ്പ്യൻസ്ലീഗ് കിരീടം നേടിയിരുന്നു. 30 വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിട്ട് ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്തതും ക്ലോപ്പിന്റെ കീഴിലാണ്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ്ലീഗിലുമെല്ലാം ഏറെ ത്രസിപ്പിക്കുന്ന മത്സരങ്ങൾക്കും പോരാട്ടങ്ങൾക്കും ലിവർപൂൾ നേതൃത്വം നൽകിയെങ്കിലും ക്ലോപ്പിന്റെ വ്യക്തിപ്രഭാവമാണ് കിരീട നേട്ടങ്ങൾക്കുമപ്പുറം ചെമ്പടക്കും പ്രീമിയർ ലീഗിനുമെല്ലാം നേട്ടമായത്. സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ആൾരൂപമായി എല്ലാവരെയും പ്രചോദിപ്പിക്കുന്ന ഊർജത്തിന്റെ പ്രതിപുരുഷനായിരുന്നു ക്ലോപ്. വിടവാങ്ങൽ ദിവസത്തിൽ ക്ലോപ്പിന്റെ വിഖ്യാതമായ ആശ്ലേഷണത്തിനായി ടീംമംഗങ്ങളും ക്ലബ് സ്റ്റാഫുമെല്ലാം കാത്തിരിക്കുകയായിരുന്നു. എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തിയായിരുന്നു. ശരാശരി ടീമിൽ നിന്ന് ലിവർപൂളിനെ സുവർണ കാലത്തെ ടീമിന ഓർമിപ്പിച്ച് മികച്ച ബ്രാൻഡ് ആക്കിയതിനു പിന്നിലും ക്ലോപ്പിന്റെ ഈ സവിശേഷ സ്വഭാവം തന്നെയായിരുന്നു കാരണം. ലിവർപൂളിന്റെ മത്സരങ്ങൾപോലെ ക്ലോപ്പിന്റെ വാർത്തസമ്മേളനങ്ങളും ഏറെ കാഴ്ചമൂല്യമുള്ളതായി മാറി. ടെഡ് ലാസോ എന്ന പ്രശസ്ത സീരിസിൽ ജേസൻ സുഡെയ്ക്കിൻസ് പകർന്നാടിയ കോച്ചിനെ സൃഷ്ടിക്കുന്നതിന് പ്രചോദനമായത് ക്ലോപ്പായിരുന്നു.
ലിവർപൂളിൽ ക്ലോപ്പിന്റെ തുടക്കം ഒട്ടും ശുഭകരമായിരുന്നില്ല, ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ പ്രധാനപ്പെട്ട അഞ്ച് ഫൈനലുകളാണ് തുടർച്ചയായി തോൽക്കുന്നത്. എന്നാൽ ഈ തോൽവികളിൽനിന്നൊക്കെ സ്വയം മുക്തനാകാനും മുന്നേറാനും ടീമിനെയും തന്നെത്തന്നെയും ക്ലോപ് പ്രചോദിപ്പിച്ചു. ഇതിനുള്ള സമ്മാനങ്ങളായിരുന്നു ചാമ്പ്യൻലീഗ്, പ്രീമിയർ ലീഗ്, ക്ലബ് ലോകകപ്പ് നേട്ടങ്ങൾ. ലിവർപൂളിന്റെ നിഞ്ഞ ഷോകേസിനപ്പുറം എണ്ണമറ്റ മറക്കാനാകാത്ത മത്സരങ്ങളും ക്ലോപ്പ് ലോകത്തിന് സമ്മാനിച്ചു. 2019 ചാമ്പ്യൻസ്ലീഗിൽ ബാഴ്സലോണക്കെതിരെ ആൻഫീൽഡിൽ നേടിയ നാലുഗോൾ ജയം ഫുട്ബാൾ ആരാധകർ ഒരിക്കലും മറക്കുന്നതല്ല. കാംപ് ന്യൂവിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർന്നതിനുശേഷമായിരുന്നു ആൻഫീഡിൽ അത്ഭുതം പിറന്നത്. ഫുട്ബാൾ എന്തെല്ലാം അതിശയങ്ങളാണ് ഒരുക്കുന്നതെന്ന് ക്ലോപ് പോലും അന്ന് അത്ഭുതപ്പെട്ടു. ജീവിതകാലം മുഴുവൻ ഫുട്ബാൾ മൈതാനത്ത് കഴിഞ്ഞിട്ടും ട്രെന്റ് അർണോൾഡ് ബാഴ്സലോണക്കെതിരെ തൊടുത്ത ചടുലമായ കോർണർ കിക്കിനെക്കുറിച്ചായിരുന്നു ക്ലോപ് അത് പറഞ്ഞത്. മാഞ്ചസ്റ്റർ സിറ്റി ലിവർപൂൾ മത്സരങ്ങളും ക്ലോപ്-ഗ്വാർഡിയോള പോരാട്ടങ്ങളുമെല്ലാം കാലം ഓർത്തിരിക്കുന്ന കായിക നിമിഷങ്ങളായി മാറി. ക്ലബ്ബിനോട് വിടപറയുന്നത് വളരെ നേരത്തേ പ്രഖ്യാപിച്ചെന്ന് വിമർശനമുണ്ടെങ്കിലും ക്ലബിന് തയാറെടുക്കുന്നതിനുള്ള സമയംകൂടി നൽകിയാണ് ക്ലോപ് പോകുന്നത്.
നിങ്ങൾ വരുമ്പോഴല്ല, മടങ്ങുമ്പോൾ എന്ത് അവശേഷിപ്പിക്കുന്നു എന്നതാണ് പ്രധാനമെന്നാണ് ക്ലോപ് പറഞ്ഞത്. ക്ലോപ്പിന്റെ ആദ്യദിനംപോലെ അവസാന ദിനവും ആൻഫീൽഡ് നിറഞ്ഞുകവിഞ്ഞിരുന്നു, ഇക്കുറി കണ്ണീരിൽമുങ്ങി കാഴ്ചകൾ മങ്ങിയിരുന്നെന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.