ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ. ചെന്നൈയിൻ എഫ്.സി 2-1ന് ഗോവയെ തോൽപ്പിച്ചതോടെയാണ് മഞ്ഞപ്പട പ്ലേ ഓഫ് ഉറപ്പിച്ചത്.
തുടർച്ചയായ രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തുന്നത്. ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇത്തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്. നേരത്തെ തന്നെ മുംബൈ സിറ്റിയും ഹൈദരാബാദും പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. നിലവിൽ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 18 മത്സരങ്ങളിൽനിന്ന് 31 പോയന്‍റാണ് ടീമിനുള്ളത്. 19 മത്സരങ്ങളിൽ 31 പോയന്‍റുള്ള ബംഗളൂരുവാണ് നാലാമത്. ബംഗളൂരുവും ഇതോടെ പ്ലേ ഓഫിലെത്തി.
18 മത്സരങ്ങളിൽനിന്ന് 28 പോയന്റുള്ള എ.ടി.കെ മോഹൻ ബഗാനും 19 മത്സരങ്ങളിൽ നിന്ന് 27 പോയന്റുള്ള ഗോവയുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. 18 കളികളിൽ നിന്ന് 27 പോയൻറുള്ള ഒഡീഷ ഏഴാം സ്ഥാനത്താണ്. ഈമാസം 18ന് എ.ടി.കെ മോഹൻ ബഗാനുമായും 26ന് ഹൈദരാബാദുമായുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ബാക്കിയുള്ള രണ്ടു മത്സരങ്ങൾ.
സ്വന്തം തട്ടകത്തിൽ നടന്ന കളിയിൽ ആധിപത്യം പുലർത്തിയിട്ടും തോൽക്കാനായിരുന്നു ഗോവയുടെ വിധി. ക്വാമെ കരിക്കാരിയാണ് (10, 73 പെനാൽറ്റി) ചെന്നൈയിന്റെ രണ്ടു ഗോളുകളും നേടിയത്. ഗോവയുടെ ഗോൾ നോഹ് സദൂയി സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.