മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയോടും തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാല് ഗോളിനാണ് മുംബൈയിൽ ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്. മത്സരത്തിലെ പകുതി ഗോളുകളും പെനാൽറ്റി കിക്കിൽ നിന്നായിരുന്നു.
നികോസ് കരേലിസ് (9, പെനാൽറ്റി 55), നതാൻ റോഡ്രിഗസ് (75), ലാലിൻസുവാല ചാങ്തെ (പെനാൽറ്റി 90) എന്നിവരായിരുന്നു ആതിഥേയ സ്കോറർമാർ. 57ാം മിനിറ്റിൽ ജീസസ് ജിമെനെസ് പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. 71ാം മിനിറ്റിൽ ഗോളടിച്ച ക്വാമെ പെപ്രയുടെ ആഘോഷം അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടി റഫറി ചുവപ്പ് കാർഡ് നൽകി. ഏഴ് കളികളിൽ എട്ട് പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പത്താംസ്ഥാനത്താണ്.
മുംബൈ ഫുട്ബാൾ അറീനയിൽ നടന്ന മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവിൽ നിന്നാണ് ആതിഥേയർ ലീഡെടുക്കുന്നത്. ബോക്സിന്റെ വലത് മൂലയിൽ നിന്ന് നായകൻ ലാലിയൻസുവാല ചാങ്‌തെ നൽകിയ മനോഹരമായ ത്രൂ മാർക്ക് ചെയ്യപ്പെടാതിരുന്ന നിക്കോളാസ് കരേലിസ് പിഴവുകളില്ലാതെ വലയിലാക്കുകയായിരുന്നു.
ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച നീക്കങ്ങളേറെ നടത്തിയെങ്കിൽ ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കാനായില്ല. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾക്കിടെ മുംബൈ വീണ്ടും ലീഡ് പിടിച്ചു. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് കരേലിസ് പോസ്റ്റിലേക്കടിക്കവെ പെനാൽറ്റി ഏരിയയിൽ പെപ്രയുടെ നെറ്റിയിലും കൈയിലും തട്ടി. റഫറിയുടെ പെനാൽറ്റി വിസിൽ. കിക്കെടുത്ത കരേലിസിന് പിഴച്ചില്ല. പിന്നെ ബ്ലാസ്റ്റേഴ്സിന്റെ ഊഴം.
പന്തുമായി ബോക്സിലേക്ക് കുതിച്ച പെപ്രയെ വാൽപുയ വീഴ്ത്തിയതോടെ സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. ജിമെനെസ് കിക്ക് ഗോളാക്കി. കൂടുതൽ ഊർജത്തോടെ പോരാടിയ ബ്ലാസ്റ്റേഴ്സിന് 67ാം മിനിറ്റിൽ മുംബൈ ഗോളി ലാചെൻപ വരുത്തിയ പിഴവിൽ ഇൻഡയറക്റ്റ് ഫ്രീ കിക്ക് കിട്ടി. ലൂണയിൽ നിന്ന് ലഭിച്ച പന്ത് ഗോൾ വരക്ക് മുന്നിൽ ഏഴുപേരെ അണിനിരത്തി പ്രതിരോധിക്കാൻ ശ്രമിച്ച മുംബൈയെ വിറപ്പിച്ച് ജിമെനെസ് പോസ്റ്റിലേക്കുതിർത്തു. ഇടതു പോസ്റ്റിൽ തട്ടി ഗോളിക്ക് മുന്നിലൂടെ പന്ത് പുറത്തേക്ക് പോയപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ നിർഭാഗ്യത്തെ പഴിച്ചു.
71ാം മിനിറ്റിൽ സമനില പിടിച്ചു. ബ്ലാസ്റ്റേഴ്സ് ആക്രമണത്തിൽ ഗോൾമുഖത്തെത്തിയ പന്ത് ലൂണയുടെ ക്രോസായി പെപ്രയിലേക്ക്. മനോഹര ഹെഡ്ഡറിലൂടെ ഗോളാക്കി ഘാനക്കാരൻ. ഗോൾ നേടിയത് ജഴ്സിയൂരി ആഘോഷിക്കാൻ ശ്രമിച്ച പെപ്രക്ക് കളിയിലെ രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ ബ്ലാസ്റ്റേഴ്സ് അംഗബലം പത്തായി ചുരുങ്ങി.
അധികം താമസിയാതെ മുംബൈ മൂന്നാം ഗോൾ നേടി. കോർണർ കിക്കിൽ നിന്നെത്തിയ പന്തിൽ ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന റോഡ്രിഗസിന്റെ വോളി. വീണ്ടും സമനിലക്കായി ബ്ലാസ്റ്റേഴ്സ് പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 90ാം മിനിറ്റിൽ മഞ്ഞപ്പടയുടെ പതനത്തിന് ആഴം കൂട്ടി മുംബൈക്ക് മറ്റൊരു പെനാൽറ്റി. ഗോളിലേക്ക് കുതിച്ച മൻസോരെയെ പിറകിൽ നിന്ന് കാലുവെച്ച് വീഴ്ത്തിയ മലയാളി താരം വിബിൻ മോഹനന് മഞ്ഞക്കാർഡും കിട്ടി. ലാലിൻസുവാല ചാങ്തെയുടെ കിക്കിലൂടെ സ്കോർ 4-2. അവസാന മിനിറ്റുകളിൽ മുംബൈയുടെ മലയാളി താരം പി.എൻ നൗഫലിന്റെ ഗോൾ ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.