അഹ്‌മദാബാദ്: ദേശീയ ഗെയിംസ് ഫുട്ബാളിലെ ആദ്യ ഗ്രൂപ്പ് എ മത്സരത്തിൽ ഒഡിഷയെ കേരളം ഒന്നിനെതിരെ രണ്ടുഗോളിന് തോൽപിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനൽറ്റി ഗോളിൽ പിറകിലായ കേരളത്തെ നിജോ ഗിൽബർട്ടും (68) ജെറീറ്റോയും (75) സ്‌കോർ ചെയ്താണ് വിജയത്തിൽ എത്തിച്ചത്.
ചൊവ്വാഴ്ച സർവിസസും വ്യാഴാഴ്ച മണിപ്പൂരുമാണ് കേരളത്തിന്റെ എതിരാളികൾ. സന്തോഷ് ട്രോഫി ടീം വൈസ് ക്യാപ്റ്റൻ വി. മിഥുൻ നയിക്കുന്ന സംഘത്തിൽ പുതുമുഖങ്ങളും പരിചയസമ്പന്നരുമുണ്ട്. ഗോൾ കീപ്പർ മിഥുന് പുറമെ രണ്ടാം ഗോളി എസ്. ഹജ്മൽ, നിജോ ഗിൽബർട്ട്, വിഘ്നേഷ്, ജി. സഞ്ജു, ബിബിൻ അജയൻ, മുഹമ്മദ് പാറക്കോട്ടിൽ തുടങ്ങിയവരും സന്തോഷ് ട്രോഫി താങ്ങളാണ്.
എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് നടന്ന 40 ദിവസത്തോളം നീണ്ട പരിശീലന ക്യാമ്പ് കഴിഞ്ഞ് വെള്ളിയാഴ്ചയാണ് കേരള ടീം ഗുജറാത്തിലെത്തിയത്. 2015ൽ ആതിഥേയരായിരിക്കെ ആദ്യ റൗണ്ടിൽ പുറത്തായതിന്റെ ക്ഷീണം തീർക്കുക കൂടി മുൻ ചാമ്പ്യന്മാരുടെ ലക്ഷ്യമാണ്. ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിലെത്തുക.
ഗ്രൂപ് ബിയിൽ സന്തോഷ് ട്രോഫി റണ്ണറപ്പ് ബംഗാൾ, സെമി ഫൈനലിസ്റ്റ് കർണാടക, പഞ്ചാബ്, ഗുജറാത്ത് ടീമുകളാണുള്ളത്. ഇന്ന് വൈകീട്ട് മണിപ്പൂർ-സർവിസസ് മത്സരവുമുണ്ട്. പി.ബി രമേഷാണ് കേരളത്തെ പരിശീലിപ്പിക്കുന്നത്. വനിതകളിൽ കേരളം മത്സരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.