മഞ്ചേരി: ബ്രസീലിയൻ കരുത്തുമായി കളിക്കളത്തിൽ മാജിക് കാണിക്കാൻ ഇറങ്ങിയ തൃശൂർ മാജിക് എഫ്.സിക്ക് സ്വന്തം ഗ്രൗണ്ടിൽ തോൽവി. സൂപ്പർ ലീഗ് കേരളയിൽ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊച്ചി ഫോഴ്സാ എഫ്.സി തൃശൂർ മാജിക് എഫ്.സിയെ പരാജയപ്പെടുത്തിയത്. 74ാം മിനിറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് നിദാൽ കൊച്ചിയുടെ വിജയ ഗോൾ നേടി കളിയിലെ താരവുമായി. തുടർച്ചയായി രണ്ടാം അങ്കവും വിജയിച്ച് എട്ട് പോയന്റുമായി കൊച്ചി ലീഗിൽ കാലിക്കറ്റിനെ മറികടന്ന് രണ്ടാമതായി.
5-3-2 ശൈലിയിൽ കഴിഞ്ഞ മത്സരത്തിൽനിന്ന് ഒരു മാറ്റവുമായാണ് കൊച്ചി കളത്തിലിറങ്ങിയത്. മലയാളി താരം അർജുൻ ജയരാജിന് പകരം രാഹുൽ കെ.പി. ആദ്യ ഇലവനിൽ തിരിച്ചെത്തി. രണ്ട് മാറ്റങ്ങളുമായാണ് കോച്ച് ജിയോവാനി സകാനു തൃശൂർ ടീമിനെ ഇറക്കിയത്.
പ്രതിരോധത്തിനും ആക്രമണത്തിനും പ്രാധാന്യം നൽകി 5-1-4 മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ കൊച്ചി ഗോൾമുഖത്തേക്ക് തൃശൂർ പന്തെത്തിച്ചെങ്കിലും ഗോൾ അകന്നു.
15ാം മിനിറ്റിൽ തൃശൂരിന് മുന്നിലെത്താനുള്ള അവസരം നഷ്ടമായി. ഇടതു വിങ്ങിൽനിന്ന് പന്തുമായി കുതിച്ച ബ്രസീലിയൻ താരം അലക്സ് ഗോൺസാൽവസ് ക്യാപ്റ്റൻ സി.കെ. വിനീതിന് നൽകിയെങ്കിലും ആദ്യ അവസരം മുതലാക്കാനായില്ല. 21ാം മിനിറ്റിൽ മത്സരത്തിൽ ആദ്യം വലകുലുക്കാനുള്ള കൊച്ചിയുടെ ശ്രമം പാളി. നിജോ ഗിൽബർട്ട് നൽകിയ പന്ത് മുന്നേറ്റ താരം ഗോമസ് നാസിമെന്റോ ഗോൾ കീപ്പറെ ഡ്രിബിൾ ചെയ്തു കീഴടക്കിയെങ്കിലും പോസ്റ്റിന് കീഴിൽ പ്രതിരോധ താരം രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തൃശൂർ ഗോൾ കീപ്പർ ജെയ്മി ജോയിക്ക് പകരം സഞ്ജീബാൻ ഗോഷ് വല കാക്കാൻ ഇറങ്ങി. 73ാം മിനിറ്റിൽ തൃശൂരി നായി സിൽവ ഗോമസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നു. തൊട്ടടുത്ത മിനിറ്റിൽ തൃശൂരിന്റെ പ്രതിരോധം തകർത്ത് കൊച്ചി മുന്നിലെത്തി. ഇടതു വിങ്ങിൽ നിന്ന് പന്തുമായി കുതിച്ച ഗോമസ് നാസിമെന്റോ നൽകിയ പന്ത് തുനീഷ്യ താരം ക്യാപ്റ്റൻ മുഹമ്മദ് നിദാൽ ഉഗ്രൻ ഷോട്ടിലൂടെ വല കുലുക്കി (സ്കോർ 1- 0).
തിരുവനന്തപുരം: നിർണായക മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് ഇന്ന് മലപ്പുറം എഫ്.സിയെ നേരിടും. ബുധനാഴ്ച വൈകീട്ട് 7.30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് വമ്പൻ മത്സരം. ഫോഴ്സ കൊച്ചിയോട് തോറ്റതിന്‍റെ ക്ഷീണം മറക്കാൻ കൊമ്പന്മാർ ബൂട്ടുകെട്ടുമ്പോൾ വിജയവഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് മലപ്പുറത്തിന്‍റെ പുലിക്കുട്ടികൾ.
അനസ് എടത്തൊടികയും അലെക്‌സ് സാഞ്ചസ് നേതൃത്വം നൽകുന്ന മലപ്പുറത്തിന്‍റെ ആവനാഴിയിൽ പടക്കോപ്പുകൾ ഏറെയുണ്ടെങ്കിലും നാളിതുവരെ പൊട്ടിക്കാൻ ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിയെ കിരീടത്തിലേക്ക് നയിച്ച സുപ്രസിദ്ധ പരിശീലകനായ ജോൺ ഗ്രിഗറിക്ക് കഴിഞ്ഞിട്ടില്ല. ബ്രസീലുകാരൻ സെർജിയോ അലെക്‌സാൻഡ്രോയുടെ പരിശീലനത്തിലും പാട്രിക് മോത്തയുടെ നായകത്വത്തിലും ഇറങ്ങുന്ന കൊമ്പൻസ് കൊച്ചിയിൽനിന്നേറ്റ തിരിച്ചടിയിൽനിന്ന് കരകയറാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.