സൂപ്പർ ലീഗ് കേരള: മലപ്പുറത്തെ തളച്ച് തൃശൂർ

മഞ്ചേരി: മലപ്പുറം എഫ്.സിയുടെ മുന്നേറ്റത്തെ തളച്ച് തൃശൂർ മാജിക് എഫ്.സി. കളിക്കളത്തിൽ ഇരു ടീമുകളും 'മാജിക്' മറന്നതോടെ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന്റെ രണ്ടാം ഹോം മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഒറ്റപ്പെട്ട ആക്രമണം നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഇതോടെ, നാല് പോയന്റോടെ മലപ്പുറം ലീഗിൽ രണ്ടാമതായി. തൃശൂർ സമനിലയുമായി അക്കൗണ്ട് തുറന്നു. 25ന് കണ്ണൂർ വാരിയേഴ്സുമായാണ് മലപ്പുറം എഫ്.സിയുടെ അടുത്ത മത്സരം

ഒന്നാം പകുതിയിൽ ഒപ്പത്തിനൊപ്പം

മലപ്പുറം എഫ്.സിയുടെ ആദ്യ ഹോം മത്സരത്തിലെ തോൽവി ലൈൻ അപ്പിൽ അടിമുടി മാറ്റത്തിനും കാരണമായി. ഗോൾ കീപ്പർ മിഥുൻ, പ്രതിരോധ താരം ഗുർജീന്ദർ, മുന്നേറ്റത്തിൽ റിസ് വാൻ എന്നിവരെ പുറത്തിരുത്തിയാണ് കോച്ച് ജോൺ ഗ്രിഗറി ടീമിനെ ഇറക്കിയത്. ഗോൾ കീപ്പറായി ടെൻസിൻ, മധ്യനിരയിൽ അജിത്ത് കുമാർ, മുന്നേറ്റത്തിൽ ബുജൈർ എന്നിവർ കളത്തിലിറങ്ങി. മുന്നേറ്റത്തിനും പ്രതിരോധത്തിനും പ്രാധാന്യം നൽകിയാണ് തൃശൂർ എത്തിയത്.

തൃശൂരിന്റെ മുന്നേറ്റത്തോടെയാണ് മൈതാനം ഉണർന്നത്. ആദ്യ മിനിറ്റിൽ തന്നെ തൃശൂർ കോർണർ നേടിയെടുത്തെങ്കിലും ലക്ഷ്യം നേടാനായില്ല. 11-ാം മിനിറ്റിലാണ് മലപ്പുറത്തിന്‍റെ ആദ്യ മുന്നേറ്റം. ബോക്സിന് പുറത്തുനിന്നും ബുജൈറിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 19-ാം മിനിറ്റിൽ വലത് വിങ്ങിൽ നിന്ന് അൽദാലൂരിന്റെ ക്രോസ് ബാൾ മനോഹരമായ ഹെഡറിലൂടെ ഗോളാക്കാനുള്ള ഫസലുറഹ്മാന്റെ നീക്കവും ലക്ഷ്യത്തിലെത്തിയില്ല.

36-ാം മിനിറ്റിൽ തൃശൂരിനായി സഹതാരത്തിൽ നിന്ന് ത്രൂ ബാളുമായി നായകൻ സി.കെ. വിനീത് മുന്നേറ്റം നടത്തിയെങ്കിലും ഗോൾ കീപ്പർ ടെൻസിൻ അപകടമൊഴിവാക്കി. ബുജൈറും സ്പാനിഷ് താരം അൽദാലൂരും ചേർന്ന് തുടരെയുള്ള ആക്രമണങ്ങളുമായി തൃശൂരിന്റെ ഗോൾമുഖം വിറപ്പിച്ചെങ്കിലും ഗോൾ അകന്നുനിന്നു. 41-ാം മിനിറ്റിൽ മലപ്പുറം മുന്നിലെത്തിയെന്ന് തോന്നിയെങ്കിലും ക്രോസ് ബാർ വിലങ്ങുതടിയായി. വലതു വിങ്ങിൽ നിന്നും ബ്രസീലിയൻ താരം ബാർബോസ ജൂനിയർ നൽകിയ പാസ് സ്വീകരിച്ച ബുജൈറിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ഒറ്റപ്പെട്ട ആക്രമണം തൃശൂരും നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താനായില്ല.

ഗോൾ അകന്ന് രണ്ടാം പകുതിയും

രണ്ടാം പകുതിയുടെ ആദ്യത്തിൽ തന്നെ ബുജൈറിന് പകരക്കാരനായി റിസ് വാൻ അലി എത്തി. 49-ാം മിനിറ്റിൽ അജിത്ത് കുമാറിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്കും മലപ്പുറത്തിന് മുതലാക്കാനായില്ല. 65-ാം മിനിറ്റിൽ തൃശൂരും രണ്ട് മാറ്റങ്ങൾ നടത്തി. ബ്രസീലിയൻ താരം അലക്സ്, ആദിൽ എന്നിവരെ പിൻവലിച്ച് അഭിജിത്ത് സർക്കാർ, മുഹമ്മദ് ജസീൽ എന്നിവർ കളത്തിലിറങ്ങി.

72ാം മിനിറ്റിൽ തൃശൂരിന് ലഭിച്ച സുവർണാവസരം നഷ്ടമായി. കോർണറിൽ നിന്നും ഹെൻറി ആൻറണിയുടെ ഹെഡർ ക്രോസ് ബാറിൽ തട്ടി മടങ്ങി. അവസാന മിനിറ്റുകളിൽ മലപ്പുറത്തിന്റെ ആക്രമണം തടയാൻ തൃശൂരിന്റെ പ്രതിരോധം നന്നേ വിയർത്തു. മത്സരത്തിന്റെ അധിക സമയത്ത് തുടരെ കോർണറുകൾ നേടി തൃശൂരിനെ സമ്മർദത്തിലാക്കിയെങ്കിലും തൃശൂരിന്റെ പ്രതിരോധം കൊമ്പുകുലുക്കി ഉറച്ചുനിന്നു.

Tags:    
News Summary - Kerala Super League: Thrissur held Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.