കിങ്സ് കപ്പ്: ഇറാഖിനെതിരെ ലീഡ് പിടിച്ച് ഇന്ത്യ

ബാങ്കോക്ക്: കിങ്സ് കപ്പ് സെമിഫൈനലിൽ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിൽ. 17ാം മിനിറ്റിൽ മഹേഷിന്റെ ഗോളും 51ാം മിനിറ്റിൽ ഇറാഖി ഗോൾകീപ്പറുടെ പിഴവിൽ ലഭിച്ച ഗോളുമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. ആദ്യപകുതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ഇരുനിരയും ഓരോ ഗോളടിച്ച് പിരിയുകയായിരുന്നു. ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ 29 റാങ്ക് മുമ്പിലുള്ള ഇറാഖിനെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.

ഏഴാം മിനിറ്റിൽ ഇറാഖിനാണ് ആദ്യ അവസരം ലഭിച്ചത്. എന്നാൽ, ഇന്ത്യൻ പ്രതിരോധം അപകടം ഒഴിവാക്കി. 17ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന ഗോളെത്തി. സഹൽ അബ്ദുസ്സമദ് നൽകിയ പാസ് മഹേഷ് ബോക്സിലേക്ക് ഓടി പിടിച്ചെടുക്കുകയും വലയിലേക്ക് അടിച്ചുകയറ്റുകയുമായിരുന്നു. രണ്ട് മിനിറ്റിന് ശേഷം ഇന്ത്യക്കനുകൂലമായി കോർണർ ലഭിച്ചെങ്കിലും ഇറാഖി പ്രതിരോധം തട്ടിയകറ്റി. എന്നാൽ, 28ാം മിനിറ്റിൽ ഇറാഖ് തിരിച്ചടിച്ചു. സന്തോഷ് ജിങ്കാന്റെ കൈയിൽ പന്ത് തട്ടിയതിന് ലഭിച്ച പെനാൽറ്റി അൽ ഹമാദി പിഴവില്ലാതെ വലയിലെത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റിനകം അവർ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ആകാശ് മിശ്ര അടിച്ചകറ്റി. 34ാം മിനിറ്റിൽ ഇറാഖിന് ലഭിച്ച ഫ്രീകിക്ക് പോസ്റ്റിലിടിച്ച് വഴിമാറിയതും ഇന്ത്യക്ക് രക്ഷയായി.

രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഇന്ത്യ വീണ്ടും ലീഡിലെത്തുകയായിരുന്നു. എതിർ ഗോളിയുടെ പിഴവാണ് ഇന്ത്യക്ക് തുണയായത്. മൻവീറിന്റെ ദുർബല ഷോട്ട് കൈയിലൊതുക്കാമായിരുന്നിട്ടും ഗോളിയുടെ കൈയിൽ തട്ടി വലയിലേക്ക് ഉരുണ്ടുകയറുകയായിരുന്നു.

ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികളാണ് ഇടം പിടിച്ചത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനും ആദ്യ പതിനൊന്നിൽ ഇടം നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാഹുൽ കെ.പി പകരക്കാരുടെ ബെഞ്ചിലായിരുന്നു. ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. 

Tags:    
News Summary - King's Cup: India takes lead against Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.