ഒടുവിൽ പ്രഖ്യാപനമെത്തി; സൂപ്പർതാരത്തെ സ്വാഗതം ചെയ്ത് റയൽ

മാഡ്രിഡ്: ഒടുവിൽ ആ സന്തോഷവാർത്ത ക്ലബ് തന്നെ സ്ഥിരീകരിച്ചു. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ തങ്ങളുടെ 'സൈന്യ'ത്തിന്റെ ഭാഗമാക്കിയെന്ന് റയൽ മാഡ്രിഡ് സമ്മതിച്ചു.

ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് 25കാരനുമായി റയൽ കരാറിലെത്തിയത്. ഞായറാഴ്ച കരാർ നടപടികൾ പൂർത്തിയായിരുന്നെങ്കിലും ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്. അടുത്ത അഞ്ചു സീസണുകളിൽ തങ്ങൾക്കായി സൂപ്പർതാരം പന്തുതട്ടുമെന്ന് റയൽ ഒഫീഷ്യൽ പേജിലൂടെ എക്സിൽ കുറിച്ചു.

കിലിയൻ എംബാപ്പെയുടെ മികച്ച കളിമുഹൂർത്തങ്ങളെ കോർത്തിണക്കിയുള്ള നാല് മിനിറ്റോളമുള്ള ഒരു വിഡിയോ എക്സിൽ പങ്കുവെച്ചാണ് താരത്തെ സ്വാഗതം ചെയ്തത്. എന്നാൽ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗമായി പുറത്തുവന്നില്ലെങ്കിലും എക്കാലത്തെയും മികച്ച തുകക്കായിരിക്കും സൂപ്പർതാരത്തെ ടീമിലെത്തിക്കുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

കഴിഞ്ഞ മാസമാണ് ഫ്രഞ്ച് സൂപ്പർതാരം പി.എസ്.ജി വിട്ടത്. 2017 മുതൽ പി.എസ്.ജിയിൽ കളിക്കുന്ന 25 കാരൻ ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ്. ഏഴു വർഷത്തിനിടെ 308 മത്സരങ്ങളിൽനിന്ന് 256 ഗോളുകളാണ് നേടിയത്.

ഈ വർഷം ആദ്യം മുതൽ തന്നെ പി.എസ്.ജി വിട്ട് റയലിൽ എത്തുമെന്ന അഭ്യുഹങ്ങൾ പരന്നിരുന്നെങ്കിലും അത് യാഥാർത്യമായത് ഇപ്പോഴാണ്. ബൊറൂസിയ ഡോർട്ടുമുണ്ടിനെ തറപറ്റിച്ച് 15ാം ചാമ്പ്യൻസ് ലീഗ് കിരീടം ഷോക്കേസിലെത്തിച്ചതിന് തൊട്ടുപിന്നാലെയുള്ള ഈ നീക്കം റയൽ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ജൂൺ 15 ന് ജർമനിയിൽ ആരംഭിക്കുന്ന യൂറോ കപ്പിനായി ഒരുങ്ങുകയാണ് ഇപ്പോൾ ഫ്രാൻസ് ദേശീയ ടീം നായകൻ കൂടിയായ കിലിയൻ എംബാപ്പെ.

Tags:    
News Summary - Kylian Mbappe joins Real Madrid on free transfer; ex-PSG star signs five-year deal with La Liga giants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.