ബംഗളൂരു: കിരീട പ്രതീക്ഷയുമായി സാഫ് കപ്പിനെത്തിയ ലബനാന് ഗ്രൂപ് ബിയിൽ ജയത്തോടെ തുടക്കം. വ്യാഴാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ മുൻ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്. ഗോൾ രഹിതമായ മത്സരം ഒന്നേകാൽ മണിക്കൂറിലേക്ക് അടുക്കവെ 74ാം മിനിറ്റിൽ ക്യാപ്റ്റൻ ഹസൻ മത്തൂക്ക് ലബനാന് വേണ്ടി നിർണായക ഗോൾ നേടി. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇൻജുറി ടൈമിൽ ഖലീൽ ബദർ (90+6) സ്കോർ ചെയ്ത് ലീഡ് രണ്ടാക്കി. ഫിഫ റാങ്കിങ്ങിൽ യഥാക്രമം 99ലും 192ലും നിൽക്കുന്ന ലബനാനും ബംഗ്ലാദേശും കൊണ്ടും കൊടുത്തുമാണ് കളിച്ചത്. എങ്കിലും ലബനാനായിരുന്നു ഒരുപടി മുന്നിൽ. രണ്ട് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റാനാവാഞ്ഞതിനാൽ ആദ്യ പകുതിയിൽ സ്കോർ ബോർഡ് അനങ്ങിയില്ല. കളിയുടെ തീവ്രത കൂടുന്നതിനനുസരിച്ച് ഇരുവശത്തും പരുക്കൻ നീക്കങ്ങളും ഉണ്ടായതോടെ റഫറിക്ക് ഇടക്കിടെ മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടിവന്നു. രണ്ടാം പകുതി തീർത്തും ലബനാന് അനുകൂലമാവുന്നതാണ് കണ്ടത്. ഇടത് വിങ്ങിൽ നിന്ന് അതിവേഗ പാസ് സ്വീകരിച്ച സെയ്ൻ അൽ ഫറാൻ രണ്ട് ബംഗ്ലാദേശ് ഡിഫൻഡർമാരെ പരാജയപ്പെടുത്തിയെങ്കിലും ഗോൾകീപ്പർ അനിസുർ റഹ്മാന്റെ നീട്ടിയ കൈകളെ മറികടക്കാൻ കഴിഞ്ഞില്ല.
74ാം മിനിറ്റിൽ ആദ്യ ഗോളെത്തി. ഡിഫൻഡറിൽ നിന്ന് പന്ത് സ്വീകരിച്ച കരീം ഡാർവിച്ച് ബംഗ്ലാദേശ് ഹാഫിൽ നിൽക്കുന്ന മത്തൂക്കിന് നൽകാൻ വൈകിയില്ല. ലോങ് പാസ് സുന്ദരമായി വരുതിയിലാക്കിയ മത്തൂക്ക് ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക് തൊടുത്തതോടെ ലബനാന്റെ ആഘോഷം. ഇൻജുറി ടൈമിലെ അവസരം ഖലീൽ ബദറും ഉപയോഗപ്പെടുത്തി. ഞായറാഴ്ച ഭൂട്ടാനുമായാണ് ലബനാന്റെ അടുത്ത മത്സരം. അന്ന് തന്നെ ബംഗ്ലാദേശ് മാല ദ്വീപിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.