സീസൺ പകുതി പിന്നിട്ടിട്ടും ആരാധകരെ നിരാശപ്പെടുത്തി മറവിയിൽനിന്ന പഴയ പ്രതാപത്തിന്റെ മധുരസ്മൃതികൾ ഒറ്റനാളിൽ തിരിച്ചുപിടിച്ച് ചെമ്പട. ആൻഫീൽഡിലെ ആവേശപ്പോരിൽ സമാനതകളില്ലാത്ത ഫിനിഷിങ്ങും നീക്കങ്ങളുമായാണ് ലിവർപൂൾ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിനെ നാണംകെടുത്തിയത്. പ്രിമിയർ ലീഗിൽ ന്യുകാസിലിനെയും കടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറിയ ക്ലോപിന്റെ കുട്ടികൾക്ക് ഇതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത കാലെത്തുംദൂരത്തിലായി.
ആദ്യ പകുതിയിൽ കളിയിലും ഗോൾനീക്കങ്ങളിലും തുല്യത പാലിച്ചാണ് ഇരു ടീമും പന്തുതട്ടിയത്. ആദ്യ അവസരങ്ങൾ തുറന്നതാകട്ടെ, യുനൈറ്റഡും. ബ്രൂണോ ഫെർണാണ്ടസിന്റെയും റാഷ്ഫോഡിന്റെയും നീക്കങ്ങൾ ആതിഥേയ ഗോൾമുഖത്ത് അപകടസൂചന ഉയർത്തുകയും ചെയ്തതാണ്. ഇതെല്ലാം പൊയ് വെടികളാണെന്ന പ്രഖ്യാപനമായി ആദ്യഗോൾ വീഴുന്നത് സ്വന്തം വലയിൽ. ആദ്യ പകുതി അവസാനിക്കാനിരിക്കെ റോബർട്സൺ നൽകിയ പാസിൽ കോഡി ഗാക്പോയുടെ മനോഹര ഫിനിഷിലായിരുന്നു ആതിഥേയർ മുന്നിലെത്തിയത്.
വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചന നൽകിയ ഗോൾ പക്ഷേ, മടക്കാമെന്ന പ്രതീക്ഷയുമായാണ് യുനൈറ്റഡ് ഇടവേളക്കു പിരിഞ്ഞത്. എന്നാൽ, അടുത്തിടെ തുടർ വിജയങ്ങളുടെ ചിറകേറി വൻ തിരിച്ചുവരവുമായി ഓൾഡ് ട്രാഫോഡിൽ ആവേശമായി മാറിയ ടെൻ ഹാഗിന്റെ കുട്ടികൾക്കു മേൽ ആതിഥേയർ ഗോളുത്സവം തീർക്കുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. രണ്ടാം പകുതിയുടെ തുടക്കത്തിൽ നൂനസ് ലീഡുയർത്തിയതിനു പിന്നാലെ ഗാക്പോ വീണ്ടും ഗോളടിച്ചു. നെഞ്ചു തകർന്ന് ഓടിനടന്ന ബ്രൂണോ ഫെർണാണ്ടസിനെയും സംഘത്തെയും തരിപ്പണമാക്കി സലാഹ്, ഫർമീനോ എന്നിവരും ഗോൾ കണ്ടെത്തി. ഗാക്പോ, നൂനസ്, സലാഹ് എന്നീ മൂന്നു പേരാണ് ഇരട്ട ഗോളുകൾ കുറിച്ചത്. രണ്ടു ഗോളുമായി ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും ഇതോടെ സലാഹ് തന്റെ പേരിലാക്കി. റോബി ഫൗളറുടെ പേരിലായിരുന്ന റെക്കോഡാണ് 129 ഗോൾ പൂർത്തിയാകി ഈജിപ്ത് താരം സ്വന്തമാക്കിയത്. രണ്ട് ഗോളിനു പുറമെ രണ്ട് അസിസ്റ്റും താരം സ്വന്തമാക്കി.
ആധികാരിക ജയവുമായി ദിവസങ്ങൾക്ക് മുമ്പ് കരബാവോ കപ്പിൽ മുത്തമിട്ട് പുതിയ തുടക്കം കുറിച്ച യുനൈറ്റഡിന്റെ പുതുപ്രതീക്ഷകൾ അസ്ഥാനത്താക്കുന്നതായിരുന്നു പതിറ്റാണ്ടുകൾക്കിടെ ടീം ഏറ്റുവാങ്ങുന്ന ഏറ്റവും വലിയ തോൽവി. 1930കളൂടെ തുടക്കത്തിലാണ് ഇത്രയും വലിയ മാർജിനിൽ ടീം തോൽക്കുന്നത്. പിന്നീടൊരിക്കലും വഴങ്ങാത്ത വൻ തോൽവിക്ക് ആരെ പഴിക്കുമെന്ന ആധിയിലാണ് ടീം മാനേജ്മെന്റും.
റാഷ്ഫോഡിന്റെ ഗോളുകളും ടെൻ ഹാഗിന്റെ തന്ത്രങ്ങളും ഒരേ മൂർച്ചയിൽ ടീമിനെ മുന്നിലെത്തിക്കുന്ന സമീപകാല വിജയങ്ങൾക്കു പിന്നാലെ എന്തുകൊണ്ട് ഇത്രയും വലിയ തോൽവിയെന്ന് ആരാധകരും ചോദിക്കുന്നു. എതിരാളികൾക്ക് അവസരം നൽകാതെയായിരുന്നു ഞായറാഴ്ച ലിവർപൂൾ നേടിയ മിക്ക ഗോളുകളും. ഹാർവി എലിയട്ടിന്റെ ക്രോസിൽ തലവെച്ച് രണ്ടാം പകുതിയിൽ നൂനസ് തുടർച്ച നൽകിയ ഗോൾവേട്ട ഓരോന്നും ഞെട്ടലോടെയാണ് യുനൈറ്റഡ് പ്രതിരോധം കണ്ടത്. പ്രത്യാക്രമണത്തിലായിരുന്നു വെടിച്ചില്ലുകണക്കെ പായിച്ച ഷോട്ടിൽ സലാഹിന്റെ ആദ്യ ഗോൾ. ലിവർപൂൾ വിടുകയാണെന്ന് പ്രഖ്യാപിച്ച ഫർമീനോയും ഗോൾ നേടിയത് ശ്രദ്ധേയമായി.
പ്രിമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്നാണിത്. കഴിഞ്ഞ സീസണിൽ ഓൾഡ് ട്രാഫോഡിൽ എതിരില്ലാത്ത അഞ്ചു ഗോളിനും ഓൾഡ് ട്രാഫോഡിൽ ഏകപക്ഷീയമായ നാലു ഗോളിനും ലിവർപൂൾ ജയിച്ചിരുന്നു. ഈ സീസണിൽ പക്ഷേ, സ്വന്തം മൈതാനത്ത് ആദ്യ കളി 2-1ന് ജയിച്ചത് യുനൈറ്റഡായിരുന്നു.
അതേ സമയം, ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ റയലിനു മുന്നിൽ മൂന്നു ഗോൾ മാർജിനിൽ തോറ്റ ലിവർപൂളിന് ഈ ജയം കരുത്താക്കി അതിലേറെ വലിയ വിജയം പിടിക്കാനാകുമോ എന്നണ് കാത്തിരുന്ന് കാണാനുള്ളത്. ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് രണ്ടു ഗോൾ ലീഡ് പിടിച്ച ശേഷമായിരുന്നു 5-2ന് റയൽ കളി ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.