ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ കരിയറിലേക്ക് മറ്റൊരു കിരീടം കൂടി. എം.എൽ.എസ് സപ്പോർട്ടേഴ്സ് ഷീൽഡ് ചാമ്പ്യന്മാരായി ഇന്‍റർ മയാമി. മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയ കലാശപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് മയാമി വീഴ്ത്തിയത്.
ലൂയിസ് സുവാരസാണ് ടീമിനായി മൂന്നാം ഗോൾ നേടിയത്. മെസ്സിയുടെ ക്ലബ്-രാജ്യാന്തര കരിയറിലെ 46ാം മേജർ കിരീട നേട്ടമാണിത്. മെസ്സിക്കു കീഴിൽ മയാമി നേടുന്ന രണ്ടാം കിരീടവും. കഴിഞ്ഞ തവണ ലീഗ് കപ്പും മയാമി സ്വന്തമാക്കിയിരുന്നു. 45ാം മിനിറ്റിൽ മെസ്സിയിലൂടെ മയാമിയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+5) സൂപ്പർ താരം വീണ്ടും വലകുലുക്കി. ബോക്സിനു തൊട്ടുവെളിയിൽനിന്ന് ലഭിച്ച ഫ്രീകിക്കാണ് താരം വലയിലാക്കിയത്.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ ഡീഗോ റോസിയിലൂടെ കൊളമ്പസ് തിരിച്ചടിച്ചു. രണ്ട് മിനിറ്റിനകം ലൂയിസ് സുവാരസിലൂടെ വീണ്ടും മയാമി വലകുലുക്കി (3-1). 61ാം മിനിറ്റിൽ കൊളമ്പസ് താരം ഹെർനാണ്ടസ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലീഡ് കുറച്ചു. 63ാം മിനിറ്റിൽ റൂഡി കമാച്ചോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് കൊളമ്പസിന് തിരിച്ചടിയായി. 84ാം മിനിറ്റിൽ കൊളമ്പസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ഹെർനാണ്ടസിന്‍റെ കിക്ക് മയാമി ഗോൾ കീപ്പർ ഡ്രാക്കെ കലണ്ടർ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.