ദോഹ: കളിയാവേശത്തിന് പന്തുരളുംമുമ്പേ ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിലേക്ക് സംഗീതപ്രേമികളെ സ്വാഗതംചെയ്ത് ഫിഫയും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും. ബോളിവുഡ് ആസ്വാദക ഹൃദയങ്ങളിലെ സൂപ്പർതാരം സുനിതി ചൗഹാനും സംഗീത വിസ്മയങ്ങളായ സലിം-സുലൈമാൻ സഹോദരങ്ങളും ഗസൽ-സൂഫി-ഖവാലി ഗാനങ്ങളിലൂടെ ലോകമെങ്ങും ആസ്വാദകരുള്ള റാഹത്ത് ഫതേഹ് അലി ഖാനുമാണ് നവംബർ നാലിന് നടക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിൽ പാടിത്തിമിർക്കാനെത്തുന്നത്.
ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി ഏഴിന് ആരംഭിക്കുന്ന സംഗീത പരിപാടിക്കുള്ള ടിക്കറ്റ് വിൽപന പുരോഗമിക്കുന്നതായി സുപ്രീം കമ്മിറ്റി മാർക്കറ്റിങ് റിലേഷൻസ് ഡയറക്ടർ ഹസൻ റബിഅ അൽ കുവാരിയും ഖത്തർ ടൂറിസം ചീഫ് ഓപറേറ്റർ ഓഫിസർ ബെർതോൾഡ് ട്രെങ്കലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലോകകപ്പ് ആവേശത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഖത്തറിൽ ഇന്ത്യൻ സംഗീത പ്രേമികൾക്കുള്ള സമ്മാനമായാണ് ബോളിവുഡ് സൂപ്പർ ഹീറോസിന്റെ പരിപാടിക്കായി ഫിഫയും സുപ്രീം കമ്മിറ്റിയും വേദിയൊരുക്കുന്നത്. ലോകകപ്പിന്റെ പ്രധാന വേദിയായ ലുസൈൽ സ്റ്റേഡിയത്തിന് ലോകകപ്പിന് മുമ്പൊരു ടെസ്റ്റ്റൺ എന്ന നിലയിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഖവാലിയുടെയും ഹിന്ദുസ്ഥാനി സംഗീതരംഗത്തെയും കുലപതിയായ റാഹത്ത് ഫത്തേഹ് അലിഖാന്‍ ദക്ഷിണേഷ്യയിലും മിഡിൽ ഈസ്റ്റിലും ഏറെ ആരാധകരുള്ള ഗായകനാണ്.
നിരവധി ബോളിവുഡ് ഹിറ്റ് ഗാനങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരിയാണ് സുനിതി ചൗഹാൻ. എക്കാലത്തെയും ഹിറ്റായ 'ധും മചാലെ...', 'സാമി സാമി...' റബ് നെ ബനായിലെ 'ഡാൻസ് പേ ചാൻസ്...' തുടങ്ങിയ ഗാനങ്ങളിലൂടെ ഹിന്ദി സിനിമയിലും ടെലിവിഷൻ ഷോകളിലും നിറസാന്നിധ്യമാണ് സുനിതി ചൗഹാൻ. കീബോര്‍ഡ്, ഹാര്‍മോണിയം, പിയാനോ, തബല എന്നിവയിലെല്ലാം വിസ്മയം തീര്‍ക്കുന്ന സംഗീതരചനയിലെ പ്രശസ്ത ഇരട്ടകള്‍ സലിം-സുലൈമാന്‍ എന്നിവര്‍കൂടി ഒന്നിക്കുന്നതോടെ പന്തുരുളുംമുമ്പ് ലുസൈലിൽ മികച്ചൊരു സംഗീതവിരുന്നാവും.
5.30ന് സിദ്ധാർഥ് കശ്യപ് നേതൃത്വം നല്‍കുന്ന പെര്‍ഫെക്ട് അമല്‍ഗമേഷന്‍ ടീമിന്റെ ഫ്യൂഷന്‍ പ്രകടനം ആരംഭിക്കും. നവംബര്‍ മൂന്നുമുതല്‍ അഞ്ചുവരെ നടക്കുന്ന ദര്‍ബ് ലുസൈല്‍ മേളയുടെ ഭാഗമാണ് സംഗീത നിശയെന്ന് സംഘാടകര്‍ അല്‍ബിദ ടവറില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ മാത്രം ലഭിക്കും: www.fifa.com/tickets.
മാച്ച് ടിക്കറ്റുള്ള ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഫിഫയുടെ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പരിപാടി. ഭക്ഷ്യവിഭവങ്ങള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല. ത്രിദിന ദര്‍ബ് ലുസൈല്‍ മേളയും സംഗീത നിശയും ഫിഫ ലോകകപ്പിന്റെ ട്രയല്‍ പരിപാടി കൂടിയായി മാറുമെന്നും ലുസൈല്‍ സ്റ്റേഡിയം നിറയുന്ന (80,000) ആരാധകരെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ 2022 മാര്‍ക്കറ്റിങ് റിലേഷന്‍സ് ഡയറക്ടര്‍ ഹസ്സന്‍ റബീഅ അൽകുവാരി പറഞ്ഞു.
ഖത്തറിനായി പല നിലകളില്‍ സംഭാവന ചെയ്യുന്ന, ഒപ്പംനില്‍ക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള സമര്‍പ്പണം കൂടിയാണിത്; പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്. ഖത്തര്‍ ഫിഫ ലോകകപ്പ് ടിക്കറ്റെടുത്തവരില്‍ ഖത്തറിലെയും യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെയും മറ്റ് നാടുകളിലെയും ഇന്ത്യക്കാരാണ് കൂടുതല്‍.
ടൂര്‍ണമെന്റ് വിജയിപ്പിക്കാന്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം മുഖ്യമാണെന്നും അവക്കുള്ള ആഘോഷപരിപാടിയാണ് ബോളിവുഡ് സംഗീതവിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.ഏഴിന് തുടങ്ങുന്ന പരിപാടിക്ക് നാലിനുതന്നെ പ്രവേശനം അനുവദിക്കുമെന്നും ആരാധകര്‍ മൂന്നുമണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഡിയത്തിലെത്താന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.