മെസ്സി ഇല്ലെങ്കിലെന്താ, സുവാരസുണ്ടല്ലോ! രണ്ടടിച്ച് യുറുഗ്വായ് താരം; ഇന്‍റർ മയാമിക്ക് ജയം

മേജർ ലീഗ് സോക്കറിൽ സൂപ്പർതാരം ലയണൽ മെസ്സി ഇല്ലാതെ കളത്തിലിറങ്ങിയ ഇന്‍റർ മയാമിക്ക് തകർപ്പൻ ജയം. പകരക്കാരനായി കളത്തിലിറങ്ങി ലൂയിസ് സുവാരസ് ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഡി.സി യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മയാമി തകർത്തത്.

മത്സരത്തിന്‍റെ 72, 85 മിനിറ്റുകളിലാണ് യുറുഗ്വായ് താരം വലകുലുക്കിയത്. ലിയോനാർഡോ കാമ്പാനയും (23ാം മിനിറ്റിൽ) മയാമിക്കായി ഗോൾ നേടി. ജാറെഡ് സ്ട്രോഡിലൂടെ 14ാം മിനിറ്റിൽ ഡി.സി യുനൈറ്റഡാണ് ആദ്യം ലീഡെടുത്തത്. ഓരോ ഗോളുകളുമായി ഇരുടീമും ഒപ്പത്തിനൊപ്പം നിൽക്കുമ്പോഴാണ് 62ാം മിനിറ്റിൽ പകരക്കാരനായി സുവാരസ് കളത്തിലെത്തുന്നത്. പത്ത് മിനിറ്റിനുശേഷം താരം ടീമിനായി ലീഡ് നേടി. സുവാരസ് കളിച്ച 30 മിനിറ്റാണ് മത്സരത്തിൽ വഴിത്തിരിവായതെന്ന് മയാമി പരിശീലകൻ ടാറ്റ മാർട്ടിനോ പ്രതികരിച്ചു. മയാമിക്കായി ഇതിനകം എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി സുവാരസ് ആറു ഗോളുകൾ നേടുകയും അഞ്ച് ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

വലത് ഹാംസ്ട്രിങ്ങിനു പരിക്കേറ്റതിനെ തുടർന്നാണ് മെസ്സി കളിക്കാതിരുന്നത്. സീസണിൽ രണ്ടാം മത്സരമാണ് മെസ്സിക്ക് പരിക്കുമൂലം നഷ്ടമാകുന്നത്. മാസാവസാനം രണ്ടു സൗഹൃദ മത്സരങ്ങൾക്കായി മെസ്സി അർജന്‍റീന ടീമിനൊപ്പം ചേരും. ഏപ്രിലിൽ കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിൽ ലീഗ എം.എക്സിനെതിരെ മയാമിക്ക് മത്സരമുണ്ട്. അതിനു മുമ്പായി മെസ്സി പരിക്കിൽനിന്ന് പൂർണ മുക്തനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകനും ആരാധകരും.

Tags:    
News Summary - Luis Suarez scores two goals, Inter Miami tops D.C. United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT