ജാക് െഫ്ലച്ചർ
ലണ്ടൻ: ഒരുമനസ്സോടെ പട നയിക്കുന്ന ഇരട്ടസഹോദരങ്ങൾ. രക്തത്തിൽ പ്രഗല്ഭനായ പിതാവിന്റെ പന്തടക്കം. മാഞ്ചസ്റ്റർ യുനൈറ്റഡ് ഇവരിൽ പ്രതീക്ഷ വെക്കുകയാണ്. നിലവിൽ യുനൈറ്റഡിന്റെ അണ്ടർ 21 ടീമിലെ മുന്നണിപ്പോരാളികളാണ് ഈ 18 വയസ്സുകാർ. 2003നും 2015നും ഇടയിൽ യുനൈറ്റഡിനുവേണ്ടി 342 മത്സരങ്ങളിൽ കുപ്പായമിട്ടിറങ്ങി 13 കിരീടനേട്ടങ്ങളിൽ പങ്കാളിയായ വിഖ്യാത താരം ഡാരൻ െഫ്ലച്ചറുടെ മക്കളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഡാരന്റെ മക്കളായ ജാക് െഫ്ലച്ചറും ടെയ്‍ലർ െഫ്ലച്ചറും തങ്ങളുടെ മിടുക്ക് കഴിഞ്ഞ ദിവസം കളത്തിൽ പ്രകടമാക്കി. വെസ്റ്റ് ബ്രോംവിച്ച് അണ്ടർ 21 ടീമിനെതിരായ കളിയിൽ യുനൈറ്റഡിന്റെ ഇളമുറസംഘം 5-1ന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയപ്പോൾ രണ്ടുഗോളുകൾ ജാക്കിന്റെ ബൂട്ടിൽനിന്നായിരുന്നു. ആ രണ്ടുഗോളുകൾക്കും വഴിയൊരുക്കിയതാവട്ടെ, സഹോദരനായ ടെയ്‍ലറും.
2015ൽ യുനൈറ്റഡിൽനിന്ന് പടിയിറങ്ങിയ ശേഷം ഡാരൻ െഫ്ലച്ചർ 97 മത്സരങ്ങളിൽ വെസ്റ്റ് ബ്രോംവിച്ചിനുവേണ്ടി കളത്തിലിറങ്ങിയിരുന്നു. ലേ സ്പോർട്സ് വില്ലേജിൽ നടന്ന മക്കളുടെ മത്സരം കാണാൻ ഗാലറിയിൽ ഡാരൻ ഉണ്ടായിരുന്നു. ജാക്കും ടെയ്‍ലറും യുനൈറ്റഡിന്റെ സീനിയർ ടീമിൽ വൈകാതെ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം റയൽ സൊസീഡാഡിനെതിരെ നടന്ന യൂറോപ ലീഗ് മത്സരത്തിൽ ജാക് പകരക്കാരുടെ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. അടുത്തയാഴ്ചയാണ് ഇരുവർക്കും 18 വയസ്സ് തികയുന്നത്.
ഡാരൻ െഫ്ലച്ചർ
യുനൈറ്റഡിന്റെ സീനിയർ ടീം പരിശീലക സ്ഥാനത്തുനിന്ന് ടെൻ ഹാക്കിന്റെ പുറത്താകലിനുശേഷം നിലവിൽ ക്ലബിന്റെ പരിശീലക സംഘത്തിൽ ഡാരൻ ഉണ്ട്. റൂബൻ അമോറിമിനു കീഴിൽ ഫസ്റ്റ് ടീം കോച്ചാണിപ്പോൾ ഡാരൻ. സ്കോട്‍ലൻഡ് ദേശീയ ടീമിനുവേണ്ടിയാണ് ഡാരൻ െഫ്ലച്ചർ പന്തുതട്ടിയതെങ്കിലും മക്കൾ ഇംഗ്ലണ്ട് ജഴ്സിയാണ് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.