ലണ്ടൻ: തുടർതോൽവികളിൽ വലഞ്ഞിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിൽ പുതിയ പരിശീലകൻ എത്തിയിട്ടും കാര്യങ്ങൾ പഴയതുപോലെ തന്നെ. റൂബന്‍ അമോറിമിനെ കൊണ്ടുവന്നു മുഖം മിനുക്കാനുള്ള യുനൈറ്റഡിന്‍റെ ശ്രമം ഇതുവരെ ട്രാക്കില്‍ കയറിയിട്ടില്ല.
കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിലിനോടും യുനൈറ്റഡ് നാണംകെട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നു മത്സരങ്ങളിലാണ് ടീം പരാജയപ്പെടുന്നത്. കൂടാതെ, സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ 45 വർഷത്തിനിടെ ആദ്യമായി തുടർച്ചയായി മൂന്നു മത്സരങ്ങളിൽ ചുവന്ന ചെകുത്താന്മാർ പരാജയം രുചിച്ചു. 1972നുശേഷം രണ്ടാം തവണ മാത്രമാണ് ന്യൂകാസിൽ ഓൾഡ് ട്രാഫോർഡിൽ ജയിക്കുന്നത്.
ലീഗ് പട്ടികയിൽ നിലവിൽ 14ാം സ്ഥാനത്താണ് യുനൈറ്റഡ്. തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് ഏഴു പോയന്‍റ് മാത്രം അകലെ. ഇനിയും തിരിച്ചു വന്നില്ലെങ്കില്‍ പ്രീമിയര്‍ ലീഗിൽ നിന്നു തന്നെ പുറത്താകേണ്ടി വരും. നിലവില്‍ റെലഗേഷന്‍ സോണില്‍ 18ാം സ്ഥാനത്തുള്ള ഇപ്‌സ്വിച് ടൗണിന് 15 പോയന്‍റാണ്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ന്യൂകാസിലിനു മുന്നിൽ വീണത്. ആദ്യ പകുതിയിലാണ് മത്സരത്തിലെ ഗോളുകള്‍ പിറന്നത്. നാലാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഐസക്കാണ് ആദ്യം യുണൈറ്റഡിന്‍റെ വലകുലുക്കിയത്. ഒരു ഫ്രീ ഹെഡറിലൂടെയാണ് ഐസക്ക് ഗോളടിച്ചത്.
19ാം മിനിറ്റില്‍ ബ്രസീൽ താരം ജോലിന്‍റൺ ന്യൂകാസിലിന്‍റെ രണ്ടാം ഗോളും നേടി. 1979ലാണ് സ്വന്തം തട്ടകത്തിൽ ഇതിനു മുമ്പ് യുനൈറ്റഡ് മൂന്നു മത്സരങ്ങളിൽ തുടർച്ചയായി തോൽക്കുന്നത്. 18 മത്സരങ്ങളിൽനിന്ന് 45 പോയന്‍റുമായി ലിവർപൂളാണ് ലീഗിൽ ഒന്നാമത്. രണ്ടാമതുള്ള നോട്ടിങ്ഹാം ഫോറസ്റ്റിന് 19 മത്സരങ്ങളിൽനിന്ന് 37 പോയന്‍റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.