ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും ഭാര്യ ക്രിസ്റ്റിന സെറയും തമ്മിൽ വേർപിരിഞ്ഞു. ഇരുവരും ഉഭയസമ്മത പ്രകാരമാണ് 30 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്.
മാസങ്ങൾക്കു മുമ്പേ വേർപിരിയാൻ ഇരുവരും തീരുമാനിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇക്കാര്യം അറിഞ്ഞിരുന്നത്. 1994ലാണ് ഫാഷൻ ബിസിനസ്സ് നടത്തുന്ന ക്രിസ്റ്റിനയും ഗ്വാർഡിയോളയും പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. 20 വർഷത്തോളം ഒരുമിച്ചു താമസിച്ചതിനുശേഷം 2014ൽ ബാഴ്സലോണയിൽ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. ബന്ധത്തിൽ മരിയ, മാരിയസ്, വാലന്‍റീന എന്നീ മൂന്നു മക്കളുണ്ട്.
പരിശീലകനെന്ന നിലയിൽ ഗ്വാർഡിയോളയുടെ തിരക്കുപിടിച്ച ജീവിതമാണ് വിവാഹ ബന്ധം വേർപെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. സിറ്റി പരിശീലകനെന്ന നിലയിൽ ഏറെ നാളായി ഗ്വാർഡിയോള മാഞ്ചസ്റ്ററിലാണ് താമസം. ഫാഷൻ ബിസിനസ്സിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി ക്രിസ്റ്റീന മക്കളോടൊപ്പം ബാഴ്സലോണയിലേക്ക് മടങ്ങിയിരുന്നു. ബാഴ്സ പരിശീകനായിരുന്നു സമയത്ത് റഷ്യൻ വ്യാപാരിയിൽനിന്ന് ഗ്രൗണ്ടിനു സമീപത്തെ ഒരു ആഢംബര വീട് ഗ്വാർഡിയോള വാങ്ങിയിരുന്നു. ഇവിടെയാണ് അഞ്ചു വർഷമായി ക്രിസ്റ്റിനയും മക്കളും താമസിക്കുന്നത്.
ഇരുവരും വേർപിരിഞ്ഞെങ്കിലും സൗഹൃദം തുടരും. കഴിഞ്ഞ ക്രിസ്മസ് കുടുംബം ഒരുമിച്ചാണ് ആഘോഷിച്ചത്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും തിരിച്ചടികൾ നേരിടുന്ന സിറ്റിയെ, ഇടവേളക്കുശേഷം ഫോമിലേക്ക് തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്വാർഡിയോള. ബ്രെന്‍റ്ഫോഡിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. നിലവിൽ പ്രീമിയൽ ലീഗിൽ ആറാം സ്ഥാനത്താണ് ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.