ഗോൾ വരൾച്ച അവസാനിപ്പിച്ച് ഹോയ്‍ലണ്ട്; ഗോളടിച്ചും അടിപ്പിച്ചും ബ്രൂണോ; ലെസ്റ്ററിനെ വീഴ്ത്തി യുനൈറ്റഡ്

ഗോൾ വരൾച്ച അവസാനിപ്പിച്ച് ഹോയ്‍ലണ്ട്; ഗോളടിച്ചും അടിപ്പിച്ചും ബ്രൂണോ; ലെസ്റ്ററിനെ വീഴ്ത്തി യുനൈറ്റഡ്

റാസ്മസ് ഹോയ്‍ലണ്ട് 21 മത്സരങ്ങളിലെ ഗോൾ വരൾച്ച അവസാനിപ്പിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് പ്രീമിയിൽ ലീഗിൽ തകർപ്പൻ ജയം. ഗോളടിച്ചും അടിപ്പിച്ചും ബ്രൂണോ ഫെർണാണ്ടസ് നായകനൊത്ത പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ദുർബലരായ ലെസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുനൈറ്റഡ് തകർത്തത്.

അർജന്‍റൈൻ താരം അലെജാന്ദ്രോ ഗർണാച്ചോയാണ് മറ്റൊരു ഗോൾ നേടിയത്. ജയത്തോടെ യുനൈറ്റഡ് 13ാം സ്ഥാനത്തേക്ക് കയറി. ആദ്യ പകുതിയിൽ യുനൈറ്റഡിന്‍റെ ആധിപത്യമായിരുന്നു. എറിക്സന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. 28ാം മിനിറ്റിൽ ഹോയ്‍ലണ്ടിലൂടെ യുനൈറ്റഡ് ലീഡെടുത്തു. ബ്രൂണോയുടെ പാസ് സ്വീകരിച്ച് പന്തുമായി മുന്നേറിയ താരത്തിന്‍റെ കിടിലൻ ഷോട്ട് വലയിൽ. ഡിസംബർ 12നുശേഷം താരം ആദ്യമായാണ് യുനൈറ്റഡിനായി ഗോൾ നേടുന്നത്.

രണ്ടാം പകുതിയിൽ യുനൈറ്റഡിന്റെ യുവ സെന്റർ ബാക്ക് എയ്ദൻ ഹെവൻ പരിക്കേറ്റ് പുറത്ത് പോയത് തിരിച്ചടിയായി. 67ാം മിനിറ്റിൽ ഗർണാച്ചോ ലീഡ് ഉയർത്തി. ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയത് നായകൻ ബ്രൂണോയായിരുന്നു. മത്സരത്തിന്‍റെ അവസാന മിനിറ്റിലാണ് ബ്രൂണോ ഗോൾ പട്ടിക പൂർത്തിയാക്കിയത്. ഡീഗോ ഡാലറ്റാണ് അസിസ്റ്റ് നൽകിയത്.

യുനൈറ്റഡിന് 29 മത്സരങ്ങളിൽ 37 പോയന്‍റാണുള്ളത്. തരംതാഴ്ത്തിൽ ഭീഷണി നേടുന്ന ലെസ്റ്ററിന് ഇത്രയും മത്സരങ്ങളിൽനിന്ന് 17 പോയന്‍റ്. കഴിഞ്ഞ 14 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് നേടാനായത്. 70 പോയന്‍റുമായി ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്.

അതേസമയം, ചാമ്പ്യൻസ് ലീഗിൽ കണ്ണുറപ്പിച്ച് കുതിക്കുകയാണ് നോട്ടിങ്ഹാം ഫോറസ്റ്റ്. ദുർബലരായ ഇപ്സിച്ച് ടൗണിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്തുവിട്ടാണ് ഫോറസ്റ്റുകാർ പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് കൂടുതൽ കരുത്തുകാട്ടിയത്. രണ്ടാമതുള്ള ആഴ്സനലിനെക്കാൾ ഒറ്റ പോയന്റ് പിറകിലുള്ള ടീം അഞ്ചാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായി പോയന്റ് അകലം ആറാക്കി. ലീഗിൽ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിൽനിൽക്കുന്ന ലിവർപൂളിനെ പിടിക്കൽ അതിവിദൂര സാധ്യത മാത്രമാണെങ്കിലും മറ്റുള്ള എല്ലാ ടീമുകളും പിടിക്കാവുന്ന അകലത്തിലാണ്.

1979, 80 വർഷങ്ങളിൽ യൂറോപ്യൻ കപ്പ് നേടിയ ടീമാണ് ഫോറസ്റ്റ്. മറുവശത്ത്, ഒമ്പതു കളികൾ മാത്രം ബാക്കിനിൽക്കെ ഇനി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാൻ ഓരോ മത്സരവും ഫൈനലാണെന്ന് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള പറയുന്നു.

Tags:    
News Summary - Manchester United won at struggling Leicester City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.