ലോതർ മ​ത്യോസ്

മത്യോസിന്റെ ജർമനി ബ്രെഹ്മയുടെയും

1990 ഇറ്റാലിയ ലോകകപ്പിന് തുടക്കമാവുമ്പോൾ ഡീഗോ മറഡോണയും അർജൻറീനയുമായിരുന്നു ശ്രദ്ധാകേന്ദ്രം. എന്നാൽ,, ലോകകപ്പ് കഴിഞ്ഞപ്പോൾ അത് പശ്ചിമ ജർമനിയും നായകൻ ലോതർമത്യോസുമായി. തൊട്ടുമുമ്പത്തെ ലോകകപ്പിന്റെ ഫൈനലിലും ഏറ്റുമുട്ടിയ ടീമുകൾ നാലു വർഷത്തിനുശേഷം ഫൈനലിൽ വീണ്ടും മുഖാമുഖം വന്നപ്പോൾ സാധ്യത കൂടുതൽ കൽപിക്കപ്പെട്ടിരുന്നത് അർജൻറീനക്കായിരുന്നു. മറഡോണയുടെ സാന്നിധ്യം തന്നെയായിരുന്നു അതിന് മുഖ്യകാരണം.

1986ലെ ഫോമിലായിരുന്നില്ലെങ്കിലും ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത് മറഡോണ തന്നെയായിരുന്നു താരം. എന്നാൽ, ഫൈനലിൽ മറഡോണയുടെ അർജൻറീനയുടെ ചിറകരിഞ്ഞ് മത്യോസിന്റെ ജർമനി കപ്പടിക്കുന്നതിനാണ് റോമിലെ ഒളിമ്പിക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്യോസിന്റെ മധ്യനിരയിലെ മേധാവിത്വത്തിനൊപ്പം അൻഡ്രിയാസ് ബ്രെഹ്മയുടെ നേതൃത്വത്തിലുള്ള പ്രതിരോധവും കപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു.

അതുവരെ ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും വിരസമായ കളിയായിട്ടാണ് 1990 ലോകകപ്പ് ഫൈനൽ വിലയിരുത്തപ്പെടുന്നത്. അർജൻറീനക്ക് സ്വതസിദ്ധമായ കളി പുറത്തെടുക്കാൻ കഴിയാതിരിക്കുകയും ജർമനി അറുബോറൻ പ്രതിരോധക്കളി കാഴ്ചവെക്കുകയും ചെയ്തതായിരുന്നു കാരണം. 65ാം മിനിറ്റിൽ അർജൻറീനയുടെ പെഡ്രോ മോൻസോൺ ചുവപ്പുകാർഡ് കണ്ടതോടെ അർജൻറീനയുടെ കളി ഒന്നുകൂടെ അനാകർഷകമായി. 85ാം മിനിറ്റിൽ റൂഡി വോളറെ റോബർട്ടോ സെൻസീനി വീഴ്ത്തിയതിന് ജർമനിക്ക് പെനാൽറ്റി ലഭിച്ചു. ജർമൻ ഡിഫൻഡർ അൻഡ്രിയാസ് ബ്രെഹ്മെ സ്പോട്ട് കിക്ക് അനായാസം ഗോളാക്കുകയും ചെയ്തു.

ലോകകപ്പ്​ ജേതാക്കളായ പശ്​ചിമ ജർമനി

ഇഞ്ച്വറി സമയത്ത് രണ്ടാം മഞ്ഞക്കാർഡുമായി ഗുസ്താവോ ഡെസോട്ടിയും തിരിച്ചുകയറിയതോടെ ഒമ്പതുപേരുമായാണ് അർജൻറീന മത്സരം പൂർത്തിയാക്കിയത്. ലോകകപ്പ് ഫൈനലിൽ ആദ്യത്തെ ചുവപ്പുകാർഡ് ആയിരുന്നു ഈ കളിയിൽ. പശ്ചിമ ജർമനിയുടെ മൂന്നാം കിരീടമായിരുന്നു ഇത്. 1990ൽ തന്നെ ജർമനികൾ ഒന്നായതിനാൽ പശ്ചിമ ജർമനി എന്ന പേരിലെ അവസാന ലോകകപ്പും. ജർമനിയെ പരിശീലിപ്പിച്ച ഫ്രൻസ് ബെക്കൻബോവർ കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടുന്ന രണ്ടാമത്തെയാളും (ആദ്യത്തെയാൾ ബ്രസീലിൻെറ മാരിയോ സഗാലോ) ക്യാപ്റ്റനായും കോച്ചായും ലോകകപ്പ് നേടുന്ന ആദ്യത്തെയാളുമായി.

ഡിഫൻഡറായാണ് കളിച്ചിരുന്നതെങ്കിലും നാലു ഗോളുമായി മത്തായൂസ് ആയിരുന്നു ജർമനിയുടെ ടോപ്സ്കോർ. ബ്രെഹ്മെ, യുർഗൻ ക്ലീൻസ്മാൻ, റൂഡി വോളർ എന്നിവർ മൂന്നു ഗോൾ വീതം നേടി. ഗ്രൂപ് ഡിയിൽ രണ്ടു ജയവും ഒരു സമനിലയുമായി അഞ്ച് പോയന്റോടെയാണ് ജർമനി നോക്കൗട്ട് റൗണ്ടിലെത്തിയത്. യുഗോസ്ലാവിയയെ 4-1നും യു.എ.ഇയെ 5-1നും തകർത്ത ജർമനി കൊളംബിയയോട് 1-1ന് സമനില വഴങ്ങി. പ്രീക്വാർട്ടറിൽ ജർമനി-നെതർലൻഡ്സ് പോരാട്ടം സംഭവബഹുലമായിരുന്നു.

ഇരുടീമുകളിലുമായി ഇറ്റലിയിലെ മിലാൻ ക്ലബുകളിലെ ആറു പേർ അണിനിരന്നു. എ.സി മിലാൻ ത്രയങ്ങളായ റൂഡ് ഗുള്ളിറ്റ്-മാർകോ വാൻബാസ്റ്റൺ-ഫ്രാങ്ക് റൈക്കാഡ് നെതർലൻഡ്സ് നിരയിലും ഇൻറർ മിലാൻെറ ലോതർ മത്യോസ്-ആന്ദ്രിയാസ് ബ്രെഹ്മെ-യുർഗൻ ക്ലീൻസ്മാൻ ത്രയം ജർമനിക്കായുമിറങ്ങി. കളി തുടങ്ങിയതുമുതൽ പരസ്പരം പോരടിച്ചറൈക്കാഡും വോളറും 22ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് മടങ്ങി. രണ്ടാം പകുതിയിൽ ക്ലീൻസ്മാനും ബ്രെഹ്മെയും നേടിയ ഗോളുകളിൽ ജർമനി ജയിച്ചു. റൊണാൾഡ് കോമാൻെറ പെനാൽറ്റി ഡച്ചുകാർക്ക് ആശ്വാസം മാത്രം നൽകി.

ക്വാർട്ടറിൽ ചെക്കോസ്ലാവാക്യയായിരുന്നു ജർമനിയുടെ എതിരാളികൾ. മത്യോസിന്റെ പെനാൽറ്റി ഗോളാണ് ജർമനിക്ക് തുണയായത്. സെമിയിൽ ഇംഗ്ലണ്ടായിരുന്നു ജർമനിക്കെതിരെ. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 60ാം മിനിറ്റിൽ ബ്രെഹ്മെയുടെ ഡിഫ്ലക്റ്റഡ് ഗോളിലൂടെ മുന്നിൽ കടന്ന ജർമനിക്കെതിരെ ഗാരി ലിനേക്കറുടെ ഗോളിൽ 80ാം മിനിറ്റിൽ ഇംഗ്ലണ്ട് ഒപ്പംപിടിച്ചു. ഇരുടീമും അവസരം പാഴാക്കിയ അധികസമയത്തിനുശേഷം പെനാൽറ്റിയിൽ 4-3നായിരുന്നു ജർമൻ ജയം.


സ്റ്റുവാർട്ട് പിയേഴ്സും ക്രിസ്റ്റഫർ വാഡിലുമാണ് ഇംഗ്ലണ്ട് നിരയിൽ പെനാൽറ്റി കിക്കുകൾ പാഴാക്കിയത്. ബോഡോ ഇൽനറാണ് ടൂർണമെൻറിൽ ജർമനിയുടെ വല കാത്തത്. ആന്ദ്രിയാസ് ബ്രെഹ്മെ, യുർഗൻ കോഹ്‍ലർ, ക്ലോസ് ഓഗൻതാലർ, ഗ്വയ്ഡോ ബുച്ച്‍വാൾഡ്, തോമസ് ബെർതോൾഡ് എന്നിവർ പ്രതിരോധത്തിൽ. മിഡ്ഫീൽഡിൽ കളി നിയന്ത്രിക്കാൻ ലോതർ മത്യോസ്. ഒപ്പം തോമസ് ഹാസ്‍ലറും പിയറെ ലിറ്റ്ബാർസ്കിയും. മുൻനിരയിൽ റൂഡി വോളറും യുർഗൻ ക്ലീൻസ്മാനും.

പ്രതിരോധത്തിന് പ്രാമുഖ്യം നൽകിയുള്ള ശൈലിയായിരുന്നു ജർമൻ ടീമിേൻറത്. എന്നാൽ, മധ്യനിരയിൽ മത്യോസിന്റെ സാന്നിധ്യം ടീമിന് ക്രിയേറ്റീവ് മുൻതൂക്കവും നൽകി. മധ്യനിര അടക്കിഭരിച്ച മത്യോസായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. ഒപ്പം മുൻനിരയിൽ ക്ലീൻസ്മാന്റെയും വോളറുടെയും സാന്നിധ്യവും ടീമിന് മുതൽകൂട്ടായി. കണ്ണിനിമ്പമേറുന്ന കളിയൊന്നും കാഴ്ചവെച്ചില്ലെങ്കിലും ഫലപ്രദമായ പ്രകടനമായിരുന്നു ജർമൻ ടീമിന്റേത്. കളി എങ്ങനെ ആകർഷകമാക്കാം എന്നതിലുപരി എങ്ങനെ ജയിക്കാം എന്നതിനുള്ള മാതൃക. ഫൈനൽ തന്നെയായിരുന്നു അതിന് എറ്റവും മികച്ച ഉദാഹരണവും.

Tags:    
News Summary - Mathews's Germani also Brahma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.