അവസരങ്ങൾ തുലച്ചതിന് ത്രൂപാസുകളിലൂടെ പ്രായശ്ചിത്തവുമായി മെസ്സി; അർജന്റീനക്ക് ജയത്തുടക്കം

അറ്റ്ലാന്റ (യു.എസ്): തെക്കനമേരിക്കൻ ഫുട്ബാളിന്റെ രാജകിരീടം നിലർത്താനുള്ള പോർക്കളത്തിൽ ലയണൽ മെസ്സിയും കൂട്ടുകാരും ജയത്തോടെ തുടങ്ങി. കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കാനഡയുടെ കടുത്ത ചെറുത്തുനിൽപിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അർജന്റീന തച്ചുടച്ചത്. 49-ാം മിനിറ്റിൽ ഹൂലിയൻ ആൽവാരെസിലൂടെ മുന്നിലെത്തിയ നിലവിലെ ചാമ്പ്യന്മാർക്കുവേണ്ടി 88-ാം മിനിറ്റിൽ ലൗതാറോ മാർട്ടിനെസിന്റെ ബൂട്ടിൽനിന്നായിരുന്നു രണ്ടാം ഗോൾ. രണ്ടു ഗോളുകൾക്കും ചരടുവലിച്ചത് നായകനും ഇതിഹാസ താരവുമായ മെസ്സി. മത്സരത്തിൽ പക്ഷേ, ഉറച്ച രണ്ട് ഗോളവസരങ്ങളിൽനിന്ന് വലയിലേക്ക് പന്തുപായിക്കാനാകാതെ അറ്റ്ലാന്റയിലെ മേഴ്സിഡസ്-ബെൻസ് സ്റ്റേഡിയത്തിൽ മെസ്സി നിരാശപ്പെടുത്തുന്നതും കണ്ടു.

സന്നാഹ മത്സരത്തിൽ ഫ്രാൻസിനെ ഗോൾരഹിത സമനിലയിൽ കുരുക്കിയ ആത്മവിശ്വാസവുമായി കോപ്പയിൽ അരങ്ങേറ്റത്തിന് ബൂട്ടുകെട്ടിയിറങ്ങിയ കാനഡ അതിന്റെ തുടർച്ചയെന്നോണമാണ് ആദ്യപകുതിയിൽ പന്തുതട്ടിയത്. സ്വതസിദ്ധമായ ഒഴുക്കുള്ള കളി പുറത്തെടുക്കാനാവാതെ പല​പ്പോഴും അർജന്റീന വിയർത്തപ്പോൾ എതിർഹാഫിലേക്ക് പ്രത്യാക്രമണം നയിച്ച് കാനഡ ചാമ്പ്യൻടീമിനൊത്ത എതിരാളികളായി. അർജന്റീനയുടെ ആക്രമണങ്ങളെ നിർവീര്യമാക്കുന്നതിനൊപ്പം വേഗമാർന്ന ആക്രമണനീക്കങ്ങളുമായി അവരെ സമ്മർദത്തിലാഴ്ത്തുകയെന്ന തന്ത്രം ആദ്യപകുതിയിൽ ജെസ്സി മാർഷിന്റെ ശിഷ്യഗണങ്ങൾ ഫലപ്രദമായി നടപ്പാക്കി.

മധ്യനിരയിൽ കളിയുടെ നിയന്ത്രണം പിടിച്ച്, ആക്രമണത്തിലേക്ക് ഇടതടവില്ലാതെ ഇരച്ചുകയറുന്ന പതിവുപകിട്ട് തുടക്കത്തിൽ അർജന്റീനക്ക് പുലർത്താനായില്ല. റോഡ്രിഗോ ഡി പോളും അലക്സിസ് മക്അലിസ്റ്ററും നയിച്ച മിഡ്ഫീൽഡിന് കളം നിറയാൻ കാനഡ കാര്യമായി സ്​പേസ് കൊടുത്തില്ല. വിങ്ങിൽ ആക്രമണത്തിന്റെ അലമാലകൾ തീർക്കുന്ന ഏയ്ഞ്ചൽ ഡി മരിയക്കും മൂർച്ച കുറവായിരുന്നു. ആദ്യപകുതിയിൽ 66 ശതമാനം സമയവും പന്ത് കൈവശം വെച്ചെങ്കിലും സെന്റർ ബാക്ക് മോയിസ് ബോംബിറ്റോയുടെ നേതൃത്വത്തിൽ കനേഡിയൻ പ്രതിരോധം പാറപോലെ ഉറച്ചുനിന്നപ്പോൾ അർജന്റീനയുടെ മോഹങ്ങൾ ആദ്യപകുതിയിൽ ഗോൾവര കടന്നില്ല.

ആധിയും ആവേശവും പകുത്തെടുത്തപോലെ രണ്ടു പകുതികളായിരുന്നു മത്സരത്തിൽ. ഇടവേളക്കുശേഷം കളിയാകെ മാറി. അർജന്റീന രണ്ടും കൽപിച്ച് ആഞ്ഞുകയറാനെത്തി. നാലു മിനിറ്റിനകം കനേഡിയൻ വല കുലുങ്ങു​ന്നതായിരുന്നു പരിണിത ഫലം. ത്രോ ഇന്നിൽനിന്നുവന്ന പന്തിനെ ഒന്നാന്തരമൊരു ​വെർട്ടിക്കൽ ത്രൂപാസിലൂടെ മെസ്സി ബോക്സിനുമുന്നിൽ മക്അലിസ്റ്ററിലേക്ക് നീട്ടി. കാനഡ ഗോൾകീപ്പർ മാക്സിം കെപ്ര്യൂ ഓടിവരുന്നതുകണ്ട് മക്അലിസ്റ്ററിൽനിന്ന് ആൽവാരസിലേക്ക് സൈഡ്ഫൂട്ടഡ് പാസ്. ലിവർപൂൾ താരത്തിന്റെ അസിസ്റ്റിൽ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കറുടെ ഷോട്ട് ഗോളിയില്ലാത്ത വലയിലേക്ക്. അർജന്റീനക്കൊപ്പം 32 മത്സരങ്ങളിലിറങ്ങിയ യുവതാരത്തിന്റെ എട്ടാം ഗോൾ.

ഡി മരിയയെ തിരിച്ചുവിളിച്ച് ജിയോവാനി ലോ ചെൽസോയെ കോച്ച് ലയണൽ സ്കലോണി മൈതാനത്തിറക്കി. പിന്നാലെ ആൽവാരെസിന് പകരം ലൗതാറോ മാർട്ടിനെസും ലിയാൻഡ്രോ പരേഡെസിന് പകരം നിക്കോളാസ് ഒടാമെൻഡിയും കളത്തിലെത്തി. മെസ്സി അവസരം നഷ്ടപ്പെടുത്തുന്നത് അറ്റ്ലാന്റയിലെ ഗാലറി അവിശ്വസനീയതയോടെ കണ്ടുനിന്നത് ആദ്യം 65-ാം മിനിറ്റിലായിരുന്നു. ഗോളി മാത്രം നിൽക്കേ ലഭിച്ച അവസരം പക്ഷേ, ക്രെപ്യൂ തടഞ്ഞു. റീബൗണ്ടിൽ വീണ്ടും തുറന്ന ഗോളവസരം. ഇക്കുറി ഡിഫൻഡർ ഡെറിക് കോർണേലിയൂസ് ഗോളിയെപ്പോലെ നെഞ്ചുവിരിച്ചുനിന്ന് തടഞ്ഞു.

79-ാം മിനിറ്റിൽ ആ നിരാശയുടെ തനിയാവർത്തനം. ഇക്കുറി ഗോളിക്കുമുകളിലൂടെ വലയിലേക്ക് ചിപ് ചെയ്യാനു​ള്ള ശ്രമം അതിശയകരമായി പോസ്റ്റിനരികിലൂടെ പുറ​ത്തേക്കൊഴുകി. 82-ാം മിനിറ്റിൽ ബോംബിറ്റോയുടെ ​ൈസ്ലഡിങ് ടാക്കിളിൽ മെസ്സി വേദനയിൽ പുളഞ്ഞെങ്കിലും കളിയിൽ തുടർന്നു. നിശ്ചിത സമയം തീരാൻ രണ്ടുമിനിറ്റ് മാത്രം ശേഷിക്കേ ഇക്കുറി മെസ്സിയിൽനിന്ന് വീണ്ടുമൊരു എണ്ണംപറഞ്ഞ ത്രൂപാസ്. ​​പ്രതിരോധം പിളർന്നുനൽകിയ പാസിനെ ഉടനടി ഓടിക്കയറി പിടിച്ചെടുത്ത മാർട്ടിനെസിന്റെ വക ഗോളിയുടെ കാലുകൾക്കിടയിലൂടെ ഒരു ക്ലിനിക്കൽ ഫിനിഷ്. അർജന്റീന ജയത്തിന്റെ മാറ്റുകൂട്ടുകയായിരുന്നു. ആൽവാരെസാണ് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്.

കോപ അമേരിക്ക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾക്കിറങ്ങു​ന്ന താരമെന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. കാനഡക്കെതിരെ 35-ാമത്തെ കോപ്പ മത്സരത്തിനിറങ്ങിയ മെസ്സി, 1941-53ൽ ചിലിയുടെ സെർജിയോ ലിവിങ്സ്റ്റൺ സ്ഥാപിച്ച റെക്കോർഡാണ് പഴങ്കഥയാക്കിയത്. ന്യൂജഴ്സിയിലെ ഈസ്റ്റ് റൂഥർഫോഡിൽ ചൊവ്വാഴ്ച ചിലിക്കെതിരെയാണ് ചാമ്പ്യന്മാരുടെ അടുത്ത മത്സരം.


Tags:    
News Summary - Messi atones for missed chances; Argentina wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.