ഫിഫ പുരസ്കാര പ്രഖ്യാപനം അടുത്തെത്തിനിൽക്കെ ഓരോ വിഭാഗത്തിലും ചുരുക്കപ്പട്ടികകൾ പുറത്തെത്തിക്കഴിഞ്ഞു. ഏറ്റവും മികച്ച താരമാകാൻ മെസ്സിയും എംബാപ്പെയും ബെൻസേമയും മത്സരിക്കുമ്പോൾ മികച്ച പരിശീലക പുരസ്കാരത്തിന് സ്കലോണി, ഗാർഡിയോള, അഞ്ചലോട്ടി എന്നിവർ തമ്മിലാണ് പോര്. മികച്ച ഗോൾ ഏതെന്ന നിർണയത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത് ബ്രസീൽ താരം റിച്ചാർളിസൺ, ദിമിത്രി പായേറ്റ്, മാർസിൻ ഒലെക്സി എന്നിവരാണ്.
ലോകകപ്പിൽ സെർബിയക്കെതിരെ ബ്രസീലിനായി റിച്ചാർലിസൺ നേടിയ ഗോളാണ് ചുരുക്കപ്പട്ടികയിലെ ഒന്ന്. ഒളിമ്പിക് മാഴ്സെക്കായി ദിമിത്രി പായെറ്റ് നേടിയ ഗോൾ, ക്രച്ചസിൽ സോക്കർ കളിച്ച അംഗപരിമിതരുടെ മത്സരത്തിൽ മാർസിൻ ഒലെക്സി നേടിയ ബൈസിക്കിൾ ഗോൾ എന്നിവ മറ്റു രണ്ടെണ്ണം. എന്നാൽ, സ്വന്തം പെനാൽറ്റി ബോക്സിൽ നിന്നു തുടങ്ങിയ ഗോൾനീക്കം ഒറ്റക്ക് മൈതാനത്തിന്റെ അങ്ങേതല വരെ ഓടി എ.സി മിലാന്റെ ഫ്രഞ്ച് പ്രതിരോധ താരം നേടിയ സോളോ ഗോൾ എന്തുകൊണ്ട് പട്ടികയിൽനിന്ന് പുറത്തായെന്ന് ചോദിക്കുന്നു, ആരാധകർ.
അവിശ്വസനീയമായിരുന്നു പന്തുമായി തിയോയുടെ അതിവേഗ ഓട്ടം. എതിരാളികൾ പലരെ അതിനിടയിൽ മറികടന്ന് അവസാനം എതിർപെനാൽറ്റി ബോക്സിലെത്തുമ്പോൾ പിന്നെയുമുണ്ട് മൂന്നു പേർ ചുറ്റും. എന്നാൽ, ഒന്ന് മുന്നോട്ടാഞ്ഞ് ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുമ്പോൾ അവിശ്വസനീയതയോടെ എഴുന്നേറ്റുനിന്ന് കൈയടിക്കുകയായിരുന്നു ഗാലറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.