വെറും 30 സെക്കൻഡ്...150 യൂറോ സ്വാഹ..! യൂറോ കപ്പ് ടിക്കറ്റിന്റെ പേരിൽ ചതിയെത്തുന്ന പുതുവഴികൾ..

ലൈപ്സിഷിൽ എന്നോടൊപ്പം പഠിച്ചിരുന്ന, അടുത്ത കാലത്ത് അന്തരിച്ച പ്രിയ കൂട്ടുകാരൻ മാൻഫ്രഡ്‌ ഹാർട്ട്മാന്റെ മകൻ ആലിയുടെ ഒരു സന്ദേശം രണ്ടാം തീയതി വൈകിട്ട് എനിക്ക് കിട്ടി. ‘നിങ്ങളുടെ നഗരത്തിൽ നടക്കുന്ന സ്വിറ്റ്സർലൻഡ്-ഇംഗ്ലണ്ട് മത്സരത്തിന്റെ ടിക്കറ്റ് 150 യൂറോക്ക്‌ കിട്ടുന്ന ഒരു ലിങ്ക് കിട്ടിയിട്ടുണ്ട്. പോകുന്നെന്നെങ്കിൽ ഒന്നു ശ്രമിച്ചുനോക്കൂ...’. ആലി ഒരു സാധുവാണ്. എന്റെ കളി ഭ്രമം അറിയുന്നത് കൊണ്ട് സഹായിക്കാൻ ചെയ്തതാണ്.

അപ്പോൾ തന്നെ എഫ്.ബി ലിങ്ക് തുറന്നപ്പോൾ കിട്ടിയത് ‘മിഷയേൽ മ്യൂളർ’ എന്ന പേരിലുള്ള ഒരു ജർമൻ വാട്ട്സ് ആപ് നമ്പറാണ്. ജർമൻകാർ ഈ വക കാര്യങ്ങളിൽ സത്യസന്ധരായതുകൊണ്ട് അപ്പോൾ തന്നെ ഞാൻ ഒരു മെസേജ് അയച്ചു. ടിക്കറ്റ് സംബന്ധിച്ച വിവരം അറിയിക്കുക.

ഉടനെ ജർമൻ ഭാഷയിൽ മറുപടിയെത്തി. ‘എട്ടു ടിക്കറ്റ് ഉണ്ട്. ഒന്നിന് 150 യൂറോയാണ് ചാർജ്. എത്രയെണ്ണം വേണം?‘. ‘ഒന്ന്’ എന്ന് അപ്പോൾ തന്നെ മറുപടി നൽകി. ‘നിങ്ങൾ യൂറോ ടിക്കറ്റ് പോർട്ടറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ നമ്പർ ഷെയർ ചെയ്യുക’ എന്ന സന്ദേശമനുസരിച്ച് അതും അയച്ചുകൊടുത്തു. ഉടൻ യുവേഫയുടെ ഒരു രജിസ്റ്റർ കോഡ് (623139) എന്റെ മെയിലിൽ എത്തി.

അത് തിരിച്ച് അയച്ചു കൊടുക്കുമ്പോൾ ടിക്കറ്റ് എന്റെ പേരിൽ രജിസ്റ്റർ ചെയ്യും..! ഇതുവരെ എല്ലാം വിശ്വാസപൂർവവും ഭാംഗിയോടെയും തുടർന്നു. തുടർന്ന് ഒരു ബാങ്ക് അക്കൗണ്ട് നമ്പർ കിട്ടുന്നു. അതിൽ 150 യൂറോ ട്രാൻസ്ഫർ ചെയ്‌താൽ വെറും മൂന്നു മിനിറ്റിനുള്ളിൽ ടിക്കറ്റ് എന്റെ മെയിലിൽ എത്തും. ഒന്നും നോക്കിയില്ല...പണം ഉടൻ ട്രാൻസ്ഫർ ചെയ്ത് ആശയോടെ നോക്കിയിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞ് ഒരു മെസേജ്. ‘എന്റെ അക്കൗണ്ടിൽ പണം വരുന്നില്ല. എന്തോ സാങ്കേതിക തകരാറാണ് കാരണം. പണം ഒരു ദിവസം കൊണ്ട് നിങ്ങളുടെ അക്കൗണ്ടിൽ തിരിച്ചുവരും. ടിക്കറ്റ് നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത് കൊണ്ട് പൈസ പേ പാൽ ആയി അയക്കുക’. രാവിലെ ബാങ്കിൽ തിരക്കിയിട്ടു വേണ്ടത് ചെയ്യാം എന്ന് ഞാൻ അറിയിച്ചു. ബാങ്കിൽ അന്വേഷിച്ചപ്പോൾ 30 സെക്കൻഡ് കൊണ്ട് 150 യൂറോ അയാളുടെ കീശയിൽ എത്തിയിരുന്നു..!

ഇനിയാണ് കഥ തുടങ്ങുന്നത്. +229ൽ തുടങ്ങുന്ന നമ്പറിൽ നിന്നൊരു സന്ദേശം. ‘ഞാൻ മിഷയേൽ മ്യുളർ. എന്റെ ഫോൺ കേടായി. നിങ്ങളുടെ ടിക്കറ്റ് നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത്കൊണ്ട് അത് മറ്റാർക്കും ഉപയോഗിക്കാനാകില്ല. അതുകൊണ്ട് ടിക്കറ്റ് വില ‘സ്റ്റം’ കാർഡ് വാങ്ങി അത് സ്ക്രാച്ചു ചെയ്ത് അതിലെ നമ്പർ അയക്കുക. അപ്പോൾ നിങ്ങൾക്ക്‌ ടിക്കറ്റ് കിട്ടും’.

മെസേജ് വന്നത് ബനിൻ എന്ന ആഫ്രിക്കൻ രാജ്യത്തു നിന്നായിരുന്നു. ഭാഷ ഇംഗ്ലീഷും. ഞാൻ മറുപടി നൽകി -‘ 150 യൂറോ ഇപ്പോൾ തന്നെ നിങ്ങളുടെ കീശയിൽ എത്തിയിട്ടുണ്ട്. എന്തായാലും എനിക്ക് കളി കാണണം. ടിക്കറ്റ് എന്റെ യു.ഇ.എഫ്.എ പേജിൽ കണ്ടാൽ ഞാൻ ആ നിമിഷം എട്ട് സ്റ്റം കാർഡ് നിങ്ങൾക്ക് അയക്കും.10 യൂറോ അധികം. ഒരു കാർഡിന് 20 ആയതുകൊണ്ട് 150നു പകരം 160. അങ്ങനെ മൊത്തം 310 നിങ്ങൾക്കു കിട്ടും. ദയവായി ടിക്കറ്റ് അയക്കൂ!’...ഡീൽ അതോടെ തീർന്നു. പിന്നെ അയാളെ കണ്ടിട്ടില്ല.

ഇന്നു വൈകുന്നേരം സ്വിറ്റ്സർലൻഡ്-ഇംഗ്ലണ്ട് കളി ടി.വിയിൽ കാണുമ്പോൾ ‘മിഷയേൽ മ്യുളർ’ എന്ന അത്യാധുനിക സൂപ്പർ തട്ടിപ്പ് രാജാവാകും എന്റെ മനസ്സിൽ. ഇങ്ങനെ എത്ര എത്ര ടിക്കറ്റുകൾ അയാൾ വിറ്റിരിക്കും? അതോടെ നൂറുകണക്കിന് ഇംഗ്ലീഷ്-സ്വിസ് കളി ആരാധകർ ഇയാളെ ശപിക്കുന്നുണ്ടാകും. 

Tags:    
News Summary - Money fraudsters in the name of Euro Cup ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.