ആരോരുമറിയാതെ ചെറിയ നേട്ടങ്ങളുമായി കഴിഞ്ഞുകൂടിയിരുന്ന പ്രിമിയർ ലീഗ് ടീമിനു മുന്നിൽ ഇനി വലിയ മോഹങ്ങൾ. സ്വന്തം കളിമുറ്റമായ സെന്റ് ജെയിംസ് പാർക്കിൽ കരബാവോ കപ്പ് സെമി രണ്ടാം പാദത്തിൽ സതാംപ്ടണെ അനായാസം മറിച്ചിട്ട ന്യൂകാസിൽ പതിറ്റാണ്ടുകൾക്കു ശേഷം ആദ്യ കിരീടത്തിനരികെ. മാഞ്ചസ്റ്റർ യുനൈറ്റഡ്- നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ടാം സെമിയിലെ വിജയികളാകും എതിരാളികൾ. 1969ൽ ഇന്റർ സിറ്റീസ് ഫെയേഴ്സ് കപ്പുയർത്തിയ ശേഷം ഇതുവരെയും കിരീടങ്ങളൊന്നും സ്വന്തമാക്കാനാകാത്ത ക്ഷീണം ഇത്തവണ തീർക്കാനാകുമെന്നാണ് ടീമിന്റെ കണക്കുകൂട്ടൽ. 1999ൽ എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് തോൽവി വഴങ്ങിയ ശേഷം ന്യൂകാസിൽ ഒരു കളിയിലും കലാശപ്പോര് കണ്ടിട്ടില്ല. അതാണ് ഇത്തവണ തിരുത്തിയത്. കപ്പുയർത്താനായാൽ അരനൂറ്റാണ്ടു കഴിഞ്ഞ് കിരീടനേട്ടവും സ്വന്തമാകും.
ആദ്യാവസാനം മനോഹര ഫുട്ബാളുമായി നിറഞ്ഞുനിന്ന ന്യൂകാസിലിന്റെ ദിനമായിരുന്നു സെന്റ് ജെയിംസ് പാർകിൽ. 2-1നായിരുന്നു (ഇരു പാദങ്ങളിലായി 3-1) ജയം. ബ്രസീൽ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമറെസ് ചുവപ്പുകാർഡ് കണ്ടതൊഴിച്ചാൽ സമ്പൂർണമായി ടീം നിറഞ്ഞുനിന്ന ദിവസത്തിൽ സീൻ ലോങ്സ്റ്റാഫിന്റെ വകയായിരുന്നു ഇരു ഗോളുകളും. രണ്ടും ടീം ഗെയിമിന്റെ മനോഹര സാഫല്യം കണ്ട നീക്കങ്ങൾക്കൊടുവിൽ പിറന്നവ. വഴങ്ങി ഏകഗോളാകട്ടെ, സ്വന്തം പിഴവിൽ എതിരാളിക്ക് കാലിൽ വെച്ചുനൽകിയതും.
നാലാം മിനിറ്റിൽ തന്നെ ന്യൂകാസിൽ മുന്നിലെത്തിയിരുന്നു. കീറൻ ട്രിപ്പിയർ നയിച്ച അതിവേഗ നീക്കത്തിലായിരുന്നു ഗോൾ. 21ാം മിനിറ്റിൽ സമാന നീക്കത്തിനൊടുവിൽ അടുത്ത ഗോളും കുറിച്ചു. കളി അര മണിക്കൂർ പിന്നിടുമ്പോഴേക്ക് ചെ ആദംസ് ഒരു ഗോൾ മടക്കി. 10 കളികളിൽ ഗോൾവഴങ്ങാത്ത ന്യുകാസിൽ ഗോളി നിക് പോപിന്റെ ക്ലീൻ ഷീറ്റ് യാത്രയാണ് ആദംസ് അവസാനിപ്പിച്ചത്.
പ്രിമിയർ ലീഗിൽ മൂന്നാമതുള്ള ടീം കഴിഞ്ഞ 20 കളികളിൽ ഒന്നിൽ മാത്രമാണ് തോൽവി വഴങ്ങിയത്. അതും ഇഞ്ച്വറി സമയത്ത് ലിവർപൂൾ നേടിയ ഗോളിൽ. നിക് പോപിനു പുറമെ ട്രിപ്പിയർ, ഡാൻ ബേൺ, സ്വൻ ബോട്മാൻ തുടങ്ങിയവരുടെ കരുത്തിൽ കുതിപ്പ് തുടരുന്ന ടീം കൂടുതൽ ഉയരങ്ങൾ കുറിക്കാനുള്ള യാത്രയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.