ദുബൈ: ആധുനിക ഫുട്ബാളിലെ മിന്നുംതാരങ്ങളിലൊരാളായ നെയ്മർ ദുബൈയിൽ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി. ദുബൈ ബിസിനസ് ബേയിൽ ബിൻഘാട്ടി പ്രോപ്പർട്ടീസിന്റെ അത്യാഡംബര പാർപ്പിട സമുച്ചയ പദ്ധതിയായ ബുഗാട്ടി റെസിഡൻസസിൽ 20 കോടി ദിർഹമിന് (ഏകദേശം 260 കോടി രൂപ) പുത്തൻ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം.
കാറുകൾ ഉൾപ്പെടെ കൊണ്ടുപോകാവുന്ന സ്വകാര്യ ലിഫ്റ്റ്, ഡൗൺടൗൺ ദുബൈയുടെ മനോഹര കാഴ്ചകളിലേക്ക് കൺതുറക്കുന്ന സ്വകാര്യ സ്വിമ്മിങ് പൂൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ആകർഷണങ്ങളാണ് നെയ്മറുടെ ദുബൈ ഭവനത്തിനുള്ളത്.
ദുബൈയിൽ നെയ്മർ പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയ കാര്യം ബിൻഘാട്ടി പ്രോപ്പർട്ടീസ് ഡെവലപറായ മുഹമ്മദ് ബിൻഘാട്ടി സ്ഥിരീകരിച്ചു. ആഗോള തലത്തിൽ അതിദ്രുതം സ്വീകാര്യത നേടുന്ന ദുബൈ നഗരത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ ഉണർവ് സമ്മാനിക്കുകയാണ് നെയ്മറിന്റെ പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അത്യാഡംബര വാഹന ബ്രാൻഡായ ബുഗാട്ടിയുമായി കൈകോർത്താണ് ബിൻഘാട്ടി പ്രോപ്പർട്ടീസ് ഈ റിയൽ എസ്റ്റേറ്റ് പദ്ധതി ഒരുക്കുന്നത്. ബുഗാട്ടി ബ്രാൻഡിങ്ങിലെ ആദ്യ റിയൽ എസ്റ്റേറ്റ് പദ്ധതി നിർമാണം പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായ സ്കൈ മാൻഷൻ കളക്ഷനിലാണ് 182 ഫ്ലാറ്റുകളുള്ള പടുകൂറ്റൻ കെട്ടിടം ഉയരുന്നത്.
ലോക പ്രശസ്തരായ സെലിബ്രിറ്റികളും വ്യാപാര പ്രമുഖരുമൊക്കെ ദുബൈയിൽ സമീപകാലത്ത് സ്വന്തമായി വീട് വാങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിലേക്കാണ് നെയ്മറിന്റെ വരവ്. കഴിഞ്ഞ മാസം അമേരിക്കയിലെ മയാമിയിൽ ബാൽ ഹാർബറിലെ തീരപ്രദേശത്ത് നെയ്മർ സ്ഥലം വാങ്ങിയിരുന്നു. 2.6 കോടി ഡോളർ ചെലവിട്ട് സ്ഥലം സ്വന്തമാക്കിയതോടെ മേജർ ലീഗ് സോക്കറിലേക്ക് താരം ചേക്കേറിയേക്കുമെന്ന ഊഹാപോഹവും ഉയർന്നിട്ടുണ്ട്.
സൗദി ക്ലബായ അൽ ഹിലാലുമായി 100 ദശലക്ഷം യൂറോയുടെ കരാറിലാണ് നെയ്മർ ഒപ്പുവെച്ചിട്ടുള്ളത്. ഈ കരാറിനുപിന്നാലെ സൗദിയിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും താമസിക്കാനായി 25 കിടപ്പുമുറികളുള്ള ബംഗ്ലാവ് നെയ്മർ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.