കോഴിക്കോട്: 1960കളുടെ തുടക്കം. ഒമ്പതാം ക്ലാസിൽ തോറ്റതിന്റെ വിഷമത്തിൽ നിന്ന ഒരു പയ്യൻ കൈവിരലിലെ മോതിരമഴിച്ചുവിറ്റ് കിട്ടിയ കാശുമായി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽനിന്ന് വണ്ടി കയറി. വെറുതെ നാടുവിടുകയായിരുന്നില്ല. വലിയൊരു ലക്ഷ്യവുമായാണ് അവൻ സെക്കന്ദരാബാദിലേക്ക് നീങ്ങിയത്. അവിടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് (ഇ.എം.ഇ) സെൻററിൽ ഫുട്ബാൾ താരങ്ങളെയെടുക്കുന്നത് പത്രത്തിൽ വായിച്ചറിഞ്ഞിരുന്നു. സെലക്ഷൻ കിട്ടിയ സന്തോഷവാർത്തയുമായി നാട്ടിലേക്ക്. ചേട്ടൻ വസ്ത്രങ്ങൾ വാങ്ങിക്കൊടുത്ത് അവനെ വീണ്ടും യാത്രയാക്കി. അന്തർദേശീയ ഫുട്ബാൾ താരവും പിന്നീട് കോച്ചുമായ ടി.കെ. ചാത്തുണ്ണിയായി മാറി, ഒമ്പതിൽ തോറ്റ ആ പയ്യൻ.
‘ഫുട്ബാൾ മൈ സോൾ’ എന്നാണ് ചാത്തുണ്ണി ആത്മകഥക്ക് പേരിട്ടത്. കളിക്കാരനെന്ന നിലയിൽ തേടിപ്പിടിക്കാൻ കഴിയാതെപോയതെല്ലാം പരിശീലകനിലൂടെ സ്വന്തമാക്കാൻ ശ്രമിച്ച ജീവിതം. 2022 ഏപ്രിലിൽ മലപ്പുറത്ത് സന്തോഷ് ട്രോഫി ഫുട്ബാൾ നടക്കുകയാണ്. ഇന്ത്യൻ ഫുട്ബാളിന്റെ തറവാട്ടുകാരെന്ന് വിശേഷിപ്പിക്കാവുന്ന ബംഗാളും മണിപ്പൂരും സെമി ഫൈനലിൽ ഏറ്റുമുട്ടുന്നു. ബംഗാൾ ഫുട്ബാൾ പ്രേമികൾക്കും താരങ്ങൾക്കും ചാത്തുണ്ണിയോട് വലിയ ആരാധനയാണ്. അദ്ദേഹത്തിന്റെ തന്ത്രങ്ങളിൽ അവർക്കിന്നും വിശ്വാസമുണ്ട്. ബംഗാൾ ടീമിന്റെ അഭ്യർഥനപ്രകാരം അനാരോഗ്യം അവഗണിച്ച് ചാത്തുണ്ണി അവരുടെ ക്യാംപിലെത്തി. അദ്ദേഹം മെനഞ്ഞുകൊടുത്ത തന്ത്രങ്ങൾകൂടി പ്രാവർത്തികമാക്കി ബംഗാൾ ടീം ഫൈനലിൽ. ആതിഥേയരായ കേരളവുമായി കലാശക്കളിയിൽ മുഖാമുഖം. ടൈബ്രേക്കറിലാണ് ബംഗാൾ കീഴടങ്ങിയത്.
അതിനുമുമ്പ് ഐ ലീഗ് ജേതാക്കളെ തീരുമാനിക്കുന്ന മത്സരത്തിന്‍റെ തലേന്ന് ഗോകുലം കേരള എഫ്.സി മാനേജ്മെൻറും ചാത്തുണ്ണിയെ ഇതുപോലെ ക്ഷണിച്ചിരുന്നു. കപ്പുമായാണ് ഗോകുലം മടങ്ങിയത്. മോഹൻ ബഗാൻ ടീമിനെ പരിശീലിപ്പിച്ച് ദേശീയ ലീഗ് ജേതാക്കളാക്കിയിട്ടുണ്ട് ചാത്തുണ്ണി. ‘ബാൾ ഭവൻ’ എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. ഇതിന് മൊത്തത്തിൽ ഫുട്ബാൾ ടച്ചാണ്. മരണശേഷം ചെയ്യേണ്ട കാര്യം ഒരിക്കൽ ‘മാധ്യമ’വുമായി സംസാരിക്കവെ ചാത്തുണ്ണി മാഷ് പങ്കുവെച്ചിരുന്നു: ‘‘മൃതദേഹം ചാലക്കുടിയിലെ മൈതാനത്ത് പൊതുദർശനത്തിന് വെക്കണം. റീത്തുമായി ആരും വരണ്ട. പകരം പന്ത് മതി.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.