നേരിട്ടത് 24 പെനാൽറ്റി കിക്കുകൾ, വലയിൽ കയറിയത് പകുതി മാ​ത്രം; പകരം വെക്കാനില്ലാത്ത എമി ബ്രില്ല്യൻസ്

ത്തർ ലോകകപ്പിൽ ലയണൽ മെസ്സിയുടെ നായകത്വത്തിൽ ഫ്രഞ്ചുകാരെ തോൽപിച്ച് അർജന്റീന കിരീടമുയർത്തുമ്പോൾ ഗോൾവലക്ക് മുന്നിലെ പോരാളിയായിരുന്നു ‘ദിബു’ എന്ന് ഓമനപ്പേരുള്ള എമിലിയാനോ മാർട്ടിനസ്. നെതർലാൻഡ്സിനെതിരായ ക്വാർട്ടർ ഫൈനലിലും ഫ്രാൻസിനെതിരായ ഫൈനലിലും കളി അധികസമയവും പിന്നിട്ട് ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ രക്ഷകന്റെ റോളിൽ അവനുണ്ടായിരുന്നു. ലോകകപ്പിന്റെ ഗോൾകീപ്പർ ആരെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലാതാക്കി ഗോൾഡർ ഗ്ലൗ പുരസ്കാരവും അർജന്റീനയുടെ കാവൽക്കാരനെ തേടിയെത്തി.

പെനാൽറ്റി കിക്കെടുക്കാനെത്തുന്ന എതിർ താരത്തിന്റെ മാനസിക സമ്മർദം ഉയർത്താനും അയാൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുമുള്ള എമിയുടെ ചില പൊടിക്കൈകൾ വിമർശനങ്ങളുയർത്തുകയും ഫിഫ നിയമത്തിൽ മാറ്റം വരുത്തുന്നതിലേക്ക് വരെ നയിക്കുകയും ചെയ്തെങ്കിലും അർജന്റീനക്കാർക്ക് അയാൾ എന്നും ഹീറോയായിരുന്നു.

ഗോൾവലക്ക് മുമ്പിലെ എമിയുടെ അസാധ്യ മെയ്‍വഴക്കത്തിന് കണക്കുകളും അടിവരയിടുന്നു. ഇതുവരെ 24 പെനാൽറ്റി കിക്കുകൾ നേരിട്ട താരം ഒമ്പതെണ്ണമാണ് തടഞ്ഞിട്ടത്. മൂന്നെണ്ണം എതിർ താരങ്ങൾ പാഴാക്കുകയും ചെയ്തു. 12 കിക്കുകൾ മാത്രമാണ് അയാളെ കടന്ന് പോസ്റ്റിനുള്ളിൽ കയറിയത്. എമി മുന്നിൽ നിൽക്കുമ്പോൾ പെനാൽറ്റി കിക്കുകൾക്ക് പകുതി ഗോൾസാധ്യതയേ ഉള്ളൂവെന്നർഥം.

2021ലെ കോപ അമേരിക്ക സെമിഫൈനലിൽ കൊളംബിയക്കെതിരായ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന കാവൽക്കാരന്റെ ബ്രില്ല്യൻസ് ലോകം അതിശയത്തോടെ നോക്കിനിന്നത്. അന്ന് മൂന്ന് കിക്കുകൾ തടഞ്ഞിട്ടപ്പോൾ അർജന്റീന 3-2ന് ജയിച്ചുകയറി. പിന്നീടായിരുന്നു ലോകകപ്പിലെ അസാമാന്യ പ്രകടനത്തിന് ലോകം സാക്ഷ്യം വഹിച്ചത്. നെതർലാൻഡ്സിനെതിരായ ക്വാർട്ടർ ഫൈനലിൽ രണ്ട് കിക്കുകൾ തടഞ്ഞപ്പോൾ ജയം 4-3നായിരുന്നു. ഫ്രാൻസിനെതിരായ ഫൈനലിൽ അധികസമയത്തിന്റെ അവസാന നിമിഷത്തിൽ ഫ്രാൻസിന്റെ ഉറച്ച ഗോൾ തട്ടിമാറ്റി മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയ എമി അതിൽ ഒരു കിക്ക് തടഞ്ഞിടുകയും മറ്റൊന്ന് എതിർ താരം പാഴാക്കുകയും ചെയ്തതോടെ 4-2ന് മത്സരം ജയിച്ച് മെസ്സിപ്പട കിരീടവും സ്വന്തമാക്കി.

2024ലെ കോപ അമേരിക്ക കിരീടം നിലനിർത്താൻ ഇറങ്ങിത്തിരിച്ച അർജന്റീന എക്വഡോറിനെതിരായ ക്വാർട്ടറിൽ നിശ്ചിത സമയത്ത് സമനിലയിൽ കുരുങ്ങി മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ അവരുടെ മുഴുവൻ പ്രതീക്ഷയും വല കാക്കാൻ എമിയുണ്ടെന്നതായിരുന്നു. അവർക്കായി ലയണൽ മെസ്സിയെടുത്ത ആദ്യ കിക്ക് ക്രോസ് ബാറിൽ തട്ടി അവിശ്വസനീയമായി ആകാശത്തേക്ക് പറന്നപ്പോൾ അടുത്ത രണ്ട് കിക്കും തടഞ്ഞിട്ടാണ് എമി പ്രതീക്ഷയിലേക്ക് തിരികെ കൊണ്ടുവന്നത്. 4-2ന് അർജന്റീന ജയിച്ചുകയറിയപ്പോൾ ഗോൾപോസ്റ്റിന് മുന്നിലെ അജയ്യനായ ആ പോരാളിയെ വീണ്ടും വാഴ്ത്തുകയാണ് കാൽപന്തു പ്രേമികൾ.

Tags:    
News Summary - Of the 24 penalty kicks faced, only half went into the net; Emi's brilliance is irreplaceable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-08 01:15 GMT